ട്ടുമിക്ക മലയാളികൾക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും മസാലദോശ. പുറത്ത് പോയി എന്ത് ഭക്ഷണം കഴിക്കും എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ ഒന്ന് മസാലദോശയായിരിക്കും മിക്കവാറും. എന്നാപ്പിന്നെ നമുക്കൊന്ന് മസാലദോശയുണ്ടാക്കി നോക്കാം. മസാലദോശ ഉണ്ടാക്കും മുമ്പ്, ആദ്യമായി മസാലദോശ കഴിച്ചതും ഒക്കെ ചേർത്ത് രണ്ട് വരി കഥ കൂടെ ആവാംല്ലേ?

ഉമ്മാടെ ഇഷ്ടങ്ങൾ വളരെ കുറവാണ്. അവയാണെങ്കിൽ അപൂർവ്വമായേ പ്രകടിപ്പിക്കുന്നത് കണ്ടിട്ടുമുള്ളൂ. അങ്ങിനത്തെ ഇഷ്ടങ്ങളിൽപ്പെടുന്ന ഒന്നാണ് മസാലദോശ

ആദ്യായിട്ട് മസാലദോശ കഴിക്കുന്നത് എന്റെ പതിനഞ്ചാം വയസ്സിലാണ്. ഇത്രയും വ്യക്തമായി ഓർക്കാൻ കാരണം, എസ് എസ് സി പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയത്താണ് വല്ലിമ്മാനെ (ഉപ്പാടെ ഉമ്മാനെ) തൃശ്ശൂരിലെ റെയിൽവേ ഓവർ ബ്രിഡ്ജിനടുത്തുള്ള വിജയശ്രീ ഐ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. പരീക്ഷയിൽ ജയിക്കില്ലേ എന്ന ഒരു നഴ്സിന്റെ ചോദ്യത്തിന് മിക്കതും ജയിക്കും എന്ന് മറുപടി പറഞ്ഞപ്പോൾ, മിക്കതും എന്നല്ല ജയിക്കും എന്നുറപ്പിച്ച് പറയാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അങ്ങിനെ ഹോസ്പിറ്റലിൽ വല്ലിമ്മാടെ കൂടെ നിൽക്കുന്ന ഉമ്മാക്കും എനിക്കും പിന്നെ അനിയനും കഴിക്കാൻ വേണ്ടിയാണ് ആദ്യായിട്ട് മസാലദോശ വാങ്ങിക്കുന്നത്. ഉമ്മയാണ് മസാലദോശ വാങ്ങിച്ചോളാൻ പറഞ്ഞതും. അങ്ങിനെ അന്നാണ് ഞാൻ ആദ്യായിട്ട് മസാലദോശ കഴിക്കുന്നതും ഉമ്മാക്ക് മസാലദോശയോടുള്ള ഇഷ്ടം മനസ്സിലാവുന്നതും.

ഉമ്മാടെ ഇഷ്ടങ്ങൾ വളരെ കുറവാണ്. അവയാണെങ്കിൽ അപൂർവ്വമായേ പ്രകടിപ്പിക്കുന്നത് കണ്ടിട്ടുമുള്ളൂ. അങ്ങിനത്തെ ഇഷ്ടങ്ങളിൽപ്പെടുന്ന ഒന്നാണ് മസാലദോശ. പിന്നൊന്ന് പരിപ്പ് വട കഴിക്കാനുള്ള ഇഷ്ടം. ഇതറിയുന്നതോണ്ട് നാട്ടിൽ പോയാൽ ഒരിക്കലെങ്കിലും ഞാൻ ഇവയൊക്കെ വാങ്ങിക്കൊണ്ട് ചെല്ലാറുണ്ട്. മുറുക്കാൻ തിന്ന് തിന്ന് പല്ലൊക്കെ ഇളകിയെങ്കിലും എങ്ങിനെയെങ്കിലുമൊക്കെ പരിപ്പ് വട തിന്നും.

ചിത്രം2 - മസാല ദോശ മൊരിക്കുന്നു. കടപ്പാട്: ലേഖകൻ

ചിത്രം2 – മസാല ദോശ മൊരിക്കുന്നു. കടപ്പാട്: ലേഖകൻ

രണ്ടായിരത്തിയഞ്ചിലെ വെക്കേഷനു നാട്ടിൽ പോയി, ഇരട്ട അനിയന്മാർക്ക് കല്യാണാലോചനയുമായി കേച്ചേരിയിൽ ഇരട്ടപെൺകുട്ടികളെ കണ്ട് വരുമ്പോഴാണ് എന്നാ പിന്നെ തൃശ്ശൂർക്ക് പോവ്വാന്ന് വെച്ചത്. അങ്ങിനെ തൃശ്ശൂരിൽ പോയി സഫയർ റെസ്റ്റോറന്റിൽ നിന്ന് ബിരിയാണി കഴിച്ചത്. അവിടുന്ന് മടങ്ങുമ്പോഴാണ് ഉമ്മ കാറിൽ വെച്ച് പറയുന്നത്… കൊറേ കാലായിട്ടുള്ള ഒരു പൂതിയായിരുന്നു ഹോട്ടലീന്ന് ബിരിയാണി കഴിക്കണം എന്നുള്ളത്. എനിക്കത് കേട്ട് ഭയങ്കര സങ്കടം വന്ന്. ബിരിയാണി കഴിക്കണം എന്നുള്ളതല്ല ഉമ്മാടെ പൂതി. അത് പുറത്ത് ഹോട്ടലിൽ നിന്ന് കഴിക്കണം എന്നുള്ള ആഗ്രഹം, അത് ആർക്കും ഒരു ബാധ്യത ആവരുതെന്ന് കരുതി പറയാതിരുന്നു ഇത്രയും കാലം! അങ്ങിനെയാണുമ്മ. ആരേം ബുദ്ധിമുട്ടിക്കാൻ ഇഷ്ടമില്ല.

അതുപോലെ, ഉമ്മാടെ മറ്റൊരു ഭയങ്കര ഇഷ്ടമാണ് കടൽ കാണാൻ പോവൽ. കടൽ കാണാൻ പോയാൽ എല്ലാം മറന്ന് കൊച്ച് കുട്ടിയെപ്പോലെ കടലിലേക്ക് തന്നെ നോക്കി നിൽക്കുന്ന ഉമ്മാനെ കാണാൻ തന്നെ രസമാണ്. കൂട്ടത്തിൽ ഏറ്റവും അവസാനം കടപ്പുറത്ത് നിന്നും തിരിച്ച് നടക്കുന്നത് ഉമ്മയായിരിക്കും. നാട്ടിൽ പോയാൽ ഒരിക്കലെങ്കിലും ഉമ്മാനേയും കൊണ്ട് കടൽ കാണാനും പോവാറുണ്ട്. കടലിനേക്കാളും, കടൽ കാണുന്ന ഉമ്മാനെ നോക്കി നിക്കാറുണ്ട് 🙂

ഇത്രയും കുഞ്ഞ് കുഞ്ഞ് ഇഷ്ടങ്ങളേ ഉമ്മാടേതായി കണ്ടിട്ടുള്ളൂ. അപ്പോ ഉമ്മാടെ ഒരിഷ്ടമായ മസാലദോശ ഉണ്ടാക്കാം നമുക്ക്. ഇതുവരെ കഴിച്ചിട്ടുള്ള മസാലദോശകളിലെ മസാലകളിൽ എനിക്ക് വളരെ ഇഷ്ടമുള്ളത്, ദോശമാവിന്റെ കൂട്ടല്ല. പക്ഷെ അതിലെ മസാല എന്റെ ഭാര്യ ഉണ്ടാക്കുന്നതാണ്. വളരെ ലളിതമായി ഉണ്ടാക്കുന്ന മസാല. അതിനെ ഞാൻ കോപ്പിയടിക്കുന്നു. വിത്ത് ഹെർ പെർമിഷൻ ആൻഡ് അനുഗ്രഹം 🙂

ആദ്യം ദോശയ്ക്കുള്ള മാവ് ഉണ്ടാക്കാം.

ദോശ അരി (ദോശക്ക് അരക്കാൻ എടുക്കുന്ന അരി) – ഒരു കപ്പ്

ഉഴുന്ന് പരിപ്പ് – അര കപ്പ്

ചോറ് – അര കപ്പ്

ആദ്യം ഉഴുന്ന് നന്നായി മയത്തിൽ അരച്ച് മാറ്റി വെക്കുക. പിന്നെ ദോശയരിയും ചോറും കൂടെ നന്നായി അരക്കുക. പിന്നീട് രണ്ടും കൂടെ നന്നായി മിക്സ് ചെയ്യുക. എന്നിട്ട് മാറ്റി വെക്കുക. എട്ട് മണിക്കൂറിനു ശേഷം ദോശ ചുട്ട് തുടങ്ങാവുന്നതാണ്. ചുട്ട് തുടങ്ങും മുമ്പ് മാത്രം ആവശ്യത്തിന് ഉപ്പ് ചേർത്താൽ മതിയാവും. ദോശക്കല്ല് നല്ലോണം ചൂടായതിനു ശേഷം. കല്ലിൽ വെള്ളം മാത്രം തൂവുക. എണ്ണയോ നെയ്യോ ചേർക്കരുത്. ദോശ മൊരിഞ്ഞ് വരുമ്പോൾ മുകളിൽ കുറച്ച് നെയ്യോ നല്ലെണ്ണയോ പുരട്ടിക്കൊടുക്കാം.

ഇനി മസാല ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് – 1 വലുത് (കഷ്ണങ്ങളാക്കിയത്)

കാരറ്റ് – 1 ചെറുത് (കഷ്ണങ്ങളാക്കിയത്)

പച്ചമുളക് – 2 (അരിഞ്ഞത്)

ഇഞ്ചി – ഒരു ചെറിയ കഷ്ണം (കൊത്തിയരിഞ്ഞത്)

സബോള (സവാള) – 1 ചെറുത് (നുറുക്കിയത്)

മഞ്ഞൾ പൊടി – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

ചിത്രം3 - മസാല ദോശ. കടപ്പാട്: ലേഖകൻ

ചിത്രം3 – മസാല ദോശ. കടപ്പാട്: ലേഖകൻ

ഇത്രയും സംഗതികൾ ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് കുക്കറിലിട്ട് ഒരു വിസിൽ വന്നാൽ ഓഫ് ചെയ്യുക. ആവി പോയതിന് ശേഷം തുറന്ന് നോക്കി അതിലുള്ള വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് മല്ലിച്ചപ്പ് അരിഞ്ഞിടുക. പിന്നെ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് അതിലേക്ക് ചേർക്കുക. മസാലയും റെഡി. ദോശയുടെ നടുവിൽ വെച്ച് ചുരുട്ടി ചട്ണിയും സാമ്പാറും കൂട്ടി കഴിച്ച് തുടങ്ങാം 🙂


12508897_1122453327788774_8136345424997922857_nമുസ്തഫ മുഹമ്മദ് | Musthapha Mohamed

Leave a Comment