മുപ്പത്തിമൂന്നേ പൂജ്യം ഒന്ന്

ഥകൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരില്ല. മനുഷ്യന്റെ അന്വേഷണത്വരയെ പരിപോഷിപ്പിക്കുകയും അതിലൂടെ ആനന്ദിപ്പിക്കുകയും ചെയ്യുക എന്നതാണു ‘ക്വെസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്ന സാഹിത്യശാഖയിലെ കഥകളുടെ ഒരു പ്രത്യേകത. വളർച്ചയുടെ പടവുകളിലെപ്പോഴോ ഈ കഥകളിലെ നായകരുടെ സ്ഥാനത്ത് സ്വയം പ്രതിഷ്‌ഠിച്ചതിനാലാകണം പദപ്രശ്നങ്ങളും ഗണിത പ്രശ്നോത്തരികളും ആളുകളെ ഇത്രമാത്രം ത്രസിപ്പിക്കുന്നതും. മനുഷ്യന്റെ ചിന്താശക്തിയും ധിഷണയും അളക്കാനുള്ള ഒരു ഉപാധി കൂടിയാണ് ഇത്തരം ബൗദ്ധികവ്യായാമങ്ങൾ.

തൂണുകളിൽ കണ്ട ക്യു.ആർ കോഡുകൾ ഡീ‍കോഡ് ചെയ്തപ്പോൾ ലഭിച്ച സന്ദേശങ്ങളിൽ ‘അഗ്രിപ്പ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. ഒരു തവണ തുറന്നു വായിച്ചാൽ സ്വയം മാഞ്ഞു പോകും എന്നതായിരുന്നു വില്യം ഗിബ്സന്റെ അഗ്രിപ്പ എന്ന രചനയുടെ പ്രത്യേകത

കമ്പ്യൂട്ടറിന്റേയും ഇന്റർനെറ്റിന്റേയും ആവിർഭാവത്തോടെ മേൽപറഞ്ഞ തരത്തിലുള്ള കഥകളുടേയും കളികളുടേയും സങ്കീർണ്ണത വർദ്ധിക്കുകയും, പലതും കളിക്കാരെ അവയുടെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കേവലം ഒരു വിനോദോപാധി എന്നതിലുപരി തൊഴിൽ നിയമനങ്ങൾക്കും വിപണന തന്ത്രങ്ങളുടെ ഭാഗമായും ഇത്തരം പ്രശ്നോത്തരികളും കളികളും ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു.

ഇത്തരത്തിൽ കുറച്ച് നാളുകളായി ഇന്റർനെറ്റിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് സിക്കാഡ 3301.

സിക്കാഡ 3301 നാൾവഴികളിലൂടെ

ഒരേസമയം കമ്പ്യൂട്ടർ ലോകത്തെ ത്രസിപ്പിക്കാനും ആകാംക്ഷാഭരിതരാക്കാനും സിക്കാഡയ്ക്ക് കഴിഞ്ഞതെങ്ങനെയെന്നു നമുക്ക് നോക്കാം. കഴിഞ്ഞ നാല് വർഷങ്ങളായി ലോകത്തിലെ പ്രതിഭാശാലികളായ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് വിദഗ്ദ്ധരെ തേടി, ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളുടെ ഒരു ശ്രേണി തന്നെ ഇന്റർനെറ്റിൽ പല സൈറ്റുകളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തി പന്ത്രണ്ട് ജനുവരിയിൽ, ‘ഫോർ ചാൻ’ (4chan) എന്ന വെബ്സൈറ്റിലെ ‘/b/’ എന്ന മെസേജ് ബോർഡിൽ ആദ്യസന്ദേശം പ്രത്യക്ഷപ്പെട്ടതോടെ ആയിരുന്നു ഇതിന്റെ തുടക്കം. സ്വന്തം പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാം എന്നതാണ്, ‘മൂട്ട്’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, ക്രിസ്റ്റഫർ പൂൾ രണ്ടായിരത്തിമൂന്നിൽ ആരംഭിച്ച, 4chan എന്ന വെബ്സൈറ്റിന്റെ പ്രത്യേകത. ഡിജിറ്റൽ ഫയലുകളിലൂടെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ഡിജിറ്റൽ സ്റ്റെഗനോഗ്രഫി എന്ന സങ്കേതമാണ് അതിധൈഷണശാലികളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിന്റെ ആദ്യപടിയായി ഇവർ ഉപയോഗപ്പെടുത്തിയത്.

ആദ്യചിത്രത്തിൽ നിന്ന് ലഭിച്ച അക്ഷരക്കൂട്ടത്തെ സീസർ സൈഫർ എന്ന മാർഗമുപയോഗിച്ച് നിർദ്ധാരണം ചെയ്തപ്പോൾ ലഭിച്ച വെബ്സൈറ്റിൽ അടുത്ത സൂചന കാത്തിരിപ്പുണ്ടായിരുന്നു.

ഒറ്റനോട്ടത്തിൽ നിരുൽസാഹപ്പെടുത്തുന്ന തോന്നലുണ്ടാക്കുമെങ്കിലും, ‘ഗെസ്’ എന്ന വാക്ക് സൂചനയായെടുത്ത് ഔട്ട്ഗെസ് എന്ന പ്രോഗ്രാം ഉപയോഗിച്ച് രണ്ടാം ചിത്രം അപഗ്രഥിച്ചപ്പോൾ കിട്ടിയ സൂചന റെഡ്ഡിറ്റ് എന്ന വാർത്താ ഫോറത്തിലെ ഒരു മെസേജ് ബോർഡിലേക്കാണ് വഴികാട്ടിയത്. രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ ഒരു നോട്ടീസ് ബോർഡിലെന്നവണ്ണം പ്രസിദ്ധീകരിക്കാവുന്ന ഒരു സോഷ്യൽ വെബ്സൈറ്റാണ് റെഡ്ഡിറ്റ്. സ്റ്റെഗനോഗ്രഫി തന്ത്രങ്ങളുപയോഗിച്ച് ചിത്രങ്ങളിൽ വിവരങ്ങൾ രഹസ്യമായി ആലേഖനം ചെയ്യാനും അവ തിരിച്ചെടുക്കാനുമുള്ള കമ്പ്യൂട്ടർ പ്രോഗ്രാമാണ് ഔട്ട്ഗെസ്.

ക്രമം തെറ്റിച്ചെഴുതിയ വരികളും, വരകളും കുത്തുകളും കൊണ്ടെഴുതുന്ന മായൻ സംഖ്യകളും, സിക്കാഡ എന്ന ചീവീടിന്റെ രൂപമടങ്ങുന്ന ചിത്രങ്ങളും, നിരന്തരം റെഡ്ഡിറ്റിലെ മെസേജ്ബോർഡിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മാബിനോഗ്യോൻ (Mabinogion) എന്ന പുസ്തകത്തിലെ ‘ദ ലേഡി ഓഫ് ദ ഫൗണ്ടൻ’ എന്ന കഥയിൽ നിന്നുമായിരുന്നു ആ വരികൾ. ഇതിനിടെ സൂചനകളുടെ നിഗൂഢതയും സങ്കീർണ്ണതയും വർദ്ധിച്ചു. ഒരേ സമയം പല സൂചനകളും കണ്ടു തുടങ്ങി. ഉത്തരം തേടുന്നവരുടെ കൂട്ടായ്മകൾ ‘4chan’ പോലുള്ള സോഷ്യൽ സൈറ്റുകളിൽ രൂപം കൊള്ളാനും ഉത്തരങ്ങളിലേക്കുള്ള വഴികൾ ചർച്ച ചെയ്യപ്പെടാനും തുടങ്ങി.

‘ദ ലേഡി ഓഫ് ഫൗണ്ടൻ’ എന്ന ബുക്കിനെ, ലഭിച്ചിരുന്ന ബുക്ക് കോഡ് ഉപയോഗിച്ച് അപഗ്രഥിച്ചപ്പോൾ ‘രണ്ട് ഒന്ന് നാല് മൂന്ന് ഒമ്പത് പൂജ്യം ഒമ്പത് ആറ് പൂജ്യം എട്ട്’ എന്ന യു.എസ് ടെലിഫോൺ നമ്പറിലേക്ക് വിളിക്കൂ എന്ന സന്ദേശമാണ് ലഭിച്ചത്. 3301-നൊപ്പം ആദ്യ ചിത്രത്തിൽ അടങ്ങിയ രണ്ടു അവിഭാജ്യ സംഖ്യകളെ കണ്ടെത്തണമെന്ന ഒരു സന്ദേശമാണ് ഫോൺ ചെയ്തവരെ കാത്തിരുന്നത്.

ആ മൂന്നു നമ്പറുകളും ഗുണിച്ചു കിട്ടിയ സംഖ്യ, 845145127.com എന്ന വെബ്സൈറ്റിലേക്കാണ് മൽസരാർത്ഥികളെ നയിച്ചത്. ആ വെബ്സൈറ്റിൽ കാണപ്പെട്ട കൗണ്ട് ഡൗണ്‍ ക്ളോക്കും സിക്കാഡയുടെ ചിത്രവും, തങ്ങൾ ശരിയായ വഴിയിലാണെന്ന് മത്സരാർത്ഥികൾക്ക് ഉറപ്പു നല്കി. വെബ്സൈറ്റിലെ കൗണ്ട്ഡൗൺ ക്ലോക്കിൽ പറഞ്ഞ സമയം അവസാനിച്ചതോടെ ലോകത്തിന്റെ പല ഭാഗത്തുള്ള പതിനാലു സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ജി.പി.എസ് അക്കങ്ങൾ ആ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. വഴിവിളക്ക് തൂണുകളിൽ പതിപ്പിച്ച ക്യു.ആർ കോഡുകളും സിക്കാഡയുടെ രൂപവുമാണ് ആ സ്ഥലങ്ങൾ സന്ദർശിച്ചവർക്ക് കാണാൻ കഴിഞ്ഞത്.

തൂണുകളിൽ കണ്ട ക്യു.ആർ കോഡുകൾ ഡീ‍കോഡ് ചെയ്തപ്പോൾ ലഭിച്ച സന്ദേശങ്ങളിൽ ‘അഗ്രിപ്പ’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. ഒരു തവണ തുറന്നു വായിച്ചാൽ സ്വയം മാഞ്ഞു പോകും എന്നതായിരുന്നു വില്യം ഗിബ്സന്റെ അഗ്രിപ്പ എന്ന രചനയുടെ പ്രത്യേകത. സന്ദേശത്തിൽ അടങ്ങിയിരുന്ന ബുക്ക് കോഡ് ഉപയോഗിച്ച അഗ്രിപ്പയിൽ നിന്നെടുത്ത അക്ഷരങ്ങൾ കൂട്ടി വെച്ചപ്പോൾ ലഭിച്ചത് ഒരു TOR (The Onion Router) അഡ്രസ്സ് ആയിരുന്നു. ഇന്റർനെറ്റ് അധോലോകമെന്നു വിശേഷിപ്പിക്കാവുന്ന ഡാർക്ക്നെറ്റിലേക്ക് വഴി കാട്ടുന്ന ഈ കമ്പ്യൂട്ടർ നെറ്റ് വർക്ക്, വിവരസംവേദനത്തിന്റെ ഒരോ ഘട്ടത്തിലും സ്രോതസ്സിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മായ്ച്ചു കളയുന്നു. അതുകൊണ്ടു തന്നെ സാധാരണ സെർച്ച് എഞ്ചിനുകളുടെ അന്വേഷണ പരിധിക്കപ്പുറമാണ് ഡാർക്ക്നെറ്റ്. നിത്യ ജീവിതത്തിൽ നാമെല്ലാം ഉപയോഗിക്കുന്ന ഉപരിതല ഇന്റർനെറ്റിനേക്കാൾ പതിന്മടങ്ങ് വ്യാപ്തിയുള്ള ഈ മേഖലയാണ് മനുഷ്യക്കടത്ത്, മയക്കുമരുന്ന് വിപണി, ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള സന്ദേശ കൈമാറ്റങ്ങൾക്ക് ഉപയോഗിക്കുന്നത്..

പങ്കാളികളോട് ഒരു പുതിയ ഈമെയിൽ അഡ്രസ്സ് നിർമ്മിച്ച് TOR (ഒരു അജ്ഞാത നെറ്റ് വർക്ക്) നെറ്റ് വർക്കിൽ പോസ്റ്റ് ചെയ്യണമെന്ന സന്ദേശമാണ് അവിടെ ഉണ്ടായിരുന്നത്. തെരഞ്ഞെടുത്ത കുറച്ചു പേർക്ക് സ്വകാര്യ ഈമെയിൽ സന്ദേശങ്ങളും തുടർചോദ്യങ്ങളും ലഭിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയില്ല.

“ഞങ്ങൾ അന്വേഷിച്ചിരുന്നവരെ കണ്ടെത്തിയിരിക്കുന്നു. ഒരു മാസം നീണ്ട യാത്ര ഇവിടെ അവസാനിക്കുന്നു” എന്നൊരു സന്ദേശം റെഡ്ഡിറ്റ് വെബ്സൈറ്റില്‍ (Reddit ) പ്രത്യക്ഷപ്പെട്ടതോടെ ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ ബുദ്ധിശാലികളെ ത്രസിപ്പിച്ച പ്രതിഭാ വേട്ടയുടെ ആദ്യ അദ്ധ്യായത്തിനു തിരശ്ശീല വീണു.

“ഹലോ, പ്രതിഭാശാലികൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണം വീണ്ടും തുടരുന്നു” എന്നൊരു സന്ദേശത്തോടെ രണ്ടായിരത്തി പതിമൂന്ന് ജനുവരി നാലിനു രണ്ടാം വേട്ട ‘4chan’ വെബ്സൈറ്റിലെ /b/ എന്ന മെസേജ് ബോർഡിൽ ആരംഭിച്ചു. അതോടൊപ്പം ചേർത്തിരുന്ന ചിത്രം അനാവരണം ചെയ്തത് മാന്ത്രിക കഥാകാരനായ അലിസ്ടർ ക്രൌളി രചിച്ച ഒരു കവിത ആയിരുന്നു. മൽസരാർത്ഥികൾക്ക് ഒരു ഗാനവും അവിഭാജ്യ സംഖ്യകൾ അടങ്ങുന്ന ഒരു ഫയലും ഡൗണ്‍ലോഡ് ചെയ്യാൻസാധിച്ചു. ‘3301’ എന്ന ആര്‍ട്ടിസ്റ്റ് അവതരിപ്പിച്ച ഗാനം ആരംഭിക്കുന്നത് സിക്കാഡയുടെ മൂളലോടെയാണ്.

പിന്നീട് അവിഭാജ്യ സംഖ്യകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ട്വിറ്റർ അക്കൗണ്ടിലേക്കും ഏഴു വ്യത്യസ്ഥ സ്ഥലനാമങ്ങൾ അടങ്ങിയ ഡാർക്ക്‌നെറ്റ് വെബ്സൈറ്റിലേക്കും മത്സരാർത്ഥികൾ നയിക്കപ്പെട്ടു. ഇതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ രഹസ്യമായ വ്യക്തിപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. രണ്ടായിരത്തി പതിനാല് ജനുവരി ആറിന് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു സന്ദേശത്തോടെ ആരംഭിച്ച മൂന്നാം ഘട്ട മത്സരം, ആദ്യ ഘട്ടം മുതലുള്ള പുരോഗതി വിലയിരുത്താനായി രൂപംകൊണ്ട ‘അൺകവറിങ്ങ് സിക്കാഡ’ എന്ന വിക്കിപേജിലും ഐ. ആർ. സി ചാറ്റ്റൂമിലും തുടർന്നു കൊണ്ടിരുന്നെങ്കിലും മത്സരം അവസാനിച്ചതായി ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

ബുദ്ധിശാലികളെ തേടിയുള്ള അവസാന മത്സരം എന്ന വാചകത്തോടെ രണ്ടായിരത്തി പതിനഞ്ച് ജനുവരി പത്താം തീയ്യതി റെഡ്ഡിറ്റ് വെബ് സൈറ്റിൽ ചില സൂചനകൾ പ്രത്യക്ഷപ്പെട്ടെങ്കിലും സിക്കാഡ 3301 ന്റെ പിജിപി സിഗ്നേച്ചറിന്റെ അഭാവം മത്സരത്തിന്റെ ആധികാരികതയെ കുറിച്ച് സംശയം ഉണർത്തുന്നു.

സിക്കാഡ 3301 എന്ന പേരിലേക്ക്

സൂചനകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ട സിക്കാഡ എന്ന ചീവിടിന്റെ രൂപവും ഓരോ സന്ദേശത്തിനും താഴെ അയക്കുന്ന ആളിന്റെ കയ്യൊപ്പിനു പകരം കണ്ട 3301 എന്ന അവിഭാജ്യ സംഖ്യയുമാണ് ഈ ചോദ്യാവലിയേയും ഇതിനു പുറകിലുള്ളവരേയും സിക്കാഡ 3301 എന്ന പേരു ചൊല്ലി വിളിക്കാൻ കമ്പ്യൂട്ടർ ശാസ്ത്ര ലോകത്തെ പ്രേരിപ്പിച്ചത്. മുട്ട വിരിഞ്ഞ് പുറത്തുവന്ന് പതിമൂന്നോ പതിനേഴോ വർഷം ഭൂമിക്കടിയിലെ ഏകാന്തവാസത്തിനു ശേഷം മാത്രം ഇത്തരം ചീവീടുകൾ ജീവിതം തുടങ്ങുന്നു എന്നതും, പതിനേഴും പതിമൂന്നും മറ്റു രണ്ട് അവിഭാജ്യ സംഖ്യകൾ ആണെന്നതും, അവിഭാജ്യ സംഖ്യകളെ കണ്ടെത്തുന്നത് ഈ വേട്ട പോലെ ശ്രമകരമാണെന്നതും യാദൃശ്ചികമായി ഒന്നുചേർന്നതാണെന്ന് കരുതാൻ വയ്യ.

ആരായിരിക്കാം ഇതിനു പിറകിൽ? എന്താണ് അവരുടെ ഉദ്ദേശം?

പ്രശ്നോത്തരി ആരംഭിച്ചത് മുതൽ ഉത്തരം കണ്ടെത്തുന്നതോടൊപ്പം ഇതിനു പുറകിലുള്ളവരെ കുറിച്ചും അവരുടെ ലക്ഷ്യങ്ങളെ കുറിച്ചും നിരവധി അനുമാനങ്ങളും ഉയർന്നു വന്നു. പുതിയൊരു സിനിമയോ കമ്പ്യൂട്ടർ ഗെയിമോ വിപണിയിലിറക്കും മുമ്പുള്ള ആൾട്ടെർനേറ്റ് റിയാലിറ്റി ഗെയിം (എ.ആർ.ജി) ആണെന്നാണ്‌ ആദ്യമുയർന്ന സംശയം. സാധാരണ കമ്പ്യൂട്ടർ ഗെയിമുകളിൽ നിന്നും വ്യത്യസ്തമായി ഒരു ഫോണ്‍കോളിലൂടെയോ ഈമെയിൽ സന്ദേശത്തിലൂടെയോ മറ്റേതെങ്കിലും പ്രവൃത്തിയിലൂടെയോ കളിയുടെ ഗതി നിയന്ത്രിക്കാനാകും വിധമാണ് എ.ആർ.ജി-യുടെ ഘടന.

സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ചു രണ്ടായിരത്തി ഒന്നില്‍ നടത്തിയ ദ ബീസ്റ്റ് ആണ് ജനശ്രദ്ധയാകർഷിച്ച ആദ്യകാല എ.ആർ.ജി. രണ്ടായിരത്തി നാലിൽ ഹാലോ-2 എന്ന എക്സ്ബോക്സ് ഗെയിമിന്റെ പ്രചരണാർത്ഥം മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച ഐ ലൗ ബീസ് എന്ന എ.ആർ.ജിയും സർവ്വരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ദി ഇമിറ്റേഷൻ ഗെയിം എന്ന സിനിമയുടെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് യു.കെ നിവാസികൾക്കായി രണ്ടായിരത്തി പതിനാല് നവമ്പറിൽ ക്രിപ്റ്റോഗ്രഫി മത്സരം സംഘടിപ്പിച്ചിരുന്നു. എന്നാൽ അതിനേക്കാളേറെ സങ്കീർണ്ണമാണ് സിക്കാഡ 3301 ന്റെ ഘടന.

പ്രമുഖ സെക്യൂരിറ്റി എജൻസികളായ എം. സിക്സ്റ്റീൻ, നാഷണൽ സെക്യൂരിറ്റി ഏജൻസി, ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സ് മുതലായവർക്ക് വേണ്ട പ്രതിഭാധനരായ ക്രിപ്റ്റോളജിസ്റ്റുകളെ നിയമിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് ധരിക്കുന്നവരും കുറവല്ല. അതീവ രഹസ്യമോ സ്വകാര്യമോ ആയ വിവരങ്ങൾ അയക്കേണ്ടി വരുമ്പോൾ പുറമേയുള്ളവർക്ക് മനസ്സിലാകാത്ത വിധത്തിൽ സന്ദേശങ്ങളെ മാറ്റിയെടുക്കുന്ന വിദ്യ പുരാതന കാലം മുതൽക്കെ പ്രചാരത്തിലുണ്ട്. ഇതുപോലെ സന്ദേശങ്ങളെ ഗൂഢ ഭാഷയിലേക്ക് മാറ്റുന്നതിനുപയോഗിക്കുന്ന സങ്കേതമാണ് ക്രിപ്റ്റോഗ്രാഫി. സന്ദേശ വിനിമയത്തിന് അധികവും കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത്, കമ്പ്യൂട്ടർ സയൻസിന്റേയും ഗണിത ശാസ്ത്രത്തിന്റേയും സഹായത്തോടെയാണിത് പ്രാവർത്തികമാക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണ് ക്രിപ്റ്റോളജിസ്റ്റുകൾ എന്നറിയപ്പെടുന്നത്.

അമേരിക്കൻ ക്രിപ്റ്റോഗ്രാം അസോസിയേഷൻ മുൻമേധാവി ഡോക്ടർ ജിം ഗില്ലോഗ്ലിയുടെ അഭിപ്രായത്തിൽ കാലങ്ങളായി നടപ്പിലാക്കിയിരുന്ന ഒരു തൊഴിൽ നിയമന തന്ത്രമാണിത്. രണ്ടാം ലോക മഹായുദ്ധത്തിനിടെ ഡെയിലി ടെലിഗ്രാഫ് പത്രത്തിൽ പ്രദ്ധീകരിച്ചിരുന്ന പദപ്രശ്നോത്തരിയിലൂടെയാണ് ബ്ലെച്‌ലി പാർക്ക് ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്. രണ്ടായിരത്തി പത്തിൽ ഹാക്കിംഗ് പ്രതിരോധ സംഘടനയായ എയർഫോഴ്സ് സൈബർ കമാന്റ് തങ്ങളുടെ ലോഗോയിൽ ഒളിപ്പിച്ച ഹെക്സാ ഡെസിമൽ കോഡ് കണ്ടുപിടിക്കാനായി ലോകമെമ്പാടുമുള്ള അനലിസ്റ്റുകളെ വെല്ലുവിളിച്ചിരുന്നു. സംഘടനയുടെ സാരഥിയായ ലഫ്റ്റനന്റ് ജനറൽ കീത്ത് അലക്സാണ്ടർ, വെല്ലുവിളി പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം തന്നെ ഉത്തരം കണ്ടുപിടിക്കപ്പെട്ടു. രണ്ടായിരത്തി പതിമൂന്ന് സെപ്റ്റംബറിൽ ബ്രിട്ടീഷ് സെക്യൂരിറ്റി സംഘടനയായ ജി.സി.എച്.ക്യു, ‘കാൻ യു ഫൈൻഡ് ഇറ്റ്?’ എന്ന പേരിൽ മറ്റൊരു മത്സരവും നടത്തിയിരുന്നു. ജി.സി.എച്.ക്യു-ന്റെ റിസോഴ്സ് വിഭാഗം മേധാവി ജെയിൻ ജോണ്‍സിന്റെ വാക്കുകളിൽ ഇത്തരം മത്സരങ്ങൾ ഒരേ സമയം രസകരമായൊരു മത്സരവും ഗൗരവമാർന്ന തൊഴിൽ നിയമന പരീക്ഷയുമാണ്. കഴിഞ്ഞ കുറെ മാസങ്ങളായി യു.എസ് നേവിയും തങ്ങളുടെ ക്രിപ്റ്റോളജി ആന്ഡ് ടെക്നോളജി വിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇത്തരം മത്സരങ്ങള്‍ നിരന്തരമായി സംഘടിപ്പിക്കുന്നുണ്ട്. പക്ഷെ സി.ഐ.എയോ എൻ.എസ്.എയോ പോലുള്ള സർക്കാർ ഏജൻസികൾ കുപ്രസിദ്ധമായ 4chan പോലുള്ള സൈറ്റുകൾ ഇതിനായി തെരഞ്ഞെടുക്കുമോ എന്ന സംശയം ഈ വാദത്തെ ദുർബലപ്പെടുത്തുന്നു.

അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വയർലെസ്സ്/സ്മാർട്ട് ടെക്നോളജി ഉപകരണങ്ങളും ആമസോണ്‍ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളും ചിപ്-പിൻ കാർഡുകളും രാജ്യസുരക്ഷ ഏജൻസികളിൽ മാത്രമല്ല, ബാങ്കുകളിലും സോഫ്റ്റ് വെയർ സ്ഥാപനങ്ങളിലും സമർത്ഥരായ ക്രിപ്റ്റോളജിസ്റ്റുകളുടെ വർദ്ധിച്ചു വരുന്ന ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് സിക്കാഡ 3301-ന്റെ പിന്നണിയിൽ ഈ രംഗങ്ങളിലുള്ള സ്ഥാപനങ്ങളേയും പ്രതീക്ഷിക്കാം.

രണ്ടായിരത്തിഏഴ് ഏപ്രിൽ മുതൽ ആരംഭിച്ച റ്റോർമെന്റ് എന്ന ഇന്റര്നെറ്റ് പ്രഹേളികയും പല ഘട്ടങ്ങളായി ക്രിപ്റ്റോഗ്രാം അധിഷ്ഠിതമായ പസിലുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ രണ്ടായിരത്തി പതിന്നൊന്നിൽ “അനോണിമസ്” എന്ന സംഘടന ഹാക്ക് ചെയ്തതോടെ ആ വെബ്സൈറ്റ് തങ്ങളുടെ പ്രവർത്തനം നിർത്തി വെച്ചു .

സിക്കാഡ 3301വിന്റെ കുരുക്കഴിക്കാൻ ശ്രമിച്ച പലരുടേയും അഭിപ്രായത്തിൽ, അനോണിമസ് എന്ന ഹാക്കർ ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേർക്കുന്നതാകാം സിക്കാഡയുടെ ലക്ഷ്യം എന്നും പറയപ്പെടുന്നു. ചോദ്യങ്ങളിൽ പലപ്പോഴായി സൂചിപ്പിച്ച സ്ഥലങ്ങളൊക്കെ ലോകത്തിലെ പ്രതിഭാ ശാലികളായ ഹാക്കർമാരുടേയും ഇന്റർനെറ്റ് സുരക്ഷാ വിദഗ്ദ്ധരുടേയും കേന്ദ്രമാണെന്നതും പല ചോദ്യങ്ങളും അവസാനം ചെന്നെത്തിയത് ഡാർക്ക്നെറ്റിന്റെ ഇരുണ്ടയിടങ്ങളിലാണെന്നതും ഈ വാദത്തിനു കൂടുതൽ ബലമേകുന്നു.

ഇത്രയും കാലം, മൽസരലക്ഷ്യം, അതിനു പുറകിലുള്ളവർ, വിജയികൾ, എല്ലാം രഹസ്യമാക്കി നിലനിർത്തുന്നതിനാലാകണം സിക്കാഡ് 3301 നെ ‘വിചിത്രമായ അഞ്ച് ഇന്റർനെറ്റ് നിഗൂഢത’കളിൽ ഒന്നായി പ്രമുഖ അമേരിക്കൻ പത്രമായ വാഷിങ്ങ്ടൺ പോസ്റ്റ് വിശേഷിപ്പിക്കുന്നത്.

ജനുവരി 2015-ൽ പുതിയ പസിളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ, 2016 ജനുവരി റ്റീറ്ററിൽ ഒരു പുതിയ പസിൾ വന്നിട്ടുണ്ട്.
വായനക്കാർക്ക് ഈ രഹസ്യത്തിൽ പങ്കെടുക്കണമെങ്കിൽ എഡിറ്റർക്ക് എഴുതുക. editor@1811ad.com

rehnaരെഹന ഖാലിദ്‌ | Rehna Khalid

മൾട്ടിനാഷണൽ ഓയിൽഫീൽഡ് നിർമ്മാണ കമ്പനിയുടെ ഇലക്ട്രിക്കൽ ഡിസൈൻ വിഭാഗം മേധാവി; കേരളത്തിലും മിഡിൽ ഈസ്റ്റിലും പ്രവർത്തിക്കുന്ന സൗരോർജ്ജ ഉപകരണ സ്ഥാപനത്തിന്റെ സഹസംരംഭക. സാങ്കേതിക രംഗത്തെ പുതു പ്രവണതകളെ പിന്തുടരുന്നതോടൊപ്പം സാഹിത്യം,ഓട്ടോമൻ ചിത്ര രചനകളുടെ നിറക്കൂട്ടുകൾ,ഗസലുകൾ, കോഴിക്കോടൻ മട്ടൻ ബിരിയാണി തുടങ്ങിയവ ആസ്വദിക്കാനും ഇഷ്ടം.

Heads the Electrical department of an multinational oil field construction company. Being deeply convinced about the need for renewable energy, she shares the board of an international solar company. She is awed by innovative technology and the mesmerizing colors of ottoman painting. Ghazals, Literature and mutton biriyani feeds her soul. Blogs here


Cover Image Copyrights – Stained Glass Cicada wings, U, wings 1, Bent Creek EF, NC_2014-01-17-16.16.33 ZS PMax

Leave a Comment