യന്ത്രത്തിന്റെ മനസ്സ്‌

ണ്ടായിരത്തി പതിമൂന്നിൽ പ്രദർശനത്തിനെത്തിയ ‘ഹെർ’ എന്ന സിനിമയിലെ പ്രധാന കഥാപാത്രമാണ് സമാന്ത. ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹമാണ് സമാന്തയുടെ ശബ്ദത്തിൽ. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ, എന്തിനെക്കുറിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങൾ, ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ ലോകം പുതിയതാണ് അവൾക്ക്. അവളുടെ വൈകാരികവും ബൗദ്ധികവുമായ വളർച്ചയാണ് ഈ സിനിമയുടെ ഒരു പ്രധാന ആകർഷണം. നായകനായ തിയഡോറിനോട് വളരെ രസകരമായി സംസാരിച്ചും, ചിരിപ്പിച്ചും കരയിപ്പിച്ചും അയാളുടെ ജീവിതത്തിൽ ഇടപെട്ട് തിയഡോറിനെ പ്രേമബദ്ധനാക്കുകയും ഒടുക്കം അയാൾക്കുപരി വളർന്ന് അയാളെ ഉപേക്ഷിച്ച് പോകേണ്ടി വരികയും ചെയ്യുന്ന സമാന്ത, തിയഡോറിന്റെ പേഴ്സണൽ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഒരു പ്രോഗ്രാം മാത്രമാണ്. കൃത്രിമമായി ബുദ്ധി വികസിപ്പിച്ചെടുത്ത ഒരു യന്ത്രം. ഇത്തരം ഒരു കഥ വിശ്വസിക്കാൻ ഇന്ന് നമുക്ക് ഏറെ ബുദ്ധിമുട്ടില്ലാത്തത് ‘കൃത്രിമ ബുദ്ധി’ (ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ്) എന്ന സാങ്കേതിക വിദ്യയുമായി നാം അത്രയ്ക്ക് സമരസപ്പെട്ടതുകൊണ്ട് ആയിരിക്കില്ല. ഒരു പക്ഷേ ദിവസവും നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന അനവധി യന്ത്രങ്ങളുടെ സാധ്യതകളെക്കുറിച്ച് ബോധ്യം വന്നതു കൊണ്ടാകാം. അല്ലെങ്കിൽ, സ്വന്തം സൃഷ്ടിയുമായി പ്രണയത്തിലാവുന്ന പിഗ്‌മാലിയനെയും, മേരി ഷെല്ലിയുടെ ഫ്രാങ്കെൻസ്റ്റൈന്നെയും, എന്തിന്, മണ്ണിൽ നിന്ന് ദൈവത്താൽ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെയും, മണ്ണ് കുഴച്ചുണ്ടാക്കിയ രൂപത്തിന് ചേതന നൽകി മകനായി സ്വീകരിക്കുന്ന ദേവീദേവന്മാരുടെയും എല്ലാം കഥകളിലൂടെ കൃത്രിമമായ ഒരു ശരീരവും മനസ്സും എന്ന സങ്കല്പം കാലങ്ങളായി നമ്മുടെയൊക്കെ മനസ്സിൽ വേരൂന്നിക്കഴിഞ്ഞിരിക്കുന്നത് കൊണ്ടുമാകാം.

ബുദ്ധിയെക്കുറിച്ചും മനസ്സിനെക്കുറിച്ചുമൊക്കെ അന്ധമായ ധാരണകളിൽ ഊന്നിയാണ് നമ്മൾ ഇവയ്ക്ക് ഉച്ചനീചത്വങ്ങൾ കൽപ്പിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികളെ, ബൗദ്ധികവും ശാരീരികവും ആയ വൈകല്യങ്ങൾ ബാധിച്ചവരായിട്ടേ ഇന്നും പൊതുബോധം അംഗീകരിക്കുന്നുള്ളു, എങ്കിലും ബുദ്ധിക്കുറവ്, ഭ്രാന്ത് എന്നൊക്കെ നമ്മൾ തറപ്പിച്ച് പറയുന്ന അവസ്ഥകൾ പലതും ഇതരബൗദ്ധിക അവസ്ഥകളാണെന്ന കൂടുതൽ വിശാലമായ ദർശനങ്ങളിലേക്കും ലോകം നീങ്ങുന്നുണ്ട്.

മനസ്സ്, പ്രോഗ്രാം ചെയ്ത ഒരു വ്യൂഹം(സിസ്റ്റം) ആണെന്നും, അതുപോലെ ഇണക്കിച്ചേർത്താൽ യന്ത്രങ്ങൾക്കും യുക്തിയുക്തമായി ചിന്തിക്കാനും പ്രതികരിക്കാനും സാധിക്കും എന്നുമുള്ള സങ്കൽപ്പമാണ് ‘കൃത്രിമ ബുദ്ധി’ എന്ന സാങ്കേതിക വിദ്യയുടെ ആശയപരമായ സത്ത. ഈ ആശയത്തിന് രണ്ടു ഘടകങ്ങൾ ഉണ്ട്. ആദ്യത്തേത് മനസ്സിന്റെ പ്രോഗ്രാമിങ്ങ്. രണ്ടാമത്തേത് യന്ത്രങ്ങളെ ഇണക്കിച്ചേർക്കാനും അവയെ പ്രതികരിപ്പിക്കാനും കഴിയുന്ന സാങ്കേതിക വിദ്യ. ഇതിൽ ആദ്യത്തേതിന് മനുഷ്യ ചരിത്രത്തിന്റെ തന്നെ അത്രയും പഴക്കവും, അനവധി ദേശസംസ്കാരങ്ങളുടെ വ്യാപ്തിയും, ഓരോ വ്യക്തിയുടെയും മനസ്സിന്റെ ആഴവും ഉണ്ട്. ചരിത്രത്താലും സംസ്കാരത്താലും ആത്മപരിശ്രമങ്ങളാലും ഒക്കെ പ്രോഗ്രാം ചെയ്യപ്പെട്ട ഒന്നാണല്ലോ മനുഷ്യമനസ്സ്. നമ്മൾ വളരെ ലാഘവത്തോടെ ‘മനസ്സ്’ എന്ന് പറഞ്ഞുവച്ച ഒന്നിന്റെ നിർമ്മാണപ്രക്രിയയുടെ സൂക്ഷ്മവശങ്ങളെക്കുറിച്ചും, അതിന്റെ സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലങ്ങളെക്കുറിച്ചും നൂറ്റാണ്ടുകൾ പരന്നു കിടക്കുന്ന ഗഹനമായ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ പഠനങ്ങളും അവയെക്കുറിച്ച് സമൂഹചിന്തയിൽ ഉയർന്നുവന്ന പ്രതിഫലനങ്ങളും ആണ് കൃത്രിമ മനസ്സ് എന്ന ആശയം ഉണ്ടാവുന്നതിനും അതിന്റെ പ്രായോഗികമായ സാധ്യതകളെക്കുറിച്ച് ആരായുന്നതിനും തിയററ്റിക്കൽ സയൻസിനെ പ്രാപ്തമാക്കിയത്. എങ്കിലും ഇത്രയേറെ സങ്കീർണ്ണവും അമൂർത്തവുമായ ഒരു സൃഷ്ടിയെ, കേവലം ലോഹക്കഷണങ്ങൾ ഇണക്കിച്ചേർത്ത് രൂപപ്പെടുത്തിയ ഒരു യന്ത്രക്കൂട്ടിലേക്ക് കുറച്ചെങ്കിലും നിക്ഷേപിക്കുവാൻ സാധിക്കണമെങ്കിൽ, യന്ത്രത്തിന്റെ ഘടന, അതീവ സൂക്ഷ്മവും, സ്വയം പര്യാപ്തവും അപാരമായ പരിണാമസാധ്യതകൾ ഉള്ളതും ആയിരിക്കണമല്ലോ. വന്യമായ ഭാവനകൾക്കും ആശ്ചര്യത്തിനുമപ്പുറം കൃത്രിമ മനുഷ്യനെ സാംസ്കാരികലോകത്തിന്റെ ഭാഗമാക്കി തീർക്കാൻ കെൽപ്പുള്ള യന്ത്രനിർമ്മിതിയിലേക്ക് സാങ്കേതിക ശാസ്ത്രലോകം ഇന്നും പാകപ്പെട്ട് വരുന്നതേയുള്ളു.

കൃത്രിമ ബുദ്ധിയുടെ സാങ്കേതിക സാധ്യതകൾക്കുമുമ്പ്, മനസ്സ്, ചിന്ത തുടങ്ങിയ അമൂർത്ത സങ്കൽപ്പങ്ങളെക്കുറിച്ച് പഠിച്ചിരുന്നത് തത്വശാസ്ത്രജ്ഞരും ദാർശനികരും ഒക്കെയായിരുന്നു. പ്ലേറ്റോ, സോക്രട്ടീസ് മുതലായ പ്രാചീന ചിന്തകരാണ് മനുഷ്യമനസ്സിന്റെ സാധ്യതകളെക്കുറിച്ചുള്ള ഇത്തരം പഠനങ്ങൾക്ക് തുടക്കം ഇട്ടത്. ക്ലാസിക്കൽ കാലം തൊട്ടേ ഫിലോസഫി, തിയോളജി, സാഹിത്യം തുടങ്ങിയ വിവിധതരം വിഷയങ്ങളാകട്ടെ മനുഷ്യചിന്തയുടെ പലവശങ്ങളും ആരായുന്നവയും ആയിരുന്നു. പിന്നീട്, യുക്തിയുടെ യുഗം എന്നറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിലെത്തുമ്പോൾ ഈ അറിവിന്റെ ശ്രേണിയിലേക്ക് ശണിതശാസ്ത്രവും, ഭൗതികശാസ്ത്രവും, രാഷ്ട്രതന്ത്രവും ഒക്കെ ചേരുകയും ലെബനിസ്, കാന്റ്, സ്പിനോസ, ദെകാർത്ത് മുതലായ ദാർശനികരിലൂടെ പാശ്ചാത്യ ജ്ഞാനസമ്പ്രദായങ്ങളിൽ മനുഷ്യയുക്തിയെക്കുറിച്ച് പുതിയ സങ്കൽപ്പങ്ങൾ രൂപപ്പെട്ടു വരികയും ചെയ്തു. ലെബനീസിന്റെ ‘സ്റ്റെപ്പ്ഡ് റെക്കണർ’, പാസ്ക്കലിന്റെ ‘കാൽക്കുലേറ്റർ’ എന്നീ കാൽക്കുലേറ്റിങ്ങ് മെഷീനുകൾ ഈ സാങ്കേതികതയിലേക്കുള്ള ചുവടുവെപ്പുകളാണെങ്കിലും ഈ യന്ത്രങ്ങൾ ‘ചിന്തിക്കുന്നവ’ ആണെന്ന അവകാശം അന്ന് ഉയർന്നിരുന്നില്ല. മനുഷ്യന്റെ കാര്യത്തിൽത്തന്നെ, മനസ്സ്, ശരീരത്തിൽനിന്ന് വിഭിന്നമായി ‘ചിന്തിക്കുന്ന ഒരു വസ്തു’ ആണെന്ന റെനെ ദെക്കാർത്തിന്റെ സങ്കൽപ്പമാണ് ആദ്യമായി ഇത്തരമൊരു വാദം മുന്നോട്ടു വച്ചത്. പിന്നീട് ഇതേ ആശയം തന്നെയാണ് ചിന്തിക്കുന്ന ഇത്തരം വസ്തുക്കളെ നിർമ്മിച്ചെടുക്കാം എന്ന പ്രായോഗികതയ്ക്ക് കാരണമായി ഭവിച്ചതും.

കൃത്രിമ ബുദ്ധിയുടെ സാങ്കേതിക സാധ്യതകൾക്ക് ആദ്യമായി വഴിതെളിച്ച അലൻ റ്റ്യൂറിങ്ങ് എന്ന കമ്പ്യൂട്ടിങ്ങ് ശാസ്ത്രജ്ഞന്റെ റ്റ്യൂറിങ്ങ് മെഷീൻ എന്ന പ്രോഗ്രാമാണ് നിലവിൽ ചിന്താശേഷിയുള്ള ആദ്യത്തെ യന്ത്രസങ്കൽപ്പം. മെഷീനിന്റെ ചിന്താ ശേഷിയെ പരീക്ഷിക്കുന്നതിന് ‘റ്റ്യൂറിങ്ങ് ടെസ്റ്റ്’ എന്ന ഒരു അടിസ്ഥാനവും ഇതോടൊപ്പം റ്റ്യൂറിങ്ങ് നിർദ്ദേശിച്ചു. ആയിരത്തിത്തൊള്ളായിരത്തി അമ്പതിൽ നിലവിൽ വന്ന ഈ ആശയം ഇന്നത്തെ ഡിജിറ്റൽ കമ്പ്യൂട്ടറിന്റെയും കൂടെ തുടക്കമായിരുന്നെങ്കിലും യഥാർത്ഥത്തിൽ കമ്പ്യൂട്ടബിളിറ്റിയെക്കുറിച്ചുള്ള വളരെ ലളിതമായ ഒരു സങ്കൽപ്പത്തെ പ്രാവർത്തികമാക്കുകയായിരുന്നു റ്റ്യൂറിങ്ങ് മെഷീൻ ചെയ്തത്. യുക്തിപരമായി ചിന്തിച്ചാൽ ഏതൊരു കണക്കും പൂർണ്ണമാവണമെങ്കിൽ നിർദ്ദേശങ്ങളുടെ ഒരു ശ്രേണി സജ്ജമാക്കുകയും അതു പിന്തുടരുകയും വേണം. ഇത്തരത്തിൽ പ്രവൃത്തികളുടെ (റ്റാസ്ക്) ‘കമ്പ്യൂട്ടബിളിറ്റി’ അഥവാ അവയെ നിർദ്ദേശാനുസരണം പൂർത്തീകരിക്കാവുന്നതിന്റെ പരിധി നിർണ്ണയിക്കുക എന്നതായിരുന്നു റ്റ്യൂറിങ്ങ് തന്റെ മെഷീൻ കൊണ്ട് ഉദ്ദേശിച്ചത്.

അതേസമയം യാന്ത്രികമായി പ്രവർത്തിച്ചിരുന്ന ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകളും റ്റ്യൂറിങ്ങ് മെഷീനിൽ ഉണ്ടായിരുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഇരട്ടത്തം (ഡ്യുവാലിറ്റി) എന്ന മനുഷ്യ സങ്കൽപ്പത്തിന് ചേരുംവിധം രണ്ടു തരം അവസ്ഥകൾ ഉള്ള യന്ത്രം എന്നത് ഒരു യാഥാർത്ഥ്യം ആയിത്തീർന്നു. ശരീരത്തിനു തുല്യമായ ഹാര്‍ഡ്‌വെയറും ഭൗതികമായ ഇടങ്ങൾ കയ്യേറുന്നില്ലാത്ത സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിങ്ങ് എന്ന ആന്തരിക പ്രവർത്തനവും ആദ്യമായി ഒരു യന്ത്രത്തിൽ സമ്മേളിച്ചു. പ്രതികരിക്കുന്നതോടൊപ്പം സാഹചര്യങ്ങൾക്ക് അനുസരിച്ച് (തെറ്റോ ശരിയോ ആയ) തീരുമാനങ്ങൾ എടുക്കാനും ഈ യന്ത്രത്തിന് സാധിക്കുന്നു എന്നതിൽ നിന്നാണ് ഇന്റെലിജെന്റ് മെഷീൻ എന്ന ആശയം തന്നെ ഉരുത്തിരിഞ്ഞത്. പക്ഷെ ഒപ്പം മറ്റൊരു പ്രശ്നവും പൊന്തി വന്നു. മനുഷ്യനായാലും യന്ത്രത്തിനായാലും എന്താണ് യഥാർത്ഥത്തിൽ ബുദ്ധി? ധിഷണാശേഷി എന്നത് നിശ്ചിതമായ വഴികളിൽ ഏറ്റവും ഉത്തമമായ ഫലം (ഔട്ട്പ്പുട്ട്) നൽകുക എന്നതാണോ അതോ കാര്യങ്ങൾ ഗ്രഹിച്ച് പുതിയ സാഹചര്യങ്ങൾ തന്നെ സൃഷ്ടിച്ചെടുക്കുക എന്നതാണോ എന്ന് നവസമൂഹ നിർമ്മാണപ്രക്രിയകളിൽ സുപ്രധാനമായ ഒരു ചോദ്യമാണ്.

ബുദ്ധിയെക്കുറിച്ചും മനസ്സിനെക്കുറിച്ചുമൊക്കെ അന്ധമായ ധാരണകളിൽ ഊന്നിയാണ് നമ്മൾ ഇവയ്ക്ക് ഉച്ചനീചത്വങ്ങൾ കൽപ്പിക്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികളെ, ബൗദ്ധികവും ശാരീരികവും ആയ വൈകല്യങ്ങൾ ബാധിച്ചവരായിട്ടേ ഇന്നും പൊതുബോധം അംഗീകരിക്കുന്നുള്ളു, എങ്കിലും ബുദ്ധിക്കുറവ്, ഭ്രാന്ത് എന്നൊക്കെ നമ്മൾ തറപ്പിച്ച് പറയുന്ന അവസ്ഥകൾ പലതും ഇതരബൗദ്ധിക അവസ്ഥകളാണെന്ന കൂടുതൽ വിശാലമായ ദർശനങ്ങളിലേക്കും ലോകം നീങ്ങുന്നുണ്ട്. ഉദ്ദേശിക്കുന്ന ഫലപ്രാപ്തി തരിക എന്നതാണ് വിദ്യാലയങ്ങളിലൂടെയും മറ്റും നമ്മൾ രൂപപ്പെടുത്തിയെടുക്കുന്ന മനുഷ്യ ബുദ്ധിയുടെ ഇന്നത്തെ ഉത്കൃഷ്ട മാതൃക. ഒരേ അളവുകോൽ വെച്ച് എല്ലാവരുടെയും ബുദ്ധി അളക്കുന്ന ബൗദ്ധികനിലവാരപ്പട്ടികകളുടെ കാലത്ത് യന്ത്രത്തിന്റേതും ഇത്തരത്തിൽ അളന്നെടുക്കാവുന്ന ബൗദ്ധികത ആണെന്നായിരുന്നു ശാസ്ത്രീയമായും കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ആദ്യകാലത്തെ പഠനങ്ങളുടെയും നിലപാട്. എന്നാൽ ബുദ്ധിയെക്കുറിച്ചുള്ള വ്യവസ്ഥാപിത കാഴ്ചപ്പാടുകൾ മാറുകയും യന്ത്രത്തിന്റെ ബുദ്ധി എന്ന പ്രായോഗികമായ സാധ്യത ഉണ്ടാകുകയും ചെയ്തതോടെ ഏതുതരം ബുദ്ധിയാണ് യന്ത്രത്തിനു വേണ്ടത് എന്ന ചോദ്യവും ഉയർന്നു വന്നു.

അടിസ്ഥാനപരമായി റ്റ്യൂറിങ്ങ് മെഷീൻ, മനസ്സ് പോലെ ഒരു അമൂർത്ത സങ്കല്പം (അബ്സ്റ്റ്രാക്റ്റ് എന്റിറ്റി) ആണെങ്കിൽ ഇന്നത്തെ ഡിജിറ്റൽ കമ്പ്യൂട്ടർ ഈ അമൂർത്ത സങ്കല്പത്തിന്റെ ഒരു ഭൗതിക സാധ്യത മാത്രമാണ്. ചിന്തിക്കുന്ന മനസ്സ് എന്ന അമൂർത്തതയ്ക്ക് ഭാഷ എന്ന സാങ്കേതികത എങ്ങിനെ ഉപകരിക്കുന്നുവോ അതുപോലെ പരശ്ശതം പ്രതീകങ്ങൾ ഉപയോഗിച്ച് യന്ത്രത്തിന് ചിന്തിക്കാൻ ഒരു ഭാഷ രൂപം ചെയ്തെടുക്കുന്ന വിദ്യയാണ് കമ്പ്യൂട്ടിങ്ങ്. ഇങ്ങിനെ നോക്കിയാൽ ഒരുപക്ഷെ മനുഷ്യസംസ്കൃതിയുടെ ആദ്യത്തെ ചവിട്ടുപടിയായിരുന്ന ഭാഷാവളർച്ചയുടെ ഘട്ടത്തിലാണ് ഇന്നത്തെ യന്ത്രസംസ്കാരം. മനുഷ്യനെ വേറിട്ടു നിർത്തുന്നത് ചിന്തിക്കാനുള്ള അവന്റെ കഴിവാണ് എന്ന ധാർഷ്ട്യത്തിൽ നിന്നും, പരിമിതമായ ഒരു ഭാഷാഘടന ഉപയോഗിച്ച് ചിന്തിക്കുന്ന പല വസ്തുക്കളിൽ ഒന്നു മാത്രമാണ് മനുഷ്യൻ എന്ന മറ്റൊരു യാഥാർത്ഥ്യത്തിലേക്ക് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് ആധുനിക ദാർശനികർ എത്തുന്നതിനോടൊപ്പമാണ് യന്ത്രഭാഷയുടെയും ഈ പരിണിതി. ഒരേസമയം അപരിമേയമായതും എന്നാൽ ഇടുങ്ങിയതുമായ ഭാഷ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ രൂപപ്പെടുന്ന അർത്ഥക്രമങ്ങളെ തെറ്റുകുറ്റങ്ങളായി വ്യാഖ്യാനിച്ച് നിർമ്മിച്ചെടുത്ത ഒരു ധാർമ്മികതയാണ് നമ്മുടേത്. കമ്പ്യൂട്ടിങ്ങിൽ മാത്രം ഒതുങ്ങാത്ത കൃത്രിമ ബുദ്ധി സാങ്കേതികതകൾ ഉണ്ടെന്നും വേണമെന്നും വാദിക്കുന്ന ശാസ്ത്രജ്ഞർ ഉയർത്തുന്നതും യന്ത്രസംസ്കാര നിർമ്മിതിയുടെ വഴികളിൽ ഉയർന്നു വരുന്ന ഇതേ പ്രശ്നമാണ്. എന്നാൽ കൃത്രിമ ബുദ്ധിയുടെ പരിപൂർണ്ണ വക്താക്കളായ ആദ്യ തലമുറയിലെ ശാസ്ത്രജ്ഞരെ പലരേയും ഈ അവസ്ഥകൾ അലട്ടിയിരുന്നതേയില്ല. എന്തിന്, ഇവരുടെ വാദങ്ങളെ ഖണ്ഡിക്കുകയും വിമർശിക്കുകയും ചെയ്തവർ പോലും മനുഷ്യമനസ്സിന്റെ അന്തർജ്ഞാനവും പ്രതിഭയും ഒരിക്കലും ഒരു യന്ത്രത്തിനും കൈവരിക്കാൻ ആകില്ല എന്നതിൽ മാത്രം ഉറച്ചു നിന്നു.

കൃത്രിമ ബുദ്ധിയുടെ എക്കാലത്തേയും പ്രസിദ്ധ വിമർശകനായിരുന്ന Hubert Dyfreus-ന്റെ പല പുസ്തകങ്ങളും ഇത്തരത്തിൽ യന്ത്രങ്ങൾക്ക് അപ്രാപ്യമായ മനുഷ്യബുദ്ധിയുടെ ഔന്നത്യങ്ങൾ എടുത്തു പറയുന്നവയായിരുന്നു. ബുദ്ധിയിൽ ഏതായിരിക്കും മികച്ചത്, യന്ത്രമോ മനുഷ്യനോ എന്നതായിരുന്നു ഈ മേഖലയിലെ ആദ്യത്തെ ചൂടുചർച്ചകൾ. ഏതുതരം ബുദ്ധിയെക്കുറിച്ചാണ് ഇവിടെ വിവക്ഷ എന്നത് പലരെയും ബാധിക്കുന്ന ചോദ്യമായിരുന്നില്ല. പക്ഷെ പിന്നീട് മനുഷ്യബുദ്ധിയെ പെരുപ്പിക്കുന്നതിന് (ഓഗ്മെന്റ്) ഉതകുന്ന ഡിജിറ്റൽ യന്ത്ര നിർമ്മിതിയിലേക്ക് ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ, (പ്രത്യേകിച്ച് ഡൗഗ്ലാസ് എങ്ങൽബേർട്ടിന്റെ പ്രസിദ്ധമായ പ്രകടനം ‘മദർ ഓഫ് ഓൾ ഡെമോസ്’ നു ശേഷം) കമ്പ്യൂട്ടിങ്ങ് ലോകം തിരിഞ്ഞപ്പോൾ കൃത്രിമ ബുദ്ധി സാങ്കേതികതകളുടെ വളർച്ചയ്ക്ക് പ്രകടമായ ക്ഷീണം സംഭവിച്ചു. ഡിജിറ്റൽ പ്രോഗ്രാമിങ്ങ് എന്ന ഭാഷാപ്രയോഗത്തിലൂന്നിയ അവിശ്വസനീയമായ ഒരു മനുഷ്യ- യന്ത്രസൗഹൃദമാണ് പിന്നീടങ്ങോട്ട് സംഭവിച്ചത്. യന്ത്രത്തെ താൻ നിർമ്മിച്ച യന്ത്രഭാഷയ്ക്കും അതിന്റെ ചൊൽപ്പടിക്കും നിർത്തി തന്റെ പരികർമ്മിയാക്കുക എന്നതിലെ സാധ്യതകൾ ആണ് മനുഷ്യനെ കൂടുതൽ കൂടുതൽ ഇപ്പോൾ വശീകരിച്ചുകൊണ്ടിരിക്കുന്നത്. സഹായിയായ യന്ത്രമനുഷ്യൻ എന്നതും വളരെ പഴക്കമേറിയ ആശയമാണല്ലോ. ഗ്രീക്ക് കവിയായ ഹോമർ, യവനദേവന്മാരുടെ ആജ്ഞാനുവർത്തിയായ റ്റ്രൈപ്പോഡുകളെ കുറിച്ച് എഴുതിയിരുന്ന കാലം മുതൽ ‘ലാൻഡ് ഓഫ് ഓസിലെ’ റ്റിക്റ്റോക്ക്, പതിനേഴാം നൂറ്റാണ്ടിലെ ചെസ്സുകളി യന്ത്രമായ റ്റർക്ക്, ഇങ്ങിനെ പലതും സുഹൃത്തും സഹായിയുമായ യന്ത്രത്തിന്റെ ചരിത്രത്തിൽപ്പെടുന്നു.

ചെസ്സ് പ്രധാനമായും ഒരു ബൗദ്ധിക വിനോദമായതു കൊണ്ടും കൂടെയാവാം കൃത്രിമ ബുദ്ധിയുടെ ചരിത്രം ചെസ്സുമായി വളരെ ഇണങ്ങിക്കിടക്കുന്നത്. ആദ്യകാലപരീക്ഷണങ്ങൾ മുതൽ കൃത്രിമബുദ്ധി സാങ്കേതികമായി വളർത്തിയെടുക്കുന്നതിനും, യന്ത്രങ്ങളെ, അനുമാനം, പ്രതിപാദനം തുടങ്ങിയ ബൌദ്ധികവ്യാപാരങ്ങളുമായി പരിചയിപ്പിക്കാനും ചെസ്സ്‌ ഉപയോഗിച്ചിരുന്നു. ഇത് തൊണ്ണൂറ്റിയേഴിൽ കാസ്പറോവിനെതിരായ ഡീപ് ബ്ലൂ എന്ന പ്രോഗ്രാമിന്റെ വിഖ്യാതമായ വിജയം വരെ തുടർന്നു. എന്നാൽ യന്ത്രത്തിന്റെ മനസ്സിനെക്കുറിച്ചുള്ള പഠനങ്ങളും അവയുടെ സാംസ്കാരികമായ പ്രതിബിംബങ്ങളും ഇന്ന് കേവലം വിവേചനബുദ്ധിക്കും വിവേകത്തിനുമപ്പുറം യന്ത്രത്തിന്റെ ധാർമ്മികത എന്ത് എന്ന ചോദ്യത്തിലേക്കും എത്തി നിൽക്കുന്നു. തന്നോടൊപ്പമോ തനിക്കുപരിയോ നിൽക്കുന്ന ഒരു യന്ത്രമനസ്സ് സങ്കൽപ്പിച്ചെടുക്കുന്നതിനോടൊപ്പം സ്വന്തം മനസ്സിന്റെ നിർമ്മിതിയെക്കുറിച്ചും ആത്മപരിശോധന ചെയ്യുന്നതിന് ഇപ്പോൾ ഈ ശാസ്ത്രശാഖ മനുഷ്യനെ പ്രാപ്തനാക്കിയിരിക്കുന്നു.


Sreepriyaശ്രീ – പ്രണയത്തിലും എഴുത്തിലും ചുവരുകളോടുള്ള കഥപറച്ചിലിലും ഒന്നും വരുമാനം ഇല്ലാത്തോണ്ട് സർക്കാർ കോളെജിൽ ഇംഗ്ലീഷ് പഠിപ്പിച്ചു കഴിയുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, പക്ഷെ കുറേ നാടുചുറ്റീട്ട്ണ്ട്. കഷ്ടപ്പെട്ട് നേടിയ ഒരു ഡോക്ടറെറ്റും, ഉപേക്ഷിച്ച ഈ ബ്ലോഗും ഫോട്ടോ ഇടുന്ന ഫേസ്ബുക്ക് പേജും ചരിത്രരേഖകളായി സ്വന്തമായിട്ടുണ്ട്.

sree – Lives a love, talks to the wall in tongues and teaches myths and fables. Went places, slogged and worked my fingers to the bone to get a doctorate. Was alive for a while in a blog here. Also photo archived in facebook here

Cover Image Copyrights – JD Hanock

Leave a Comment