ഭഗവതിക്കാവുകളിലെ പടയണിക്കാലങ്ങൾ

്രകൃതിയും മനുഷ്യനും ഒന്നായിരുന്ന, രക്തവും ലഹരിയും ബലിനല്‍കി പ്രപഞ്ചശക്തികളെ പ്രീതിപ്പെടുത്തിയിരുന്ന പ്രാക്തന ദൈവസങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ് പടേനിയെന്ന പടയണി. മദ്ധ്യതിരുവിതാം‌കൂറിലെ ഭഗവതിക്കാവുകളില്‍ വര്‍ഷം തോറും കരകളൊന്നാകെ ഒരു മനസ്സായി നടത്തിവരുന്ന അനുഷ്ഠാനമഹോത്സവമാണിത്. പടയണിയ്ക്ക് യുദ്ധമെന്ന അര്‍ത്ഥം വരുമെങ്കിലും തിന്മകളുടെ അന്ധകാരത്തെ ആട്ടിപ്പുറത്താക്കി ആന്തരിക ശുദ്ധിവരുത്തുകയാണ് ഓരോ പടയണിക്കാലവും. ആദിമസംസ്കൃതിയുടെ സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അനുഭവങ്ങളും ഇഴചേര്‍ന്ന പടയണിപ്പാട്ടിനും താളത്തിനുമൊപ്പിച്ച് ചൂട്ടുവെട്ടത്തില്‍ ഇരുട്ടിനെയകറ്റി കോലങ്ങള്‍ തുള്ളിയാടുമ്പോള്‍ മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാകുന്നു എന്നാണ് സങ്കല്‍പ്പം.

ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതെ സംഹാരരൂപം പൂണ്ടുനിന്ന കാളിയെ, പരമശിവന്റെ ഭൂതഗണങ്ങൾ വാദ്യമേളങ്ങളും തുള്ളലും ഹാസ്യ സംവാദങ്ങളും നടത്തി ശാന്തയാക്കുകയും അതോടെ നാശത്തിന്റെ നടുങ്ങൽ നീങ്ങി സമൂഹത്തിൽ നന്മയുടെ പ്രകാശം പരന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പിൽക്കാലത്ത് നാടിന്റെ നന്മയ്ക്കായി നാട്ടുകൂട്ടങ്ങൾ പച്ചത്തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കി കോലംകെട്ടി നൃത്തമാടൽ ആരംഭിച്ചു എന്നാണ്‌ ഐതിഹ്യം. അങ്ങനെ കരനാഥന്മാരുടെ തണലിൽ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി.

കാളിപ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ് പടയണിയെങ്കിലും ആത്യന്തികമായി അതിന്റെ ലക്ഷ്യം സമൂഹ നന്മയാണ്‌. ദാരികനാകുന്ന തിന്മയെ ജയിച്ച, വെളിച്ചമായി കാളുന്നവളാണ് കാളി. തള്ളയായി ഉലകം നിറഞ്ഞവൾ. സര്‍വ്വസാരങ്ങളും അറിയുന്നവൾ. പടയണിപ്പാട്ടിൽ സ്ത്രീശക്തിയുടെ തീവ്രവര്‍ണ്ണനയാലാണ് കാളിയെ വരച്ചുകാട്ടിയിരിക്കുന്നത്. വാളും ഒരു കൈയ്യിൽ വട്ടകയുമായി വട്ടമൊത്ത മുടിക്കു മേൽ നാഗങ്ങളെയണിഞ്ഞ്, പട്ടുടുത്ത്, ഉടഞാണായ് പാമ്പുകളെ ധരിച്ച്, കാതിൽ ആനയേയും ആടയാഭരണങ്ങളുമണിഞ്ഞ്, ചന്ദനക്കുറിയിട്ട് അതിന്റെ നടുവിൽ ചാന്തും, മാറിൽ കുന്നുപോലിളകുന്ന പോര്‍മുലയുമായി ദാരികനിഗ്രഹത്തിനായി വേതാളത്തിന് മേലേറി നീലപര്‍വ്വതം ഇളകിവരുന്നതുപോലെ കാളിയെത്തുന്നു. മേഘജാലങ്ങളിൽ തലമുട്ടുമെന്ന് ഭയന്ന് മുട്ടുകുത്തിനടക്കുന്ന ഭീമാകാരയായ ശങ്കരി. തട്ടുകൊണ്ട് നിലത്തുവീണ ദാരികനെ ഉടൽ പൊട്ടുമാറ് ചവിട്ടി മടികൂടാതെ തല വെട്ടിയുരുട്ടിയവൾ. തിന്മയുടെ സങ്കല്‍പ്പത്തെ പൊള്ളിക്കുമാറ് ജ്വലിക്കുന്നവൾ. ആദിമസംസ്കൃതിയുടെ സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും അനുഭവങ്ങളും ഇഴചേര്‍ന്ന പാട്ടിനും താളത്തിനുമൊപ്പിച്ച് ചൂട്ടുവെളിച്ചത്തിൽ ഇരുട്ടിനെയകറ്റി കോലങ്ങൾ തുള്ളിയാടുമ്പോൾ മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാകുന്നു എന്നാണ് സങ്കല്‍പ്പം.

പ്രാചീനകാലത്തെ ഗണക സമുദായക്കാർ പ്രേതബാധയൊഴിപ്പിക്കാനായി ആചരിച്ചിരുന്നതിന് സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണ് പടയണി ഉത്ഭവിച്ചതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. മതാചാരപ്രകാരം അനുഷ്ഠിച്ചു പോന്നിരുന്ന ഇതിൽ പിണിയാൾ എന്നു വിളിക്കുന്ന, പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗിയെ കോലങ്ങൾ ധരിച്ച നര്‍ത്തകരുടെ മദ്ധ്യേ ഇരുത്തി കോലം തുള്ളിക്കുകയാണ് ചെയ്തിരുന്നത്. ഇന്നും കോലം തുള്ളലിൽ ഗണക സമുദായത്തിനുള്ള പ്രാധാന്യം ഈ കലാരൂപം ഗണകരുടെ കോലം തുള്ളലിൽ നിന്ന് രൂപം കൊണ്ടതാണെന്നതിന് തെളിവായി ഗവേഷകർ കരുതുന്നു.

ദാരിക നിഗ്രഹത്തിന്‌ ശേഷം കലി ശമിക്കാതെ സംഹാരരൂപം പൂണ്ടുനിന്ന കാളിയെ, പരമശിവന്റെ ഭൂതഗണങ്ങൾ വാദ്യമേളങ്ങളും തുള്ളലും ഹാസ്യ സംവാദങ്ങളും നടത്തി ശാന്തയാക്കുകയും അതൊടെ നാശത്തിന്റെ നടുങ്ങൽ നീങ്ങി സമൂഹത്തിൽ നന്മയുടെ പ്രകാശം പരന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. പിൽക്കാലത്ത് നാടിന്റെ നന്മയ്ക്കായി നാട്ടുകൂട്ടങ്ങൾ പച്ചത്തപ്പുകൊട്ടി ദേവിയെ വിളിച്ചിറക്കി കോലംകെട്ടി നൃത്തമാടൽ ആരംഭിച്ചു എന്നാണ്‌ ഐതിഹ്യം. അങ്ങനെ കരനാഥന്മാരുടെ തണലിൽ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി

പുറം ചെത്തിയെടുത്ത കമുകിൻ‌പാളയിൽ പ്രകൃതിയിൽ നിന്നും അപ്പപ്പോൾ ശേഖരിക്കുന്ന സ്വാഭാവിക നിറങ്ങൾ കൊണ്ടെഴുതി, അവ പച്ച ഈര്‍ക്കിൽ കൊണ്ട് കൂട്ടിയോജിപ്പിച്ച്, കുരുത്തോലയാൽ അലങ്കരിച്ചാണ് കോലങ്ങൾ തയ്യാറാക്കുന്നത്. ചെങ്കല്ലും കരിയും ചണ്ണയ്ക്കാമഞ്ഞയും പാളയുടെ പച്ചയും വെള്ളയും അടക്കം അഞ്ചു നിറങ്ങളാണു കോലങ്ങള്‍ക്കുള്ളത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് അഞ്ചു നിറങ്ങൾ. കറുപ്പ് ആകാശത്തെയും, പച്ച വായുവിനെയും, ചുവപ്പ് അഗ്നിയെയും, വെളുപ്പ് ജലത്തെയും, മഞ്ഞ ഭൂമിയെയുമാണ് സൂചിപ്പിക്കുന്നത്. പഞ്ചഭൂതാത്മകമാണു പ്രകൃതി എന്ന തത്വമാണ് ഇതിനാധാരം.

ഓരോ കരകളിലെയും പടയണിക്ക് തനതും വ്യത്യസ്തവുമായ ശൈലികളാണുള്ളത്. അനുഷ്ഠാനങ്ങളിലും നടത്തിപ്പുരീതികളിലും, ദിവസങ്ങളുടെ ദൈര്‍ഘ്യത്തിലും ഓരോ സ്ഥലങ്ങളിലും വ്യത്യാസമുണ്ടാകും. ദുര്‍ന്നിമിത്തങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പടയണിയിൽ അവയ്ക്ക് കാരണമാകുന്ന ദുര്‍ദ്ദേവതകളുടെ കോലം കെട്ടിയാടുന്നത്. ഒരേ സമയം രോഗകാരിണികളും രോഗനിവാരിണികളുമായ ഇവരെ പ്രീതിപ്പെടുത്തുന്നതിലൂടെ കരയ്ക്കും കരവാസികള്‍ക്കും ഐശ്വര്യമുണ്ടാവുമെന്നാണ് വിശ്വാസം.

പിശാച്, കാലന്‍, മാടൻ, കുതിര, ദേവത, ഭൈരവി, അന്തര യക്ഷി, സുന്ദരയക്ഷി, അരക്കിയക്ഷി, കാലയക്ഷി, മായയക്ഷി, അംബരയക്ഷി, മറുത, പക്ഷി, എന്നിവയാണ് പടയണിയിലെ പ്രധാന കോലങ്ങൾ. ഭൈരവിക്കോലത്തിന് നൂറ്റൊന്ന് പാളകളാണ് ഉപയോഗിക്കുക. പിശാച്, മറുത തുടങ്ങിയ കോലങ്ങൾ മുഖാവരണങ്ങളാണ്. അന്തരയക്ഷി, കാലൻ തുടങ്ങിയവ കിരീട മാതൃകയിലും.

താവടി, പുലവൃത്തം, പരദേശി, അടവി തുടങ്ങിയവയാണ് പടയണിയിലെ ചടങ്ങുകൾ. തപ്പുകൊട്ടലിന്‌ ശേഷം വെളിച്ചപ്പാടെത്തുന്നതോടെ താവടി അരങ്ങേറുന്നു. നേര്‍ത്താവടി എന്നും പന്നത്താവടി എന്നും അറിയപ്പെടുന്ന രണ്ട്‌ വിഭാഗങ്ങളാണുള്ളത്‌. താരതമ്യേന പരിഷ്കൃത വേഷമാണ്‌ നേര്‍ത്താവടിയിൽ ഉപയോഗിക്കുക. വേഷങ്ങളുടെ അപരിഷ്കൃതത്വമാണ്‌ പന്നത്താവടിക്ക്‌ ആ പേരുവരാൻ കാരണം. കൊയ്ത്ത്‌, കറ്റ മെതിക്കൽ, പൊലിയളക്കൽ, തടുത്തു കൂട്ടൽ, പൊലിയുണക്കൽ, വീശിയൊരുക്കൽ തുടങ്ങിയ കാര്‍ഷിക വൃത്തികളോട്‌ അനുബന്ധിച്ച ചലനക്രമങ്ങളോടു കൂടിയ തുള്ളലാണ്‌ പുലവൃത്തം. കാവിലേത്‌ കാർഷിക ദേവതയാണ്‌.ഈ ഭാവത്തിന്‌ പ്രാധാന്യം നൽകിയുള്ള പാട്ടുകളാണ്‌ പുലവൃത്തത്തിൽ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളെയും വികാസങ്ങളെയും വീക്ഷിക്കുകയും ഹാസ്യഭാവത്തോടെ വിലയിരുത്തുകയും ചെയ്യുന്ന വിനോദമാണ്‌ പരദേശി. പടയണിയിലെ അതിപ്രധാനമായ ഒരു ചടങ്ങാണ്‌ അടവി. ദാരികാസുര വധത്തെ പ്രകീര്‍ത്തിക്കുന്ന പാട്ടോടുകൂടിയ പുലവൃത്തം തുള്ളൽ അടവി ദിവസം നിര്‍ബന്ധമാണ്‌. അഗ്നിക്കിരയാകുന്ന വനത്തെ പുനര്‍സൃഷ്ടിക്കുന്നതിലൂടെ സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിനായി വനങ്ങളെയും ആ വിധം പ്രകൃതിയെയും സംരക്ഷിക്കണമെന്ന സന്ദേശം കൂടിയാണ് നൽകുന്നത്.

പ്രകൃതിയും മനുഷ്യനും ഒന്നായിരുന്ന, രക്തവും ലഹരിയും ബലിനല്‍കി പ്രപഞ്ചശക്തികളെ പ്രീതിപ്പെടുത്തിയിരുന്ന പ്രാക്തന ദൈവസങ്കല്‍പ്പത്തിന്റെ തുടര്‍ച്ചയാണ് പടയണി. ദ്രാവിഡരുടെ പൗരാണികമായ ആരാധനാമാര്‍ഗ്ഗങ്ങളുടെ ശേഷിപ്പുകൾ പടയണിയിൽ ആദ്യന്തം നിറഞ്ഞുനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രാമീണജനത ജാതി, വര്‍ഗ്ഗ തരംതിരിവുകളില്ലാതെ ഒറ്റമനസ്സോടെ ആഘോഷിച്ചിരുന്ന അനുഷ്ഠാനമായിരുന്നു ഇത്. പ്രകൃതിയോട് ഇഴചേര്‍ന്നുനിന്നിരുന്ന, മനുഷ്യനും ദൈവത്തിനുമിടയിൽ ഇടനിലക്കാരില്ലാത്ത ആരാധനാക്രമം നിലനിന്നിരുന്ന ആ കാലത്തെ, നമുക്ക് പടയണി അനുഭവവേദ്യമാക്കുന്നു.

കൊയ്ത്തിനും വിത്തിറക്കലിനുമിടയിലുള്ള സമയത്താണ് പടയണി നടക്കാറുള്ളത്. പ്രകൃതിദുരന്തങ്ങൾ വിളവിനെ ബാധിക്കരുതെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയും കൂടിയാണിത്. ഇതിലെ പാട്ടും വാദ്യമേളങ്ങളും മറ്റു ബഹളങ്ങളും വന്യമൃഗങ്ങളെ കൃഷിയിടങ്ങളിൽ നിന്നും അകറ്റിനിര്‍ത്തുമെന്നും, ചൂട്ടുകളും പന്തങ്ങളും സൃഷ്ടിക്കുന്ന ചൂടും പുകയും അണുക്കളെയും കീടങ്ങളെയും അകറ്റുമെന്നും, അന്നത്തെ കാര്‍ഷിക സമൂഹം വിശ്വസിച്ചിരുന്നു.

നല്ല വിളവിനായുള്ള പ്രാര്‍ത്ഥനയ്ക്കൊപ്പംതന്നെ, വസൂരി പോലുള്ള പകര്‍ച്ചവ്യാധികളിൽ നിന്നും മറ്റ് മാറാവ്യാധികളിൽ നിന്നുമുള്ള രക്ഷയ്ക്കായും, സന്താനലാഭം തുടങ്ങിയ ഇഷ്ടസിദ്ധികള്‍ക്കായും, ദുര്‍ദ്ദേവതകളെ അകറ്റുന്നതിനും പിതൃശാന്തിക്കും, മറ്റ് ഭയാശങ്കകളെ ഇല്ലാതാക്കുന്നതിനായും ഒക്കെയുള്ള നിരവധി സാമൂഹ്യാധിഷ്ഠിതവും വ്യക്ത്യാധിഷ്ഠിതവുമായ പ്രാര്‍ത്ഥനകൾ പടയണിയിൽ ഉള്‍ക്കൊള്ളുന്നുണ്ട്. ജാതിവ്യവസ്ഥ സമൂഹത്തിൽ വേരിറങ്ങിയപ്പോഴും, സ്വാഭാവികമായ രൂപാന്തരങ്ങളിലൂടെതന്നെ കാലത്തെ അതിജീവിച്ച കലാരൂപമാണ് പടയണി. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സുരക്ഷയ്ക്കും ഐശ്വര്യത്തിനുമായി നടത്തപ്പെടുന്ന ഈ അനുഷ്ഠാനത്തിന് എല്ലാ സമുദായങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ലഭിച്ചിരുന്നു.

”നാനാജാതികളുടെ കൂട്ടായ കഠിനാദ്ധ്വാനത്തിലാണ് പടയണി നിലനിന്നതും വളർന്നതും ”, പ്രശസ്ത പടയണി കലാകാരനും’കേരള ഫോക്ക്‌ലോർ അക്കാദമി’ മുന്‍ ചെയര്‍മാനുമായ പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള തന്റെ പടേനി എന്ന ഗ്രന്ഥത്തിൽ വിശദമാക്കുന്നു. കാൽ നൂറ്റാണ്ടോളം പടയണിയെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ കലാരൂപം ആത്യന്തികമായി സാമൂഹ്യനന്മയെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്.

”തപ്പു പൊതിയാനുള്ള തോല് ഒരുക്കേണ്ടത് പറയനും, കോലത്തിനാവശ്യമായ പാളയും ചൂട്ടും കുരുത്തോലയും എടുക്കേണ്ടത് തണ്ടാനും, കോലമെഴുതുകയും പൂപ്പടയ്ക്കിരിക്കുകയും മാരാന്‍പാട്ട് പാടുകയും ചെയ്യേണ്ടത് ഗണകനും, കോലം കെട്ടാനുള്ള ചട്ടം ഒരുക്കേണ്ടത് തച്ചനും, വെളിച്ചത്തിനു വേണ്ട ചൂട്ടു കത്തിച്ചുപിടിക്കേണ്ടത് കുറവനും, ഭഗവതിയുടെ ഉടയാടക്കാവശ്യമായ തുണിയലക്കേണ്ടത് പതിയാനും, തീവെട്ടിയും പന്തവുമൊരുക്കി എണ്ണ കോരേണ്ടത് മാരാനുമാണ്..” അങ്ങനെ കരവാസികളായ എല്ലാ വിഭാഗം ജനങ്ങളുടെ കഠിനാദ്ധ്വാനം പടയണിക്ക് പുറകിലുണ്ടായിരുന്നു. നമ്പൂതിരിയും വാല്യക്കാരനും, കൊങ്ങിണിപട്ടര്‍, അന്തോണി, തങ്ങളും പടയും തുടങ്ങിയ വിനോദങ്ങളിലെ കഥാപാത്രങ്ങളിലൂടെ ഒരു ഗ്രാമമൊന്നാകെ പടയണിയിൽ അണിചേരുന്നു. ”ഇത്രമാത്രം സജീവമായ ജനപങ്കാളിത്തവും ഒരു സാമൂഹ്യാനുഭവത്തിന്റെ മാനവും അവകാശപ്പെടാവുന്ന മറ്റേത് കലയുണ്ട്?” അദ്ദേഹം ചോദിക്കുന്നു.

പടയണിയ്ക്ക് യുദ്ധമെന്ന അര്‍ത്ഥം വരുമെങ്കിലും സമൂഹത്തിന്റെ അന്തർലീനമായ ഭയങ്ങളെ ഒരുആട്ടിപ്പുറത്താക്കലിലൂടെ ശുദ്ധിവരുത്തുകയാണ് ഓരോ പടയണിക്കാലവും. രോഗ, ദുഃഖ ദുരിതങ്ങളോടും അജ്ഞാത ശക്തികളോടും എതിരിടാനാകാതെ, പ്രപഞ്ചത്തോടിണങ്ങിയും പ്രീതിപ്പെടുത്തിയും ആദിമ മനുഷ്യന്‍ നടത്തിയ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെ തുടര്‍ച്ചയാണിത്. ഗ്രാമീണത നഷ്ടപ്പെടുന്ന കേരളത്തിൽ ഇങ്ങിനെയുള്ള അനുഷ്ഠാനകലകളെ എത്ര കാലം കൂടി കാണാനാവും? ഇനിയെപ്പോഴെങ്കിലും പടയണിക്കാലങ്ങളിൽ കുരുത്തോലക്കോലങ്ങളെ ദർശിക്കുവാനും കാളിയുടെ ഉഗ്രസ്വരൂപം തൊട്ടറിയുവാനും മദ്ധ്യതിരുവിതാംകൂറുവഴി ഒന്ന് യാത്ര ചെയ്യുക.


20150116_173514

അമ്പിളി രാജേഷ് | Ambily Rajesh

Green Language Services


Reference – കടമ്മനിട്ട ഗോത്രകലാ കളരി – കടമ്മനിട്ട പടയണി

Leave a Comment