ചെറി ബ്ലോസ്സങ്ങളുടെ നാട്ടിലെ മദ്യവിചാരങ്ങൾ

സാകേ ശരീരത്തിനും, ഹൈക്കു ഹൃദയത്തിനും;

സാകേ ശരീരത്തിന്റെ കവിതയാണെങ്കിൽ,

ഹൈക്കു ഹൃദയത്തിന്റെ സാകേയും.

– തനേദ സാന്തോക

വിതക്കും ഹൃദയത്തിനും എല്ലാം സാകേ വേണമെന്ന് വിളിച്ചു പറയുന്നത് മറ്റാരുമല്ല, ഒരു ജാപ്പനീസ് കവിയാണ്, തനേദ സാന്തോക (Taneda Santoka). നമ്മുടെ നാട്ടിലും മദ്യത്തെക്കുറിച്ച് കവിതകളെമ്പാടും ഉള്ളതുപോലെ തന്നെ, പൊതുവേ സാത്വികരെന്ന് കരുതുന്ന ഒരു ജനസമൂഹത്തിന്റെ മദ്യവിചാരങ്ങളാണ് ഇവിടേയും കുറിക്കപ്പെടുന്നത്. ജപ്പാനെന്ന് കേൾക്കുമ്പോൾ അണുബോംബ് തകർത്തെറിഞ്ഞ ഹിരോഷിമയും തടിമാടന്മാർ മല്ലിടുന്ന സുമോ ഗുസ്തിയും നെരൂദ കവിതകളിലെ ചെറിബ്ലോസ്സങ്ങളും മനസ്സിലേക്കെത്തുന്നവർക്ക് ആ നാട്ടിലെ ആഘോഷങ്ങളിലെ പ്രധാനിയായ മദ്യത്തെ പരിചയപ്പെടുത്താം.

സാകെ എന്ന ജാപ്പനീസ് മദ്യത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. അരിയിൽ നിന്നുണ്ടാക്കുന്നത് കൊണ്ട് ‘റൈസ് വൈൻ’ എന്നും സാകെ ജപ്പാനു പുറത്ത് അറിയപ്പെടാറുണ്ട്. പക്ഷേ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന റൈസ് വൈൻ അഥവാ അരികൊണ്ടുള്ള വീഞ്ഞ് അല്ല ജപ്പാനിൽ പുരാതനകാലം മുതൽ മദ്യമായി ഉപയോഗിക്കുന്ന സാകെ. പാചകത്തിനു ഉപയോഗിക്കുന്ന മിരിൻ (Mirin) എന്ന മധുരമുള്ള റൈസ് വൈനും സാകെയും ജപ്പാനിലെ അടുക്കളകളിൽ ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളാണ്.

ജാപ്പനീസ് ഭാഷയിൽ സാകെ എന്ന വാക്ക് പൊതുവെ ഏതു മദ്യത്തിനെക്കുറിച്ചു പറയാനും ഉപയോഗിക്കാറുണ്ട്. ഡിസ്കവറി ചാനൽ അടുത്തിടെ സംപ്രേക്ഷണം ചെയ്ത ‘ഡിസ്കവറിംഗ് സാകെ’ എന്ന പ്രോഗ്രാമിൽ സാകെയും വൈനും തമ്മിലുള്ള താരതമ്യം വ്യക്തമായി വിവരിക്കുന്നുണ്ട്.

സാകെയുടെ ചരിത്രം

സാകെയുടെ ഉത്ഭവം എന്നായിരുന്നു എന്നത് അവ്യക്തമാണെങ്കിലും ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിൽ ചൈനീസ്‌ ലിപിയിൽ എഴുതപ്പെട്ട ‘റെക്കോർഡ്‌സ് ഓഫ് ദി ത്രീ കിംഗ്‌ഡം’ (Records of the three kingdom) എന്ന പുസ്തകത്തിൽ ജപ്പാനിലെ മദ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഏഴാം നൂറ്റാണ്ടിൽ (712 AD) എഴുതപ്പെട്ട ജപ്പാന്റെ ആദ്യത്തെ ചരിത്രമായ ‘കോജികി’ (KOJIKI) യിൽ സാകെയെക്കുറിച്ച് ഒരുപാട് തവണ പരാമർശിച്ചിട്ടുണ്ട്‌. പുരാതന ജപ്പാനിൽ സാകെ ഉണ്ടാക്കാനുള്ള അവകാശം രാജ്യം ഭരിച്ചിരുന്നവർക്ക് മാത്രമായിരുന്നു. പത്താംനൂറ്റാണ്ട് ആയതോടെ അത് അമ്പലങ്ങൾ ഏറ്റെടുത്തു നടത്തുകയും അഞ്ഞൂറിലധികം വർഷം തുടരുകയും ചെയ്തു. പിന്നീട്, പണക്കാരായ ആർക്കും സാധിക്കും എന്നൊരു നിയമം നിലവിൽ വന്നപ്പോൾ ആളുകൾ സാകെ സ്വയം ഉണ്ടാക്കാൻ തുടങ്ങി. എങ്കിലും, സർക്കാർ ഭീമമായ നികുതി ഈടാക്കാൻ തുടങ്ങിയതിനെത്തുടർന്ന് പല നിർമ്മാണശാലകളും അടച്ചു പൂട്ടി. ജപ്പാനിൽ ഇന്നും പഴയ പ്രൗഢിയോടെ സംരക്ഷിച്ചു പോരുന്ന അമ്പലങ്ങളിൽ മിക്കതിലും സാകെ സൂക്ഷിക്കാനുള്ള മരം കൊണ്ടുള്ള പാത്രങ്ങൾ കാണാൻ സാധിക്കും.

കല്യാണങ്ങളിലും, ഉത്സവങ്ങളിലും ഒക്കെ ഈ മദ്യം പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ കല്യാണങ്ങളിൽ വധൂവരന്മാർ ഒരേ പാത്രത്തിൽ നിന്നും മധുരം പങ്കിടുന്നത് പോലെ, വധുവും വരനും വ്യത്യസ്ത വലിപ്പമുള്ള മൂന്ന് പാത്രങ്ങളിൽ നിന്ന് സാകെ മാറിമാറി കുടിക്കുന്നത് ജപ്പാനിലെ കല്യാണങ്ങളിലെ ഒരു പ്രധാന ചടങ്ങാണ്. ജീവിതത്തിലെ സുഖദു:ഖങ്ങളും ഇതുപോലെ പങ്കിട്ടെടുക്കും എന്നതിന്റെ പ്രതീകമാണിത്. അമ്പലങ്ങളിലെ ഉത്സവങ്ങളിൽ ദൈവത്തിനു സാകെ സമർപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണ്. പുതുവർഷം, കല്യാണങ്ങൾ, ഉത്സവങ്ങൾ, വിജയാഘോഷങ്ങൾ, പുതിയ സംരംഭങ്ങൾ, അങ്ങനെ എന്തിനും തുടക്കം കുറിക്കുന്നത് ഒരു കുപ്പി സാകെ തുറന്നിട്ടായിരിക്കും.

സാകെയുടെ നിർമ്മാണം

നിർമ്മാണ രീതിയിൽ സാകെയ്ക്ക് ബിയറിനോടാണ് കൂടുതൽ സാമ്യം. വൈൻ ഉണ്ടാക്കാൻ മുന്തിരി പോലുള്ള പഴങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാര പുളിപ്പിച്ച് എടുത്താൽ മതി. പക്ഷെ സാകെ ഉണ്ടാക്കാൻ, അരിയിലുള്ള അന്നജം പഞ്ചസാരയാക്കി മാറ്റിയിട്ടു വേണം പുളിപ്പിക്കാൻ. സാകെ നിർമ്മാണത്തിനു പ്രത്യേക അരി തവിട് നീക്കി മിനുസപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. എത്ര മിനുക്കുന്നു എന്നതനുസരിച്ച് സാകെയ്ക്ക് ഗുണവും കൂടും. സാകെയുടെ ഗുണനിലവാരത്തിനനുസൃതമായി നാലു തരം അരികളാണുള്ളത് – ജുന്മായ് ഷു, ഹോഞൊസൊ ഷു, ഗിൻജോ ഷു, ദൈഗിൻജൊ ഷു. അരിയുടെ മിനുക്കലും മദ്യത്തിന്റെ അളവും അനുസരിച്ചാണ് ഓരോന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.

പിന്നീട്, ‘കോജി’ (Koji) എന്ന് പറയുന്ന അരിയും, ഫംഗസും (Aspergillus oryzae) ചേർന്ന ഒരു മിശ്രിതം ഉണ്ടാക്കും. ഈ ’കോജി’ ആണ് അരിയിലുള്ള അന്നജത്തിനെ പഞ്ചസാരയാക്കി മാറ്റുന്നത്. കോജിയും വെള്ളവും ആവിയിൽ വേവിച്ച അരി നന്നായി കുഴച്ചതും (കൈ കൊണ്ട് കുഴക്കുകയായിരുന്നു പണ്ടത്തെ രീതി) കൂട്ടി യോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കി, പ്രത്യേക രീതിയിൽ ഉള്ള പാത്രത്തിൽ വേറെ കുറച്ചു അരിയും വെള്ളവും യീസ്റ്റും കൂടെ ചേർത്ത് അടച്ചു വയ്ക്കും. മൂന്നോ നാലോ ആഴ്ച കഴിഞ്ഞു തുറക്കുമ്പോഴേയ്‌ക്കും ഏകദേശം പതിനൊന്ന് ശതമാനം മദ്യം കലർന്ന മിശ്രിതമായി മാറിയിരിക്കുമത്. അതിനു ശേഷം വീണ്ടും കോജി, വെള്ളം, വേവിച്ച അരി എന്നിവ ചേർത്ത് രണ്ടാമതും പുളിപ്പിക്കും. അത് ഏഴു ദിവസം അടച്ചു വെച്ച് പിന്നീടു അരിച്ചെടുക്കുന്ന മിശ്രിതമാണ് സാകെ.

ജപ്പാനിൽ രണ്ടായിരത്തോളം സാകെ ഫാക്ടറികൾ ഉണ്ട്. അതിൽ തന്നെ ഗുണനിലവാരം കൂടിയ സാകെ നിർമ്മിക്കപ്പെടുന്നവ ക്യോട്ടോ, നീഗാട്ട, ഹിരോഷിമ, ഹൊക്കൈഡോ എന്നിവിടങ്ങളിലാണ്. സാകെയിൽ എണ്‍പത് ശതമാനവും വെള്ളം ആയതു കൊണ്ട്, വെള്ളത്തിലെ ധാതുക്കളും അമിനോ ആസിഡും സാകെയുടെ നിലവാരത്തെ വ്യത്യാസപ്പെടുത്തും. ഹ്യോഗോ (Hyogo) എന്ന സ്ഥലത്തെ വെള്ളമാണ് സാകെ നിർമാണത്തിന് ഏറ്റവും യോജിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ജല ഉറവിടങ്ങൾ മിയമിസു (Miyamisu) എന്നറിയപ്പെടുന്നു.

സാകെ കുടിക്കുന്ന രീതി

സാധാരണയായി പതിനെട്ടു മുതൽ ഇരുപതു ശതമാനം വരെ മദ്യമാണ് സാകെയിലുള്ളത്. നേർപ്പിച്ചു കുടിക്കുമ്പോൾ അത് പതിനഞ്ചു ശതമാനത്തിലേക്ക് കുറയാറുണ്ട്. കുടിക്കുന്ന രീതി ഏതു സാകെയാണ് എന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. സാകെ ചൂടാക്കിയാണ് കുടിക്കേണ്ടത് എന്നൊരു ധാരണ പൊതുവായി ഉണ്ട്. പക്ഷെ സാകെയുടെ ഗുണനിലവാരം, കുടിക്കുന്ന ആളിന്റെ താല്പര്യം, കാലാവസ്ഥ എന്നതിനെ ഒക്കെ ആശ്രയിച്ചാണ് ചൂടാക്കിയോ ,തണുപ്പിച്ചോ, സാധാരണ ഊഷ്മാവിലോ കുടിക്കേണ്ടത് എന്ന് തീരുമാനിക്കുക. ഉദാഹരണത്തിന്, ജുകുഷു (Jukushu) ആണ് ഏറ്റവും വിലപിടിപ്പുള്ളതും വിരളമായതും ആയ സാകെ. ഇത് കുടിക്കുന്നത് പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു ഡിഗ്രി വരെയുള്ള താപനിലയിലാണ്.

സെറാമിക് ഫ്ലാസ്ക് ആയ തൊക്കുരി (Tokkuri) എന്നറിയപ്പെടുന്ന ഒരു പ്രത്യേക പാത്രമാണ് സാകെ എടുക്കുവാൻ ഉപയോഗിക്കുന്നത്. സകാസുകി (Sakasuki) അല്ലെങ്കിൽ ചോകോ (Choko) എന്ന ചെറിയ തരം കപ്പിലാണത് കുടിക്കുന്നത്. കുടിക്കുന്നതിലും വിളമ്പുന്നതിലും ഒരു ജാപ്പനീസ് സംസ്കാരം തന്നെ ഉണ്ട്. സാധാരണ രീതിയിൽ ആരും തനിയെ ഒഴിച്ച് കുടിക്കുകയില്ല. പ്രായം കുറഞ്ഞ ആൾ ആദ്യം പ്രായം കൂടിയ ആൾക്ക് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യുക. അത് കഴിഞ്ഞു തിരിച്ചും പകർന്ന് കൊടുക്കുന്നു. മറ്റൊരാൾ ഒഴിച്ചു തരുമ്പോൾ, മര്യാദപൂർവം ചെറിയ കപ്പ്‌ കയ്യിലെടുത്തു മറ്റേ കൈ കൊണ്ട് കപ്പിന്റെ അടിയിൽ പിടിച്ച് സാകെ സ്വീകരിക്കുന്നു. ഒഴിച്ചു കഴിഞ്ഞതിനു ശേഷം ഒരു വായ്‌ കുടിച്ചതിനു ശേഷമേ കപ്പ്‌ താഴെ വയ്ക്കാവൂ എന്നതും ഒരു ജാപ്പനീസ് ശീലമാണ്. ഇന്നും ആളുകൾ അതൊക്കെ പാലിച്ചു പോരുന്നത് ജാപ്പനീസ് സംസ്കാരത്തിന്റെ പ്രത്യേകതയാവണം.

പൊതുവേ ഏഷ്യൻ സംസ്കാരങ്ങൾ പുരുഷ കേന്ദ്രീകൃതമാണെങ്കിലും ജപ്പാനിൽ സ്ത്രീപുരുഷഭേദമന്യേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഒരേ പോലെ മദ്യം കുടിച്ച് ആനന്ദിക്കുന്നതും കേരളത്തിനു അന്യമായ കാഴ്ചയാണ്. മദ്യത്തിലൂടെയെങ്കിലും സമത്വം എന്ന് ജപ്പാൻകാർ കരുതുന്നുണ്ടാവണം.


317543_2387134395777_655771422_nമഞ്ചു മനോജ് | Manju Manoj

ഗണിതശാസ്ത്രത്തിൽ ആണ് ബിരുദമെങ്കിലും, വായനയും യാത്രയും ഇഷ്ടപ്പെടുന്ന, ചിത്രതുന്നൽ തന്നെ ജീവിതം എന്ന് കരുതുന്ന, വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കുന്ന ഒരാൾ. കുത്തികുറിക്കലുകൾ ഇവിടെയും , ചിത്രതുന്നൽ ഇവിടെയും.

A Mathematics Graduate. Apart from that, interests are varies from reading, writing blogs,travel, to Embroidery and quilting. But the real passion is Embroidery. Blog is here and embroidery is here.

Leave a Comment