ഹണി ഐ പ്രിന്റഡ് ദ കിഡ്സ്

ടുപ്പിക്കുന്ന ഒരു പ്രവൃത്തിദിവസത്തിനൊടുവിൽ വീട്ടിലെത്തി ചൂടുള്ള ഒരു സാൻഡ്‌വിച്ചോ, വീട്ടിലെ സോഫയുടെ വിടവിനിടയിൽ കളഞ്ഞുപോയ കാറിന്റെ താക്കോലോ, സുഹൃത്തിനുവേണ്ടി സ്വന്തമായി രൂപകല്പന ചെയ്ത സമ്മാനമോ സ്വന്തം പ്രിന്ററിൽ നിന്ന് അച്ചടിച്ച് പുറത്തെടുക്കുന്നതിനെപ്പറ്റി ഒന്നാലോചിച്ചു നോക്കൂ. മനസ്സിൽ വിചാരിക്കുന്ന എന്തും ഡിസൈൻ കൊടുത്താൽ അച്ചടിച്ചു പുറത്തേക്കു കിട്ടുന്നത് എങ്ങനെയിരിക്കും?

മനുഷ്യപുരോഗതിയുടെ ചരിത്രത്തിൽ വ്യാവസായിക വിപ്ലവത്തിനു ഗണ്യമായ പങ്കുണ്ട്. ചരിത്രത്തിന്റെ മുന്നോട്ടുള്ള ഗതിയെ വ്യാവസായികവിപ്ലവത്തോളം മറ്റൊന്നും തന്നെ മാറ്റിമറിച്ചിട്ടില്ല. മനുഷ്യാദ്ധ്വാനത്തെ യന്ത്രവൽക്കരിക്കുന്നതിനോടൊപ്പം തന്നെ, തൊഴിലാളിവർഗ്ഗത്തിന്റെ ഘടനയിൽ വൻ‌തോതിൽ മാറ്റം വരുത്തുവാനും, തൊഴിൽ വിഭാഗീകരണത്തിനും, പുതിയൊരു മധ്യവർഗ്ഗം ഉയർന്നുവരുന്നതിനും, നഗരവൽക്കരണത്തിന്റെ തോത് വർദ്ധിക്കാനും ഇതു കാരണമായിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന, വസ്ത്രനിർമ്മാണമേഖലയിലെ യന്ത്രവൽക്കരണത്തേയും, ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയില്‍ സംയോജനനിരയിലെ (assembly line) ഉല്പാദന നിരക്കിലുണ്ടായ വൻ വർദ്ധനവിനേയും വ്യവസായവിപ്ലവരംഗത്തെ രണ്ട് സുപ്രധാന അദ്ധ്യായങ്ങളായി അടയാളപ്പെടുത്തിയ ‘ദി ഇക്കോണമിസ്റ്റ്’ ആ നിരയിലെ മഹത്തായ മൂന്നാം മുന്നേറ്റമായി കണക്കാക്കുന്നത് ത്രിമാന‌മുദ്രണ (3D printing) സാങ്കേതികതയെ ആണ്.

സാങ്കേതികത

സ്വന്തമായ ഒരു അടിത്തറയില്ലാത്തതും, ആധുനിക ലോകത്ത് ഉരുത്തിരിഞ്ഞുവരുന്ന സ്വയം നിർമ്മാണ മേഖലയിൽ (DIY) നിർമ്മാതാക്കൾക്ക് സ്വയം നവീകരണത്തിനു പാതയൊരുക്കുന്നതുമായ വ്യാവസായികസ്ഥാപനം പോലെയാണു ത്രിമാന മുദ്രണസാങ്കേതികത പ്രവർത്തിക്കുന്നത്. നമ്മുടെ സാമ്പത്തികമേഖലയിലെ പരാധീനത നേരിടുന്ന വിഭാഗങ്ങൾക്ക് ശരിക്കും പ്രയോജനപ്രദമാണ് ഇത്. പ്രതിരോധമേഖല, ബഹിരാകാശസാങ്കേതികത, വാഹന നിർമ്മാണ മേഖല, വൈദ്യരംഗം എന്നിവരായിരിക്കും ഭാവിയിൽ ഇതിന്റെ മുൻനിര ഗുണഭോക്താക്കളാകാൻ പോകുന്നത്.

നിലവിലുള്ള പരമ്പരാഗത സാങ്കേതിക നിർമ്മാണരീതിയ്ക്ക് രാകലും, അച്ചുനിരത്തലും, അടിച്ചുപരത്തലും, പകുക്കലും, വാർത്തെടുക്കലും പോലെ (grinding, forging, bending, moulding,welding) നിരവധി ന്യൂനതകളുള്ള ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ത്രിമാന‌മുദ്രണത്തിൽ അത് അനുയോജ്യമായ കമ്പ്യൂട്ടർ മേൽനോട്ടത്തിൽ പല അടുക്കുകളായി ചെയ്യുന്ന വാർത്തെടുക്കൽ മാത്രമാണ്.

തുടക്കത്തിൽ, അടിസ്ഥാനനിർമ്മാണവസ്തുവിനെ (ഉദാ:പ്ലാസ്റ്റിക്) ഒരു കുഴൽവായിലൂടെ പലനിരകളായി ഉരുക്കിയൊഴിച്ച് നിർമ്മാണരീതിയ്ക്ക് അനുയോജ്യമായ നിലയിലേക്ക് മാറ്റിയെടുക്കണം. ചിലസമയം, ഉരുക്കുന്നതിനുപകരം പൊടിച്ച് അവസാനം ഒന്നിച്ചു ചേർക്കുകയും ആകാം. (ഉദാ: പ്ലാസ്റ്റിക് റെസിൻ, ലോഹങ്ങൾ, കേയ്ക്ക് മിശ്രിതം.) ത്രിമാനമുദ്രണത്തിലൂടെയുള്ള ഉത്പാദനരീതിയുടെ ഗുണങ്ങളിൽ ഒന്നാണിത്. ഏറ്റവും കുറച്ച് നിർമ്മാണവസ്തുക്കൾ മാത്രം ഉപയോഗിച്ച് ഫലപ്രദമായ രീതിയിൽ ഉത്പന്നങ്ങൾക്ക് വൻതോതിൽ വിലക്കുറവും, മികവും, ഉറപ്പും, ഭാരക്കുറവും ഉറപ്പുവരുത്താൻ ഈ രീതിയിലൂടെ സാധിക്കുന്നു. നിർദ്ദേശാനുസരണം മാത്രം നിർമ്മിക്കപ്പെടുന്നതുകൊണ്ട് ഉത്പാദകവസ്തുക്കളുടെ ഉപയോഗവും, പാഴ്ചെലവും ഏറ്റവും കുറഞ്ഞരീതിയിലും ആയിരിക്കും.

പ്രാരംഭഘട്ടത്തിലേ ആയിട്ടുള്ളൂവെങ്കിലും നിലവിലുള്ള, കുറഞ്ഞതോതിലുള്ള ത്രിമാനരീതിയിൽ അച്ചടിച്ച് എടുക്കുന്ന ഉത്പന്നങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. ഫലപ്രദമായ രീതിയിൽ ആന്തരികഘടനയെ ക്രമപ്പെടുത്തിക്കൊണ്ട് നിർമ്മാണ-വികസന ഘട്ടങ്ങളിലെ ചെലവും സമയവും കൂടിയ രീതിയിൽ ലാഭിക്കുവാൻ ഇതിനു സാധിക്കുന്നുണ്ട്. ഉദാഹരണത്തിന്, അനുസൃതമായ ഘട്ടത്തിൽ തേനീച്ചക്കൂടിന്റെ ഘടനാരൂപം ഉപയോഗിക്കുന്നതിലൂടെ അടിസ്ഥാന നിർമ്മാണവസ്തുവിന്റെ അളവ് കുറച്ച് ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാം.

വേണ്ടസമയത്ത് ആവശ്യാനുസരണം മാത്രം നിർമ്മിച്ചെടുക്കുന്നതുകൊണ്ട് ഉത്പന്ന ബാഹുല്യം ഒഴിവാക്കാം. ഇതിലൂടെ സ്ഥലനഷ്ടം നല്ല രീതിയിൽ ഒഴിവാക്കാം. കൂടാതെ, വൻതോതിലുള്ള നിർദ്ദേശാനുസരണ നിർമ്മാണത്തിനും (customization) ഉത്പാദനത്തിനും വ്യത്യസ്തമായ നിർമ്മാണവസ്തുക്കളുടെ ഉപയോഗത്തിനും ഈ രീതിയിൽ അവസരങ്ങളുണ്ട്. ത്രിമാന അച്ചടിയുടെ സാങ്കേതികത, മനുഷ്യകോശങ്ങളുടെ ശരിപ്പകർപ്പ് നിർമ്മിക്കുന്നിടത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു എന്നത് തികഞ്ഞ വിസ്മയത്തോടെയാണു ലോകം നോക്കിക്കാണുന്നത്.

ഒരു പ്ലാസ്റ്റിക്ക് ആമയെ പ്രിന്റ് ചെയ്യുന്ന ത്രീ ഡി പ്രിന്റർ | This 3d Printer is currently printing a turtle. Copyrights: Keith Kissel

ഒരു പ്ലാസ്റ്റിക്ക് ആമയെ പ്രിന്റ് ചെയ്യുന്ന ത്രീ ഡി പ്രിന്റർ | This 3d Printer is currently printing a turtle. Copyrights: Keith Kissel

ചോക്ലേറ്റ് മുതൽ മനുഷ്യകോശങ്ങൾവരെ ഉൾപ്പെടുന്ന വ്യത്യസ്ത ശ്രേണികളിലുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി ഈ രീതി ഉപയോഗിച്ചുവരുന്നു. ഈയടുത്ത കാലത്ത് രണ്ട് വിദേശ സർവ്വകലാശാലകൾ, ചോക്ലേറ്റും, നിർദ്ദേശമനുസരിച്ചുള്ള മറ്റു ഭക്ഷ്യവസ്തുക്കളും ഉത്പാദിപ്പിക്കാനുള്ള അച്ചടിവിദ്യ വിജയകരമായി വികസിപ്പിച്ചെടുത്തിരുന്നു. അതിനു പുറകിൽ പ്രവർത്തിച്ച ഗവേഷണവിഭാഗം ഉപഭോക്തൃനിർദ്ദേശമനുസരിച്ചുള്ള ചോക്ലേറ്റ് ഉത്പന്നങ്ങളെ ഉദ്ദേശിച്ചുള്ള ഒരു വെബ്സൈറ്റ് കൂടി നിർമ്മിച്ച് ഒരു പടികൂടി മുന്നോട്ട് പോയിരിക്കുന്നു.

ദ്രവ്യത്തിനകത്തെ അടിസ്ഥാന പരൽഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ അതിന്റെ നിലവാരം മെച്ചപ്പെടുത്തലാണ് ത്രിമാനമുദ്രണ വിദ്യയിലൂടെ നടക്കുന്നത്. ലോഹസംസ്കരണ മേഖലയിൽ (metallurgy) ത്രിമാനമുദ്രണം മൂലമുള്ള ദ്രുതസാന്ദ്രീകരണം (rigid solidification) വഴി കൂടുതൽ ഏകതാനകമായ രൂപങ്ങൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിലൂടെ ദ്രവ്യങ്ങളുടെ ഭൗതിക ഗുണങ്ങളും മികച്ചരീതിയിൽ നിയന്ത്രിക്കുവാനും മെച്ചപ്പെടുത്തുവാനും സാധിക്കുന്നു.

ഇതൊന്നും നിങ്ങളുടെ ശ്രദ്ധതിരിയുവാൻ മതിയാകുന്നില്ലെങ്കിൽ വൈദ്യരംഗത്തെ മുന്നേറ്റങ്ങൾ നോക്കാം. അവയവങ്ങളുടെ പകർപ്പുമാതൃകകൾ, അസ്ഥികളും എല്ലും മാറ്റിസ്ഥാപിക്കൽ (implanting), ശസ്ത്രക്രിയാ ഉപകരണങ്ങൾ തുടങ്ങി ഭാവിയിൽ സങ്കീർണ്ണമായ ആന്തരികാവയവങ്ങളും അതിസൂക്ഷ്മരൂപ മരുന്നുകളും (nano-scale medicine) വരെ പ്രിന്റ് ചെയ്തെടുക്കാനുള്ള സാധ്യതകളാണുള്ളത്. ഫോട്ടോഗ്രാമട്രിയുടെ (photogrammetry) സഹായത്തോടെ ത്രിമാനരൂപത്തിൽ ശേഖരിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ (3D data) എളുപ്പത്തിൽ പിടിച്ചെടുക്കാവുന്നതും തിരുത്തിയെടുക്കാവുന്ന കമ്പ്യൂട്ടർ കാഡ് (CAD) രൂപത്തിൽ ഫലം ലഭ്യമാക്കുകയും ചെയ്യാവുന്നതാണ്. എം ആർ ഐ, സീടി സ്കാനിംഗ് ഫലങ്ങളുമായി ഒത്തുനോക്കി പൊരുത്തക്കേടുകൾ പരിഹരിച്ചശേഷം അന്തിമരൂപം നൽകിയ മാതൃക ത്രിമാനരൂപത്തിൽ അച്ചടിച്ചെടുക്കുന്നു. അഭൂതപൂർവ്വമാംവിധം വിശദാംശങ്ങളുടെ അതിസൂക്ഷ്മവിവരങ്ങൾ അടങ്ങിയ പകർപ്പുകളിൽ ജനനസമയത്തെ അടയാളങ്ങളും ചർമ്മത്തിലെ സുഷിരങ്ങൾപോലും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടാവും. അസ്ഥിയുടേതുപോലെ ഘടനയുള്ള ദ്രവ്യവും, മനുഷ്യന്റെ ഞരമ്പിന്റേയും തലയോട്ടിയുടേയും, ചെവിയുടേയും മൂക്കിന്റേയുമെല്ലാം പകർപ്പുകളും ശാസ്ത്രജ്ഞർ ഈ രീതി ഉപയോഗിച്ച് വിജയകരമായി ഉത്പാദിപ്പിച്ചെടുത്തു കഴിഞ്ഞു.

മറ്റ് ഏതൊന്നുംപോലെ ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളും ആദ്യമായി പ്രയോഗിച്ചുനോക്കിയത് പ്രതിരോധരംഗത്തായിരുന്നു. ത്രിമാനമുദ്രണത്തില്‍ യുദ്ധോപകരണങ്ങളുടെ സൂക്ഷ്മവും സങ്കീർണ്ണവുമായ ഭാഗങ്ങൾ നിർമ്മിച്ചെടുക്കാൻ മാത്രമല്ല, യുദ്ധക്കളത്തിൽ വച്ചുതന്നെ അവയുടെ കേടുപാടുകൾ പരിഹരിക്കാനുള്ള സൌകര്യവുമുണ്ട്. ഇതുകൊണ്ടൊന്നും മതിയാകുന്നില്ലെങ്കിൽ ക്രിസ്തുമസ്സിനു ഒരു ത്രിമാന ചിത്രംവര ഉപകരണം ആയാലോ? വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലേ? നിങ്ങൾ വരയ്ക്കുന്ന ചിത്രങ്ങൾക്കും, മാതൃകകൾക്കും ത്രിമാനരൂപം നൽകാൻ കഴിയുന്ന പേനകളും ഈ രീതിയിലൂടെ ഉത്പാദിപ്പിക്കാം. നമ്മുടെ പ്രിയപ്പെട്ട കാർട്ടൂണൂകളും കുത്തിവരകളുമെല്ലാം ത്രിമാനരൂപം ആർജ്ജിച്ച് മുന്നിൽ വരുന്ന ആ ദിനത്തെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ.

ഭാവിസാധ്യതകൾ

ത്രിമാനഅച്ചടിയുടെ പെട്ടെന്നുള്ള കടന്നുകയറ്റം ഇന്ത്യയും ചൈനയും പോലെ ഉത്പാദനമേഖലയെ വൻതോതിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്കാണ് കൂടുതൽ ഫലപ്രദമാകുക. വ്യാവസായിക ഉത്പാദന രംഗത്ത് ഇന്ത്യയുടെ നില അങ്ങേയറ്റം പരിതാപകരമാണ്. പൂജ്യത്തിനും താഴെയാണ് ഈ മേഖലയിൽ ഇന്ത്യയുടെ സൂചികാനില. ഉത്പാദനരംഗത്തെ അടിസ്ഥാന ഉണർവ്വ് ഇന്ത്യയുടെ ആഭ്യന്തരവളർച്ചാനിരക്കിൽ (GDP) വൻ വർദ്ധനവ് ഉണ്ടാകുന്നതിനോടൊപ്പം അനൌദ്യോഗിക മേഖലയിൽ കുരുങ്ങിക്കിടക്കുന്ന തൊഴിലാളി വർഗ്ഗത്തെ ഔദ്യോഗിക രംഗത്തേയ്ക്ക് കൊണ്ടുവരാനും സാധിക്കും.

ഉത്പാദനമേഖല തീർത്തും ഇല്ലാതാകുന്നതിനൊപ്പം ബൌദ്ധികസ്വത്തവകാശത്തിലുള്ള കടന്നുകയറ്റവും, കൃത്രിമരേഖകളുടെ വർദ്ധനയും കൂടി ഈ വിദ്യ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതോടൊപ്പം യുദ്ധോപകരണങ്ങളുടെ നിർമ്മിതി, തീവ്രവും, സങ്കീർണ്ണവുമായ പല സുരക്ഷാപ്രശ്നങ്ങൾക്കും വഴിതെളിയിക്കാൻ ഇടയുണ്ട്. ഈ സങ്കേതിക മേഖലയുടെ വളർച്ച അത്യപൂർവ്വമായ മാറ്റങ്ങൾ വിധേയമായിക്കൊണ്ടിരിക്കുന്നു, നഷ്ടെപ്പെട്ട് പോയ അവയവങ്ങൾ വരെ ഇപ്പോൾ നിർമ്മിച്ചെടുക്കാൻ സാധിക്കുന്നു. സാങ്കേതികതയുടെ കുതിച്ച് ചാട്ടത്തിനു ഒപ്പം തന്നെ മനുഷ്യ പുരോഗതിക്ക് വേണ്ടിയുള്ള പുതുരാഷ്ട്രീയങ്ങളും നിർമ്മിക്കപ്പെടട്ടെ.


(തർജ്ജമ : ഫെമിന ജബ്ബാർ)

Madhavi Mini Soordasമാധവി മിനി സൂർദാസ് | Madhavi Mini Soordas

ബി.ടെക്കിനു ശേഷം സിവിൽ സെർവ്വീസിനു വേണ്ടി പരിശ്രമിക്കുന്നു. വായിക്കാനൊരുപാടിഷ്ടം, പക്ഷെ ഇപ്പോഴും എപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം സായ്നാഥിന്റെ “എവ്രിബഡി ലവ്സ് എ ഗുഡ് ഡ്രൗട്ട്” ആയിരിക്കും.

After my B.Tech, pursuing Indian Civil Services actively. Anytime if you ask me, I will vouch for the single most book, “Everybody loves a good drought” by P. Sainath.


Cover Image Copyrights – The user eok.gnah prints his face into a chocolate.

Leave a Comment