അതിജീവനത്തിന്റെ പാഠപുസ്തകം

യിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലെ കുപ്രസിദ്ധമായ വിവാദത്തിൽ നിറഞ്ഞു നിന്ന മുഖമായിരുന്നു മോണിക്ക ലെവൻസ്കിയുടേത്. അതിനുശേഷം അവർക്ക് എന്തു സംഭവിച്ചുവെന്ന് ആരും അന്വേഷിച്ചില്ല. വർഷങ്ങൾ നീണ്ടുനിന്ന മൌനത്തെ തകർത്തുകൊണ്ട് ഈയടുത്ത് അവർ നടത്തിയ ലഘു പ്രസംഗം സാമൂഹിക പ്രാധാന്യമർഹിക്കുന്നതാണ്‌. ഇരുപത്തിരണ്ടു വയസ്സിലെ അപക്വമായ മനസ്സിന്റെ ചാഞ്ചല്യമെന്ന് എടുത്ത തീരുമാനങ്ങളെ അവർ വിലയിരുത്തുന്നുണ്ട്. പ്രണയം ആർക്കും എപ്പോഴും തോന്നാവുന്ന ഒരു വികാരമാണ്‌. അമേരിക്കൻ പ്രസിഡണ്ടിനോടു തോന്നിയ പ്രണയത്തിൽ അവർക്കു നഷ്ടപ്പെട്ടത് ഒരു സാധാരണ ജീവിതമായിരുന്നു. പലവട്ടം ആത്മഹത്യയെപ്പറ്റി അവർ ചിന്തിച്ചു. ലോകത്തിലെ ഏറ്റവും നീചയായ ‘വെപ്പാട്ടി’ യായി ലോകം അവരെ ആഘോഷിക്കുമ്പോൾ അവരുടെ കുടുംബം, മകളുടെ ജീവൻ നഷ്ടപ്പെടാതിരിക്കുവാനായി കാവലിരിക്കുകയായിരുന്നുവെന്ന് അവർ വേദനയോടെ പറയുന്നുണ്ട്. അന്ന് സാങ്കേതികവിദ്യ ഇത്രയും വിപുലവും ശക്തവുമായിരുന്നില്ല. ദൂരദർശനും, വർത്തമാനപത്രങ്ങളും, റേഡിയോയും ഇന്റർനെറ്റിലെ ചെറിയ ഇടപെടലുകളും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നാണെങ്കിൽ മോണിക്ക ലെവൻസ്കി എന്ന വ്യക്തിയെ ആത്മഹത്യയിലേക്ക് തന്നെ തള്ളിവിട്ടേനെ. അത്രയും നീചവും, മൃഗീയവുമാണ്‌ ഇന്നത്തെ വാർത്താ മാധ്യമ സോഷ്യൽ മീഡിയ ഇടപെടലുകൾ. മറ്റുള്ളവരുടെ ജിവിതത്തെ തകർത്തുകൊണ്ട് സ്വയം ആഹ്ലാദിക്കുന്ന മനുഷ്യൻ സൈബർലോകത്ത് ഇന്ന് ഒറ്റപ്പെട്ട കാഴ്ചയല്ല.

അവിശ്വസനീയമായി തോന്നുമെങ്കിലും ഇന്റർനെറ്റിലൂടെ പരിചയപ്പെടുന്ന സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന കൂട്ട ആത്മഹത്യകളെ ഇന്റർനെറ്റ് സ്യൂയിസൈഡ് പാക്റ്റ് എന്നു വിളിക്കുന്നു. പാരമ്പര്യ ആത്മഹത്യാരീതികളിൽ നിന്നും വ്യത്യസ്തമായി, പുതിയ രീതികളാണ്‌ ഇത്തരത്തിലുള്ളവർ സ്വീകരിക്കുന്നത്‌. ഉദാഹരണമായി ജപ്പാനിൽ ഒരു യുവാവും രണ്ട്‌ യുവതികളും അടച്ചിട്ട ഒരു ചെറിയ മുറിയിൽ കാർബൺ മോണോക്സൈഡ്‌ വമിക്കുന്ന സ്റ്റൗ വെച്ചുകൊണ്ടാണ്‌ ആത്മഹത്യ ചെയ്തത്‌. അവർ ഇന്റർനെറ്റിലൂടെ മാത്രം പരിചയമുള്ളവരായിരുന്നു. പെട്ടെന്നാണ്‌ ആത്മഹത്യ എന്ന ആശയം അവരിൽ ഉടലെടുക്കുന്നത്‌. അത്‌ അവർ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. പിന്നീട്‌ ഇത്തരത്തിലുള്ള പല കേസുകളും ലോകത്തിന്റെ പല ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. അപക്വമായ മനസ്സും, ചികിത്സിച്ചു മാറ്റേണ്ട ആത്മഹത്യാ പ്രവണതയും മനോരോഗവിദഗ്ധർ ചർച്ച ചെയ്തതിനോടൊപ്പം ആധുനിക സാങ്കേതികവിദ്യകൾ അപക്വമായ രീതിയിൽ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ലോകം ചർച്ച ചെയ്യേണ്ടതായിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ പുതിയ മുഖം വേഗതയാണെന്ന്‌ പരസ്യമാധ്യമങ്ങൾ നമ്മളെ ഓർമ്മിപ്പിക്കുമ്പോൾ അനുദിനമെന്നവണ്ണം മാറിവരുന്ന സാങ്കേതികവിദ്യയിലൂടെ ഇരകളാക്കപ്പെട്ടവരെപ്പറ്റി പഠിക്കുവാൻ ബോധപൂർവ്വം നമ്മൾ മറക്കുന്നു.

കേരളത്തിൽ എണ്‍പതിനായിരം സൈബർ കേസുകൾ രജിസ്റ്റർ ചെയ്തതിൽ അമ്പതിനായിരവും സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾക്ക് എതിരെയുള്ളതായിരുന്നു. ഫേസ്ബുക്കിൽ കേരളത്തിലെ വനിതാ മന്ത്രിമാരുൾപ്പെടെയുള്ള സ്ത്രീകളെ ആക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും ഉണ്ടാവുകയും അതിനെപ്പറ്റി പരാതി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌. ഇപ്പോഴും സൈബർ ലോകത്തെ ഇടപെടലുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ളതോ പ്രതിരോധിക്കാനോ പര്യാപ്തമായ സംവിധാനങ്ങൾ നമുക്കില്ല.

വേഗതയെപ്പറ്റി പറയുമ്പോൾ, 2004 ഡിസംബർ മാസത്തിൽ ദില്ലിയിലെ പബ്ലിക്‌ സ്കൂൾ കുട്ടികൾക്കിടയിൽ നടന്ന ഡി.പി.എസ്/എം.എം.എസ് അപവാദ കേസിനെപ്പറ്റി ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ മാതാപിതാക്കളേയും കുട്ടികളേയും സ്കൂൾ അധികൃതരേയും ഒന്നടങ്കം ഞെട്ടിച്ച വാർത്തകളിൽ ഒന്നായിരുന്നു അത്‌. ഡൽഹിയിലെ പ്രശസ്തമായ പബ്ലിക്‌ സ്കൂളിലെ ആൺകുട്ടിയും പെൺകുട്ടിയും ശാരീരിക ബന്ധത്തിലേർപ്പെടുന്ന 2.27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, ഫോണുകളിലൂടെയും ഇന്റർനെറ്റിലൂടെയും പ്രചരിച്ചത്‌ സെക്കന്റുകളുടെ വേഗതയിലാണ്‌. ഈ കേസിലെ ഏറ്റവും വേദനിപ്പിക്കുന്ന സംഗതി വീഡിയോ വിറ്റ്‌ കാശാക്കാൻ ശ്രമിച്ച ആൺകുട്ടിയുടെ മനുഷ്യത്വമില്ലായ്മയാണ്‌. ഡൽഹിയിൽ നടന്നത്‌ ഒറ്റപ്പെട്ട ഒരു സംഭവമല്ല, നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പഴയകാല ചതിയുടെയും വഞ്ചനയുടെയും മാറുന്ന മുഖമാണ്.

സൈബർ ക്രൈംസ്‌ എന്ന പേരിലറിയപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെ ഇന്റർനെറ്റിന്റെ ലോകത്തുണ്ട്‌. നമ്മുടെ രഹസ്യങ്ങൾ പരസ്യമാകുവാനുള്ള സാധ്യതകൾ ഇന്ന്‌ എത്രയോ അധികമാണ്‌. വൈറസുകളെ നിക്ഷേപിക്കൽ, അപകീർത്തിപ്പെടുത്തൽ, മയക്കുമരുന്നു കച്ചവടം, ലൈംഗിക കച്ചവടം, തീവ്രവാദം, വ്യക്തിത്വമോഷണം എന്നിവയാണ്‌ ഇവയിൽ പ്രധാനപ്പെട്ടത്‌. സൈബർ കുറ്റവാളികൾ നമ്മളെപ്പറ്റിയുള്ള സകല വിവരങ്ങളും ചോർത്തുന്നത്‌ ഇന്റർനെറ്റ്‌ ഹാക്കിങ്ങിലൂടെയും എന്തിന്‌ നമ്മുടെ ഫോൺ വിളികളെ പിന്തുടർന്നു പോലുമാണ്‌. “Do not post your personal information” എന്നാണ്‌ ലാരി ലൂയിസ്‌ എന്ന ഇന്റർനെറ്റ്‌ സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ ലോകത്തെ താക്കീത്‌ ചെയ്യുന്നത്‌. നമ്മൾ ഇന്റർനെറ്റിൽ എന്ത്‌ പോസ്റ്റ്‌ചെയ്യുന്നു എന്നതുപോലുമല്ല, ഏത്‌ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുന്നു എന്നതുപോലും പ്രാധാന്യമർഹിക്കുന്നു.

ലൈംഗികചൂഷകരുടെ വലകൾ

ലാരി ലൂയിസ് എടുത്തു പറയുന്ന ഒരു കാര്യമുണ്ട്‌: “കുട്ടികളുടെ ഫോട്ടോകൾ പോലും നിങ്ങൾ സോഷ്യൽ മീഡിയകളിൽ സൂക്ഷിച്ചു പോസ്റ്റ്‌ ചെയ്യുക.” പ്രത്യക്ഷത്തിൽ കാണാത്ത പലമുഖങ്ങളും ഇന്റർനെറ്റിലുണ്ട്‌. സെക്സ്‌ റാക്കറ്റുകൾ ഇരകൾക്കുവേണ്ടി വലവിരിച്ചിരിക്കുന്ന ഒരു ഇടത്താവളം കൂടിയാണ്‌ ഇന്റർനെറ്റ്‌. സാധാരണ ചിത്രങ്ങളെപ്പോലും മാറ്റിമറച്ച്‌ ലൈംഗികമായി ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറുകളും ആളുകളറിയാതെ എടുക്കുന്ന “ഹൗസ് വൈഫ്” പോണും കുട്ടികളുടെ പോണോഗ്രാഫിയും തുടങ്ങി മുൻപ് വളരെ സ്വകാര്യമായി മാത്രം കറങ്ങിനടന്നിരുന്ന പല കാര്യങ്ങളും ഇന്നു ഒരു മൗസ് ക്ലിക്കിൽ ലഭ്യമാണ്. അതുകൊണ്ട്‌ ‘നിങ്ങളുടെ സ്വകാര്യവിഷയങ്ങൾ സ്വകാര്യമായിത്തന്നെ ഇരിക്കുന്നതാണ്‌ കൂടുതൽ നല്ലത്‌’ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്നു. അതെത്രത്തോളം പ്രായോഗികമാണെന്നുള്ളതു മറ്റൊരു കാര്യം.

ഇന്ത്യയിൽ കൗമാരക്കാരായ പെൺകുട്ടികളാണ്‌ ചൂഷണത്തിന്‌ അധികവും വിധേയരാകുന്നത്‌. അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത്‌ ഭീഷണിപ്പെടുത്തിയാണ്‌ പ്രണയ പരാജയങ്ങളിൽ അവർക്കെതിരെ പ്രതികാരം ചെയ്യുന്നത്. ഒരു സോഷ്യൽ മീഡിയ ആസിഡ് അറ്റാക്കുകൾ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയിൽ നോയിഡയിലെ അനൂജ്‌ ത്യാഗി, പെൺകുട്ടികളുടെ ഫേസ്ബുക്കിലേക്ക്‌ അനധികൃതമായി കടന്ന്‌ അവരുടെ ഫോട്ടോ മോർഫ്‌ ചെയ്തുകൊണ്ടാണ്‌ പോലീസിന്റെ പിടിയിലാകുന്നത്‌. നഗ്നയാക്കപ്പെടുന്ന പെൺകുട്ടിയെ കാര്യകാരണ തെളിവുകളില്ലാതെ മൃഗീയമായി ഒറ്റപ്പെടുത്തുന്ന സാമൂഹിക വ്യവസ്ഥയാണ്‌ നമുക്കുള്ളത്‌. അതറിഞ്ഞുകൊണ്ടുതന്നെയാണ്‌ കുറ്റവാളികൾ വളരെ നാടകീയമായി അവരെ വലയെറിഞ്ഞ്‌ പിടിക്കുന്നത്‌.

കേരളത്തിൽ എണ്‍പതിനായിരം സൈബർ കേസുകൾ രജിസ്റ്റർ ചെയ്തതിൽ അമ്പതിനായിരവും സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾക്ക് എതിരെയുള്ളതായിരുന്നു. ഫേസ്ബുക്കിൽ കേരളത്തിലെ വനിതാ മന്ത്രിമാരുൾപ്പെടെയുള്ള സ്ത്രീകളെ ആക്ഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും ഉണ്ടാവുകയും അതിനെപ്പറ്റി പരാതി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌. ഇപ്പോഴും സൈബർ ലോകത്തെ ഇടപെടലുകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ളതോ പ്രതിരോധിക്കാനോ പര്യാപ്തമായ സംവിധാനങ്ങൾ നമുക്കില്ല. നടപടിയുണ്ടാകുമെന്ന് പറയുമെങ്കിലും സൈബർ കുറ്റകൃത്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുന്നില്ല എന്നതാണ്‌ സത്യം. ഉദാഹരണത്തിന്‌, 2014 ൽ, സ്വത്ത് തർക്കം സംബന്ധിച്ച ഫേസ്ബുക്കിലെ ഒരു പ്രതികാരകുറിപ്പ് കാരണം, കൊച്ചിയിലെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കോടതിയെയും പോലീസ്‌ കമ്മീഷണറേയും സമീപിച്ചിട്ടും അന്വേഷണം നടക്കാതിരുന്ന സാഹചര്യത്തിലാണ്‌ വീട്ടമ്മക്ക്‌ അത്തരത്തിലുള്ള ദാരുണ ദുരന്തം ഉണ്ടായത്‌.

സൈബർലോകത്തെ ‘തെമ്മാടി’കൾ

വിദേശരാജ്യങ്ങളിൽ കൗമാരക്കാർക്കിടയിൽ സൈബർ ഭീഷണി (Cyber bullying) എന്നപേരിൽ മാനസിക ആക്രമണങ്ങൾ വ്യാപകമാണ്‌. അതിൽ എടുത്തുപറയേണ്ട ഒന്നാണ്‌ കനേഡിയൻ പെൺകുട്ടി അമാൻഡ റ്റോഡിന്റെ (Amanda Todd) ആത്മഹത്യ. പതിനഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അമാൻഡ അജ്ഞാത സുഹൃത്തിന്റേയും സഹപാഠികളുടേയും പീഡനമേറ്റാണ്‌ ആത്മഹത്യ ചെയ്യുന്നത്‌. രണ്ടു പ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ച അവളെ “അടുത്തവട്ടം വിഡ്ഢിയാകാതെ നിനക്ക്‌ മരിക്കാനാകട്ടെ” എന്ന കുറിപ്പെഴുതിക്കൊണ്ടാണ്‌ ഫേസ്ബുക്കിൽ ചില സഹപാഠികൾ മൃഗീയമായി നിന്ദിച്ചത്‌. മരിക്കുന്നതിനുമുമ്പ്‌ അവൾ പോസ്റ്റ്‌ചെയ്ത യൂട്യൂബ്‌ വീഡിയോ കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു.

പാസ്സ്‌വേഡുകൾ എന്ന സ്വകാര്യത

അജ്ഞതകൊണ്ടും വൈകാരിക കാരണങ്ങൾകൊണ്ടും കൂട്ടുകാർക്കും, കാമുകീകാമുകന്മാർക്കും ഇ-മെയിലിന്റെയോ, സോഷ്യൽ നെറ്റ്‌ വർക്കുകളുടെയോ പാസ്സ്‌വേഡുകൾ കൈമാറുന്നവരുണ്ട്‌. ബാങ്ക്‌ അക്കൗണ്ടുകളെപ്പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ്‌ ഇ-മെയിൽ പാസ്സ്‌വേഡും. ബാങ്ക്‌ അക്കൗണ്ട്‌ പാസ്സ്‌വേഡ്‌ നഷ്ടപ്പെടുന്നതുവഴി ധനപരമായ നഷ്ടമാണ്‌ സംഭവിക്കുന്നതെങ്കിൽ ഇ-മെയിൽ പാസ്സ്‌വേഡ്‌ നഷ്ടപ്പെടുന്നതുവഴി വ്യക്തിത്വ മോഷണമാണ്‌ സംഭവിക്കുന്നത്‌.

രണ്ടായിരത്തിഎട്ടിൽ അമേരിക്കയിൽ നടന്ന ഒരു സംഭവം വ്യക്തിത്വ മോഷണത്തിന്‌ ഉത്തമ ഉദാഹരണമാണ്‌. മുൻ അലാസ്ക ഗവർണ്ണറും റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയുമായിരുന്ന സേറാ പേലിൻ-ന്റെ ഇമെയിൽ പാസ്സ്‌വേഡ്‌ ഹാക്ക്‌ ചെയ്തിട്ടാണ്‌ ഡേവിഡ്‌ കെർന്നൽ എന്ന യുവാവ്‌ വാർത്തയിൽ സ്ഥാനം പിടിച്ചത്‌. സേറയുടെ പാസ്സ്‌വേഡ്‌ അതിവിദഗ്ദ്ധമായി ഊഹിച്ചു കണ്ടുപിടിച്ചുകൊണ്ടാണ്‌ ഡേവിഡ്‌ അവരുടെ സ്വകാര്യ ചിത്രങ്ങളും ഇ-മെയിൽ സന്ദേശങ്ങളും അനധികൃതമായി ഇന്റർനെറ്റിലങ്ങിങ്ങോളം പ്രസിദ്ധീകരിച്ചത്‌. സേറയുടെ ഇലക്ഷൻ പ്രചരണത്തിന്‌ തടസ്സം സൃഷ്ടിക്കലായിരുന്നു ഡേവിഡിന്റെ ലക്ഷ്യം. പണത്തിനുവേണ്ടി പാസ്സ്‌വേഡുകൾ മോഷ്ടിച്ചെടുക്കുന്നവരുണ്ട്‌. സ്വകാര്യ വിഷയങ്ങൾ ചോർത്തിയെടുത്തതിനുശേഷം ഭീഷണിപ്പെടുത്തുകയോ, ക്രെഡിറ്റ്‌ കാർഡ്‌ നമ്പരുകൾ ചോർത്തിയെടുക്കുകയോ ആണ്‌ അവരുടെ ഉദ്ദേശം. പാസ്സ്‌വേഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല സംഗതികളുമുണ്ട്‌; മറ്റൊരാൾക്ക്‌ ഊഹിച്ചെടുക്കാവുന്ന പാസ്സ്‌വേഡുകൾ ഒഴിവാക്കുകയും പല സ്ഥലങ്ങളിൽ ഒരേ പാസ്സ്‌വേഡുകൾ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുകയുമാണ്‌ ഏറ്റവും അടിസ്ഥാനപരമായി സുരക്ഷാ നിയമങ്ങളിൽ പറയുന്നത്‌.

ജീവിതമെന്ന തുറന്ന പുസ്തകം

നമ്മുടെ അഭിരുചികൾ കണ്ടെത്തി കച്ചവടവൽക്കരിക്കുവാൻ കാത്തിരിക്കുന്ന ഇടം കൂടിയാണ്‌ ഇന്റർനെറ്റ്‌. നിങ്ങൾ ക്ലിക്ക്‌ ചെയ്യുന്ന ഓരോ ലിങ്കും പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് പറയുന്നത്‌ അതുകൊണ്ടാണ്‌. അറിവില്ലാത്തവർ മാത്രമാണ്‌ ഇവിടെ കാലിടറി വീഴുന്നതെന്ന്‌ ധരിക്കരുത്‌. ആരൺ സ്വാർട്ട്സിന്റെ (Aaron Swartz) ആത്മഹത്യ അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന ആരാധകർക്ക്‌ മറക്കാനാവുന്ന കഥയല്ല. മരിക്കുമ്പോൾ ആരണ്‌ ഇരുപത്തിയാറ് വയസ്സ്‌ മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. മിടുക്കനായ വിദ്യാർത്ഥി, അതുല്യ പ്രതിഭ, എല്ലാത്തിനുമുപരി ഒരു മനുഷ്യ സ്നേഹി എന്നീ വിശേഷണങ്ങളാൽ അറിയപ്പെട്ട വ്യക്തിത്വം. പതിനാലാമത്തെ വയസ്സിലാണ്‌ ആരൺ ഇന്റർനെറ്റ്‌ ഉള്ളടക്കങ്ങളെ ആവശ്യക്കാരിലെത്തിക്കുന്ന വെബ്‌ ഫോർമാറ്റിന്റെ വിഭാഗമായ ആർ.എസ്‌.എസ്‌ 1.0 രൂപ കല്പന ചെയ്തത്‌. ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന്‌ നാൽപ്പത്‌ ലക്ഷത്തോളം അക്കാദമിക്ക്‌ പ്രബന്ധങ്ങൾ മോഷ്ടിച്ചുവെന്ന കുറ്റമാണ്‌ അദ്ദേഹത്തിൽ ആരോപിക്കപ്പെട്ടത്. മുപ്പത്തിയഞ്ച് വർഷത്തോളം തടവും പത്ത്‌ ലക്ഷം ഡോളറോളം പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു അത്‌. വിധിപറയുന്നതിന്‌ മുമ്പുതന്നെ സ്വന്തം ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. ആരണിന്റെ മരണത്തിനുനേരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഇന്റർനെറ്റ്‌ ലോകത്ത്‌ ഇന്നും ശക്തമാണ്‌. കാലിഫോർണിയ ആസ്ഥാനമായുള്ള റെഡിറ്റ്‌ വഴി നിരവധി വാർത്തകളും, ലേഖനങ്ങളും, കോടതിയുമായി ബന്ധപ്പെട്ട രേഖകളും ആരൺ ഇന്റർനെറ്റിൽ സൗജന്യമായി പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം സർക്കാരിനെ അലോസരപ്പെടുത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആത്മഹത്യക്കു പിന്നിൽ സർക്കാരിനും പങ്കുള്ളതായും ആരണിന്റെ കുടുംബവും, ആരാധകരും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഇന്റർനെറ്റ്‌ കഥകളെ വിലയിരുത്തുമ്പോൾ ഇരകളുടെ ദുർബലമായ മനസ്സും വേട്ടനായ്ക്കളുടെ സാമർത്ഥ്യവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്‌. എവിടെയിരുന്നും തികച്ചും അജ്ഞാതമായി ഉപദ്രവിക്കാമെന്നത് ലോകം പതിയെ മനസ്സിലാക്കി വരുന്നതേയുള്ളൂ. അതേ സമയം ഇവയെ ഭയന്ന് ഇന്റർനെറ്റ് എന്ന വിവരസാങ്കേതിക ലോകം അടച്ചുവെക്കുകയും സാധ്യമല്ല. ശരിയായ നടപടിക്രമങ്ങളും സുരക്ഷയും ഒരു രാജ്യത്തെന്നപോലെ അന്താരാഷ്ട്ര സമൂഹം കൊണ്ടുവരേണ്ടതുണ്ട്. കൂട്ടുകാരിയുടെ നഗ്നത വിറ്റ് കാശാക്കാൻ ശ്രമിക്കുന്ന സ്കൂൾ വിദ്യാർത്ഥിയും, കുളിക്കുന്ന ദൃശ്യം ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തുന്ന യുവാവും, ഫേസ്ബുക്കിൽ പോസ്റ്റിട്ട്‌ അപമാനിക്കുന്ന ബന്ധുക്കളും, മരണം ആശംസിച്ച്‌ കാത്തിരിക്കുന്ന അമാൻഡയുടെ സുഹൃത്തുക്കളും ഇരയുടെ സൗമ്യതയെ മുതലെടുക്കുന്ന വേട്ടനായ്ക്കളുടെ പ്രതിരൂപങ്ങളാണ്‌. ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നില്ല, മറിച്ച്‌ അത്‌ ഇരകളുടെ എണ്ണം കൂട്ടുകയേ ഉള്ളൂ. വേട്ടനായ്ക്കളുടെ കയ്യിൽ നിന്നും രക്ഷപ്പെടുവാനുള്ള ആത്മധൈര്യവും ജാഗ്രതയുമാണ്‌ നമുക്ക്‌ വേണ്ടത്‌; അതിജീവനത്തിന്റെ തന്ത്രങ്ങൾ ഇരകൾ പഠിക്കേണ്ടിയിരിക്കുന്നു.


siji സിജി വൈലോപ്പിള്ളി | Siji Vailoppilli

അദ്ധ്യാപികാവൃത്തിയിൽ വ്യാപൃതയെങ്കിലും ഒഴിവു സമയങ്ങൾ കാടുകളിലും കടൽത്തീരങ്ങളിലും ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നു. ആകാശത്തിലും, തിരമാലകളിലും, കാറിന്റെ ചില്ലിലും എഴുതിയ കഥകൾ നഷ്ടപ്പെട്ടുവെ ങ്കിലും ഇവിടെ ചിലത്‌ ശേഖരിച്ചുവെച്ചിരിക്കുന്നു.


Cover Image Copyrights – Wen Tong Neo

Leave a Comment