കുഞ്ഞു കുഞ്ഞിക്കാര്യങ്ങൾ

നസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത്, ആരോടും ഉത്തരം പറയാനില്ലാതെ, തികച്ചും സ്വതന്ത്രനായി ജീവിക്കുന്നതിന്റെ സുഖത്തെക്കുറിച്ച് മാത്രമായിരുന്നു മുപ്പത്തിരണ്ടു വയസ്സുവരെ ചിന്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഭാര്യയും കുട്ടികളും ചേർന്നൊരു കുടുംബജീവിതം മനസ്സിലുണ്ടായിരുന്നില്ല. ഈ ചിന്തകളെല്ലാം മാറിമറിഞ്ഞത് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ വിവാഹം കഴിഞ്ഞതോടെയാണ്. ഭാര്യ എന്നത് അത്ര വലിയ അസ്വാതന്ത്ര്യമാവില്ലെന്നും പരസ്പരം അനുഭവിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന മറ്റൊരു വിശാലമായ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാകാന്‍ ആ ബന്ധത്തിനു കഴിയുമെന്നും തിരിച്ചറിഞ്ഞത് പിന്നീടാണ്. അന്നുതൊട്ടിന്നോളം അതായി സുഖം.

ഏറെക്കുറെ എല്ലാ വിവാഹബന്ധങ്ങളിലും, സ്വതന്ത്രരായിരിക്കുന്നതിന്റെ സുഖത്തിനുവേണ്ടി മാറ്റിവെയ്ക്കപ്പെട്ടവയാണല്ലോ വിവാഹത്തിനുശേഷമുള്ള ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങള്‍. കുട്ടികള്‍ എന്നതും ഒരു പൊല്ലാപ്പായി തോന്നിയിരുന്നു. കുട്ടികളോടുള്ള അനിഷ്ടത്തേക്കാൾ ഏറെ, അതിനോട് ബന്ധപ്പെട്ട്, നൂറുകണക്കിനു തലവേദനകളും പ്രാരാബ്ധങ്ങളും ദൈനംദിന ആശങ്കകളും എങ്ങിനെ സഹിക്കും എന്നതായിരുന്നു ആശങ്ക. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒന്നുരണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാതിരുന്നതില്‍ നിരാശയോ, സങ്കടമോ ഒന്നും ഉണ്ടായിരുന്നില്ലെന്നുവേണം പറയാന്‍. പക്ഷേ, പതുക്കെപ്പതുക്കെ കുട്ടികളുണ്ടാകുന്നതുകൊണ്ട് വലിയ തെറ്റില്ല എന്നൊരു നിലപാടിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒന്നുരണ്ട് വൈദ്യപരിശോധനകളിൽ ബീജത്തിന്റെ അളവിൽ നേരിയ ഒരു കുറവ് കണ്ടതൊഴിച്ചാല്‍ മറ്റു ഗൗരവമുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതുമില്ല.

മൂന്നാമത്തെ വര്‍ഷത്തോടെ കാര്യങ്ങള്‍ക്കൊരു ചൂടും ഗൗരവവുമൊക്കെ വന്നു. ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും തുടങ്ങി. ഭാര്യയുടെ അണ്ഡാശയങ്ങളില്‍ ഒന്നില്‍ ചെറിയൊരു മുഴ വന്നതായി കണ്ടുപിടിച്ചു. ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരിപ്പെടുത്താമെന്ന് അവസാനം വരെ പറഞ്ഞ ഡോക്ടര്‍ അവസാന നിമിഷത്തിൽ ആരോടും മുന്‍‌കൂട്ടി പറയുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെ തുറന്ന ശസ്ത്രക്രിയ നടത്തി മുഴയുള്ള അണ്ഡാശയം മുറിച്ചുമാറ്റി. കുട്ടികളുണ്ടാവാനുള്ള സാധ്യത പകുതിയായി എന്ന് സാധാരണ ഭാഷയിലേക്ക് കാര്യത്തെ വിവര്‍ത്തനം ചെയ്യാം. ശരീരത്തിന്റെ അനന്തമായ സാധ്യതകള്‍ കൊണ്ട് രണ്ട് അണ്ഡാശയങ്ങളില്‍ ഒന്നില്‍ നിന്നുപോലും ജീവിതം മാറിമറിഞ്ഞേക്കാമെന്ന് ആശ്വസിച്ചു കാത്തിരുന്നെങ്കിലും കുട്ടി മാത്രം വന്നില്ല. ഭാര്യയ്ക്ക് വേവലാതി കൂടിത്തുടങ്ങി. പതുക്കെ മതി എന്നും, കുട്ടി വരുമ്പോഴേക്കും ചുറ്റുപാടുകളൊക്കെ കുറേക്കൂടി ഭേദമാക്കാന്‍ സമയം കിട്ടുമല്ലോ എന്നുമൊക്കെ ഭംഗിവാക്കുകൾ പറഞ്ഞും പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആശുപത്രി ഉടമസ്ഥനായ ഡോ.മുഹമ്മദ് അഷ്റഫിനെ കുറിച്ച് കേട്ടറിഞ്ഞു. ദുബായില്‍ എല്ലാ മാസത്തിലും ഒരാഴ്ച അദ്ദേഹം വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ചികിത്സ ആരംഭിച്ചു. മരുന്നുകളും സ്കാനിംഗും ഒക്കെയായി മൂന്നുകൊല്ലക്കാലം. മൂന്നു കൊല്ലം കഴിഞ്ഞുപോയതല്ലാതെ ഫലമൊന്നും കണ്ടില്ല. ഒടുവില്‍ ക്രാഫ്റ്റില്‍ വെച്ച് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പറഞ്ഞു. ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികളുടെ അടുത്ത ബന്ധുക്കളെ വിളിച്ച് ശസ്ത്രക്രിയ ചെയ്തതിന്റെ വീഡിയോ കാണിച്ച് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഒരു രീതി അദ്ദേഹത്തിനുണ്ടായിരുന്നു. സര്‍ജറി കഴിഞ്ഞ് മൂത്രം പോകാനുള്ള കുഴലുകളൊക്കെ ഇട്ട് കിടക്കുകയായതുകൊണ്ട് ഭാര്യയ്ക്ക് വരാന്‍ കഴിഞ്ഞില്ല. എന്നെ വിളിച്ച് ഡോക്ടര്‍ മുഹമ്മദ് ആ വീഡിയോ കാണിച്ചുതന്നു. ആദ്യത്തെ ശസ്ത്രക്രിയയുടെ അനന്തരഫലം കൊണ്ടോ എന്തോ മറുഭാഗത്തെ അണ്ഡാശയത്തിനകത്തും പശപ്പ് ബാധിച്ചിരുന്നു, ബീജത്തിന്‌ അകത്തേക്ക് പോകാന്‍ ആവാത്ത വിധത്തില്‍. ഒരു ചെറിയ വെൽഡിങ്ങ് കമ്പി പോലെയുള്ള ഒരു ഉപകരണം കൊണ്ട് അവയെ തമ്മില്‍ വിടുവിക്കുന്ന ശസ്ത്രക്രിയ ചെയ്തത് വിശദീകരിച്ച ഡോക്ടര്‍, ഒടുവില്‍ വിഷയത്തിലേക്ക് കടന്നു. സാധാരണ നിലയില്‍ ഗര്‍ഭം ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണെന്നും, മരുന്നും മറ്റുമായി വീണ്ടും നോക്കി, ഭാര്യ ഗർഭിണി ആയില്ലെങ്കിൽ അടുത്ത അവധിക്ക് നാട്ടിലെത്തുമ്പോള്‍ താത്പര്യമുണ്ടെങ്കില്‍ ‘ഇക്സി’ എന്ന മറ്റൊരു സാങ്കേതിക വിദ്യ പരീക്ഷിക്കാം എന്നും പറഞ്ഞു. തിരിച്ച് റൂമില്‍ പോയില്ല. പുറത്തിറങ്ങി ഒരു സിഗരറ്റിന് തീ കൊടുത്തു. കുട്ടികളുണ്ടാവില്ലെന്നുതന്നെയാണ് ഡോക്ടര്‍ പറഞ്ഞത് എന്ന് മനസ്സിനെ ബോദ്ധ്യപ്പെടുത്തി. കുട്ടികള്‍ സൊല്ലയാവും എന്ന് മുമ്പ് കരുതിയിരുന്ന എനിക്ക് കുട്ടികള്‍ ഉണ്ടാവാത്ത ഒരു അവസ്ഥ ഓര്‍ക്കാനേ ഇപ്പോള്‍ കഴിയുന്നില്ലല്ലോ എന്ന് സ്വയംതിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. ഭാര്യയോട് എന്തു പറയണമെന്ന് ആലോചിച്ച് പുകവിട്ട് കുറേനേരം വഴിയില്‍ക്കൂടി പോകുന്ന വാഹനങ്ങളുടെയും ആളുകളുടെയും കണക്കെടുത്ത് നിന്നു. ഒടുവില്‍ വീണ്ടും ഡോക്ടറെ പോയി കണ്ടു. ഒരു കാരണവശാലും ഈ കാര്യം ഭാര്യ അറിയരുതെന്ന് ശട്ടം കെട്ടി. പകുതി മനസ്സോടെയാണ് ഡോക്ടര്‍ അതിനു സമ്മതിച്ചത്. റൂമില്‍ പോയി, ‘ആറു മാസത്തിനകം ഫലം കാണും’ എന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് ഭാര്യയോട് നുണ പറഞ്ഞ് ആശ്വസിപ്പിച്ചു. എല്ലാം സാധാരണമട്ടിലാണെന്ന് വരുത്തിത്തീര്‍ത്തു. എന്നിട്ടും എന്തോ അവര്‍ക്കത് പൂര്‍ണ്ണ ബോദ്ധ്യമായിട്ടില്ലെന്ന് വെറുതെ ഒരു തോന്നലുണ്ടായി.

ഇടയ്ക്കിടയ്ക്ക് ഡോക്ടര്‍ പറഞ്ഞ കാര്യം ആലോചിക്കുമ്പോള്‍ എന്റെ ഉള്ളം പനിക്കാറുണ്ടായിരുന്നു. കുട്ടികള്‍ ഇല്ലാത്ത അവസ്ഥയെ നേരിടാൻ അപ്പോഴും എനിക്ക് സാധിക്കുമായിരുന്നു. പക്ഷേ ഭാര്യ അതിനെ എങ്ങിനെ നേരിടുമെന്നതായിരുന്നു എന്റെ ആധി. ആറു വര്‍ഷത്തിനകം അവര്‍ കുറേയധികം ബേജാറായിത്തുടങ്ങിയിരുന്നു. മനസ്സമാധാനത്തിനുവേണ്ടി അമ്പലങ്ങളില്‍ പോവുകയും വഴിപാടുകള്‍ നടത്തുകയുമൊക്കെ ചെയ്യുമ്പോഴും അവരുടെ കൂടെ അതില്‍ പങ്കെടുക്കാൻ മനസ്സ് വന്നതുമില്ല. എന്റെ വിശ്വാസങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നിട്ടും, ‘ഒരു നല്ല കാര്യത്തിന്‌’ കൂട്ടു വരാതിരുന്നതില്‍ അവര്‍ക്ക് ഒരുപക്ഷേ ചിലപ്പോള്‍ വിഷമം തോന്നിയിരിക്കണം. പുറത്തൊന്നും കാണിച്ചില്ലെങ്കിലും. കുട്ടിയെ കിട്ടാന്‍ വേണ്ടി എന്റെ ബോധ്യങ്ങള്‍ മാറ്റാന്‍ എനിക്കും സമ്മതമായിരുന്നില്ല. എന്നാലും കുട്ടികള്‍ ഇല്ലാത്ത ഒരു വീട് മടുപ്പുളവാക്കുമെന്നത് കലശലായി തോന്നിത്തുടങ്ങിയിരുന്നു. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളില്‍ പോവുമ്പോള്‍, വഴിയിൽ വെച്ച് അവരെ കാണുമ്പോള്‍, ഒക്കെ ഞാനും ഒരു കുട്ടിയുടെ അച്ഛനാകാറുണ്ടായിരുന്നു, ഇടയ്ക്കെങ്കിലും. സുഖകരമായ ഒരു സങ്കൽപ്പമായിരുന്നു അത്. അപ്പോഴും സ്വന്തം കുട്ടിയോട് പ്രത്യേകമായി തോന്നുന്ന സ്നേഹം എന്നത് ഒരു പിടികിട്ടാ സമസ്യയായിരുന്നു എനിക്ക്. ജൈവശാസ്ത്രപരമായ ഒരു യുക്തിയും അന്ന് എനിക്കതില്‍ തോന്നിയില്ല. ഇപ്പോഴും തോന്നുന്നുമില്ല. അവനവന്റെയായാലും ദത്തെടുത്തതായാലും കുട്ടികളെ സ്നേഹിക്കാന് കഴിയുന്ന ഒരു മെക്കാനിസം മനുഷ്യരില്‍ പ്രകൃതിയും ജീനുകളും സ്വാഭാവികമായി തന്നെ ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ. ചിലപ്പോള്‍ നമ്മളത് തിരിച്ചറിയുന്നില്ലെന്നു മാത്രം. തൊട്ടിലില്‍ നമ്മെ നോക്കി പല്ലില്ലാത്ത മോണകള്‍ കാട്ടി ചിരിച്ചുകിടക്കുന്ന, അഥവാ, വിരലുകള്‍ സ്വയം നൊട്ടിനുണച്ച് കണ്ണുകള്‍ മുറുക്കിയടച്ച്, ഉറക്കത്തില്‍ എന്തോ കണ്ട് ചിരിക്കുകയും കരയുകയും ചെയ്യുന്ന ആ ആള്‍ നമ്മുടെയായാലെന്ത്, ദത്തെടുത്ത് സ്വന്തമാക്കിയതായാലെന്ത്, അതിനെ എങ്ങിനെ ഒരു മനുഷ്യജീവിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയും? അതില്‍ ജൈവശാസ്ത്രപരമായ സ്വാര്‍ത്ഥചിന്തയ്ക്ക് എവിടെയാണിടം? സ്വന്തം കുഞ്ഞിനോടുള്ള സ്നേഹം, സ്വന്തം പ്രതിച്ഛായയോടുള്ള ഒരു കമ്പമെന്നതില്‍ കവിഞ്ഞ് മറ്റെന്താണ്?

ആ ചിന്തകള്‍ ഭാര്യയിലേക്കും സമയം കിട്ടുമ്പോഴെല്ലാം കടത്തിവിടാന്‍ ഞാൻ ശ്രമിച്ചിരുന്നു. കുറേയൊക്കെ അതിനോട് യോജിക്കുമെങ്കിലും അവസാനം അവര്‍ ‘സ്വന്തം കുട്ടി’ എന്ന ആ പരമ്പരാഗത വിശ്വാസ ലാവണത്തിലേക്ക് മടങ്ങും. അതിനെ തെറ്റെന്ന് പറയാന്‍ ഞാനും ശ്രമിച്ചില്ല. എന്നെ സംബന്ധിച്ചുമാത്രമായിരിക്കും അത് തെറ്റ്. അവര്‍ക്കത് അവരുടെ ശരിയായിക്കൂടെന്നില്ലല്ലോ. അവരുടെ ഭാഗത്തുനിന്ന് അതിനെ കാണാന്‍ ഞാന് ശ്രമിച്ചു. ദത്തെടുത്തതിനുശേഷം കുട്ടികളുണ്ടായാല്‍, ആദ്യത്തെ ആളോട് കാലക്രമത്തില്‍ നീതി പുലർത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്നതായിരുന്നു അവരുടെ മറ്റൊരു ആശങ്ക. ദത്തെടുക്കുകയാണെങ്കില്‍ തന്നെ കുറച്ചുകാലം കൂടി കഴിഞ്ഞിട്ട് പലവട്ടം ആലോചിച്ചിട്ടു മതി എന്ന് അവര്‍ പറഞ്ഞു. അപ്പോഴും പൂര്‍ണ്ണമായി സമ്മതിച്ചില്ലെങ്കില്‍ തന്നെ എതിര്‍ക്കാൻ പോയില്ല. ഞാന്‍ എന്ന ‘ജ്യോതിഷി’യുടെ പൊട്ട പ്രവചനം ഫലിച്ചു. രണ്ടായിരാമാണ്ട് ഡിസംബറില്‍ ഭാര്യയ്ക്ക് ‘കുളി തെറ്റി’. അടുത്തുള്ള ഡോക്ടറെ കണ്ട് ഉറപ്പിച്ചു. തിരിച്ചു വീട്ടില്‍ വന്ന രാത്രി ലേശം സേവിച്ച് ആദ്യം ഉള്ളിനെ ഒന്ന് തണുപ്പിച്ചു. പിന്നീട്, ആറു മാസമായി ഒളിപ്പിച്ചുവെച്ച ആ രഹസ്യം ഭാര്യയോട് പറഞ്ഞു. അവര്‍ കുറേ കരയുകയും പരിഭവിക്കുകയും ചെയ്തു. ഒറ്റയ്ക്ക് ആ രഹസ്യം ചുമന്നതിന്. ശരിയായിരുന്നു എന്നു തോന്നി. അവരെ അറിയിച്ചിരുന്നെങ്കില്‍ എന്തുണ്ടാകാനാണ്‌? ആദ്യം കേൾക്കുമ്പോള്‍ ഒരുപക്ഷേ അതവരെ തകര്‍ത്തേക്കാമെങ്കിലും അതുമായി അവര്‍ പൊരുത്തപ്പെടുക തന്നെ ചെയ്യുമായിരുന്നില്ലേ? അങ്ങിനെയല്ലേ മനുഷ്യര്‍ ജീവിതവുമായി സമരം ചെയ്യുന്നതും സന്ധിചെയ്യുന്നതും. പൊരുത്തപ്പെടുമായിരിക്കും. പക്ഷേ, അന്ന് അതു പറയാനല്ല തോന്നിയത് എന്നു മാത്രം.

രണ്ടായിരത്തി ഒന്ന് സെപ്തംബറില്‍ മകനുണ്ടായി. പിന്നെ അവനും കൂടി ചേര്‍ന്നതായി ജീവിതം. ഇപ്പോഴും അവനെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, രക്തത്തില്‍ പിറന്നതിന്റെ സ്നേഹവും ബന്ധവുമാണോ എനിക്കവനോടുള്ളത് എന്ന്. എന്റെയും ഭാര്യയുടെയും ഛായയും പ്രകൃതവുമൊക്കെ കൂടിയും കുറഞ്ഞും ചിലപ്പോള്‍ അവനിൽ കാണുമ്പോള്‍ ഞാനോർക്കുക, രക്തബന്ധത്തെപ്പറ്റിയല്ല. ജീവിതത്തിന്റെ നൈരന്തര്യത്തെക്കുറിച്ചാണ്. അതിനേക്കാള്‍ കൂടുതലായി, എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ഉള്ള ഒരാളുടെ അസ്തിത്വത്തെക്കുറിച്ചാണ്. അനപത്യം എന്നത് ഒരു പാപ-ദോഷ ഫലമാണെന്ന് പഠിപ്പിക്കുന്നതിന്റെ പ്രത്യയശാസ്ത്രത്തിന്റെ പിന്നിലുള്ളത് ആത്യന്തികമായി സ്ത്രീവിരുദ്ധതയാണ്‌, അതു മാത്രമാണ്‌. ആ പ്രത്യയശാസ്ത്രമനുസരിച്ച്, പുരുഷനല്ല. സ്ത്രീയാണ് പ്രതി. വന്ധ്യത അവരുടെ മാത്രം തെറ്റും ശാപവുമാണ്. സ്ത്രീ എന്നത് പുരുഷന്റെ ബീജവാഹനമാണെന്നും സന്താനോത്പാദനമെന്ന കർത്തവ്യത്തിനു മാത്രം നിയോഗിക്കപ്പെട്ട വെറും ശരീരമാണെന്നുമുള്ള പാഠമാണ് ‘അനപത്യദോഷ’ത്തിന്റെ പ്രചാരകര്‍ സമൂഹത്തില്‍ വളര്‍ത്തുന്നത്. കുട്ടികളില്ലാത്തവരുടെ ദു:ഖത്തിന്റെ പിന്നില്‍ അബോധമായി കിടക്കുന്നത് ആ പഴയ പാഠമാണ്. സന്താനലബ്ധി എന്നത് അതുകൊണ്ടുതന്നെ, പുരുഷന്റേതിനേക്കാളേറെ, ‘സ്ത്രീ ജന്മത്തിന്റെ പരിപൂര്‍ണ്ണത’യുമായി ബന്ധപ്പെട്ട് കിടക്കുന്ന സങ്കല്‍‌പ്പമായി മാറിയിരിക്കുന്നു. ഷണ്ഡന്‍ എന്ന തിരസ്ക്കൃതനേക്കാള്‍ തിരസ്ക്കൃതയാണ്‌ വന്ധ്യയായ ഒരു സ്ത്രീ. ചരിത്രത്തിലും സമൂഹത്തിന്റെ കണ്ണിലും.

വന്ധ്യത തെറ്റോ പാപമോ നിര്‍ഭാഗ്യമോ പോലും അല്ല. അത് ഒരു യന്ത്രത്തകരാറ് മാത്രമാണ്‌. സ്വന്തം കുട്ടികളെയല്ലാതെ മറ്റാരെയും അംഗീകരിക്കാനോ സ്വീകരിക്കാനോ കഴിയാതെ പോകുന്ന മനസ്സുകളാണ്‌ തീര്‍ത്തും വന്ധ്യം, ഒരു ചികിത്സയ്ക്കും ശരിപ്പെടുത്താനാകാത്തത്. നമ്മള്‍ സൃഷ്ടിക്കുന്നത് സ്വന്തം രക്തത്തിലെ കുട്ടികളെയല്ല, നമ്മളില്‍ നിന്നുതന്നെ പരിപൂര്‍ണ്ണ സ്വതന്ത്രരായ പുതിയൊരു സമൂഹത്തെയാണ്‌. ദത്തെടുക്കുന്നതില്‍ പോലും ജീവകാരുണ്യമോ ചാരിറ്റിയോ ഇല്ല. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് അതൊരു സാമൂഹിക ദൗത്യമാണ്‌.


16677_10152598795194525_3656413635096605353_nരാജീവ് ചേലനാട്ട്. 1962-ല്‍ ജനനം. സ്വദേശം, പാലക്കട്ട്, വെള്ളിനേഴിയില്‍. പത്രപ്രവര്‍ത്തനത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും പിജി ഡിപ്ലോമ. ഇപ്പോള്‍ ഇറാഖിലെ, ബസ്രയില്‍ ഒരു എണ്ണകമ്പനിയില്‍ ജോലി ചെയ്യുന്നു. 2005-മുതല്‍ ബ്ലോഗ്ഗിലും ഓണ്‍ലൈന്‍ ആനുകാലികങ്ങളിലും എഴുതിവരുന്നു. ഭാര്യ ആശ. പാലക്കാട്ട് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപിക. മകന്‍ മനു വിദ്യാര്‍ത്ഥി.

Rajeeve Chelanat. Born on 1962. Native of Vellinezhi, Palakkad. PG Diploma in Journalism & Mass Communication. Presently working in an oil company in Basra, Iraq. Blogger since 2005 and frequently writes in online magazines. Wife, Asha, government school teacher in Palakkad and Manu, son, student.


Cover Image Copyrights – Daniel Lobo

Leave a Comment