ഇനി ദേശീയത എന്ന ഭീകരതയും

്യക്തികളുടെ സ്വതന്ത്രചിന്തയേയും ആവിഷ്കാരസ്വാതന്ത്ര്യത്തേയും എന്തിനേറെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പിനെപ്പോലും ഹൈന്ദവ മൂല്യബോധം പേറുന്ന ഭരണകൂടം നിയന്ത്രിക്കുന്നതിനാണ് സമകാലീന ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഒരാള്‍ക്ക് തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനും, സ്വതന്ത്രമായ ആവിഷ്കാരങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുമ്പോഴാണ് അവയെ തള്ളിക്കളഞ്ഞുകൊണ്ട് തങ്ങളുടെ പ്രത്യയശാസ്ത്രം ഭൂരിപക്ഷം വരുന്നവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ ആദര്‍ശത്തെയും വെല്ലുവിളിച്ചുകൊണ്ടു മനുസ്മൃതികാലത്തേക്കുള്ള ഒരു പിന്‍നടത്തം ആണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യയെമ്പാടും വിവാദവിഷയമായി മാറിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ഭരണകൂടം ഇത്തരം പിന്‍നടത്തങ്ങള്‍ക്ക് തങ്ങളാലാവുന്ന എല്ലാവിധ പിന്തുണയും നല്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. ഒരു വശത്ത് “മേക്കിംഗ് ഇന്ത്യ” എന്ന് പറയുമ്പോഴും മറുവശത്ത് ഘര്‍വാപസി നടത്തുക, പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടെരിക്കുക, ബീഫ്‌ കഴിച്ചു എന്നാരോപിച്ച് ആളുകളെ ആക്രമിച്ചു കൊലപ്പെടുത്തുക, ഭരണകൂടത്തോട് ചോദ്യം ചോദിക്കുന്നവരെയെല്ലാം ദേശവിരുദ്ധരായി പ്രഖ്യാപിക്കുക തുടങ്ങി യാതൊരു തരത്തിലും ഒരു ഇന്ത്യക്കാരന്‍ എന്ന് അഭിമാനിക്കാന്‍ കഴിയാത്ത വിധത്തിലുള്ള കാര്യങ്ങള്‍ ആണ് ഇന്ത്യയില്‍ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ, ദേശീയതയെ മുന്‍നിര്‍ത്തി കാവിവല്ക്കരിക്കാനുള്ള സംഘടിതശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ദളിത്‌-പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ ടാര്‍ജറ്റ്‌ ചെയ്ത് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാനോ  അല്ലെങ്കില്‍ ദേശവിരുദ്ധരായി മുദ്രകുത്തി ജയിലില്‍ അടക്കാനോ ഉള്ള ശ്രമങ്ങളും വ്യാപകമായി അരങ്ങേറുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ട വിദ്യാസമ്പന്നരായ ഉന്നതജാതിയില്‍പ്പെട്ട മധ്യവര്‍ഗ യുവാക്കളുടെ ഭാവനകള്‍ ആണ് ആ സമയത്തെ പ്രബലമായ ദേശീയബോധത്തെ നിര്‍ണ്ണയിച്ചത്. അതിലൊരിക്കല്‍പ്പോലും ജാതിവിരുദ്ധ സമരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടേയില്ല, മറിച്ച് ഇന്ത്യ എന്ന ദേശത്ത് നടക്കേണ്ടുന്ന പരിഷ്കരണങ്ങളെക്കുറിച്ചാണ് അവര്‍ വ്യാകുലപ്പെട്ടത്‌. ഇതിനു സമാനമായാണ് ജാതി വിരുദ്ധ പ്രസ്ഥാനങ്ങളെ ടാര്‍ജറ്റ് ചെയ്ത് ദേശവിരുദ്ധര്‍ എന്ന ടാഗ് നല്‍കുന്നത്

യഥാര്‍ത്ഥത്തില്‍ ദേശസ്നേഹികള്‍ എന്ന ഒരു കാറ്റഗറി നിര്‍മ്മിക്കുന്നതു തന്നെ ദേശവിരുദ്ധരെന്ന ഒരു അപരത്വത്തെ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. അതിൽ ഒരു പരിധിവരെയെങ്കിലും ഇന്ത്യന്‍ ഹൈന്ദവ ദേശീയതയുടെ വക്താക്കള്‍ വിജയിച്ചിരിക്കുന്നു എന്നു  വേണം കരുതാന്‍. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെപ്പോലും ബ്രാഹ്മണവല്കരിക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്. പശുവിനെ ദൈവമായി അവതരിപ്പിക്കുന്നതിലൂടെ അതിന്റെ മാംസം ഭക്ഷിക്കുന്നവരെ മുഴുവന്‍ ഹിന്ദു വിരുദ്ധരായി വ്യാഖ്യാനിക്കുന്ന സിമ്പിള്‍ ലോജിക്കില്‍ ആണ് ഹൈന്ദവ പ്രത്യയശാസ്ത്രം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. ചരിത്രത്തില്‍ ബ്രാഹ്മണര്‍ അടക്കമുള്ള ഉയര്‍ന്നജാതി ഹിന്ദുക്കള്‍ ഗോമാംസം കഴിച്ചിരുന്നു എന്നതിന്റെ നിരവധി തെളിവുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇതിനെക്കുറിച്ച് നിരവധി അക്കാദമികവും അല്ലാത്തതുമായ പഠനങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോമാതാവ് എന്ന സങ്കല്പത്തെ ഹൈന്ദവ-ബ്രാഹ്മണിക് മതപരതയിലൂടെ വ്യാഖ്യാനിച്ച് ഇതര അന്വേഷണങ്ങളെയും എതിരഭിപ്രായങ്ങളെയും ഇല്ലാതാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പലപ്പോഴും ഇത്തരം അപരവല്‍ക്കരങ്ങള്‍ക്ക് ഇരയാവുന്നത് ദളിത്-ഇതര പിന്നോക്ക വിഭാഗങ്ങള്‍ ആണെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ദേശീയതയെ അമിതമായി പ്രചരിപ്പിക്കുന്നതിലൂടെ മിശ്രവിവാഹത്തെയും മിശ്രഭോജനത്തെയും തടയിടാന്‍ കഴിയും എന്ന് ആയിരത്തി എണ്‍പതുകളില്‍ തന്നെ മഹാത്മ ജോതിറാവു ഭൂലെ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ ജനാധിപത്യവല്ക്കരിക്കാനും ജാതിരഹിതമാക്കാനും ഉള്ള ശ്രമങ്ങളെ ആണ് അതിദേശീയതയുടെ വക്താക്കള്‍ പരാജയപ്പെടുത്താന്‍ നോക്കുന്നത്. ജാതിവിരുദ്ധപ്രത്യയശാസ്ത്രങ്ങളുടെ ഒരു ധാരയാണ് ഇന്ത്യയെ ജനാധിപത്യവല്ക്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്.

ഇതോടൊപ്പം അംബേദ്‌കര്‍ ഭരണഘടന നിര്‍മ്മാണത്തിലും ഹിന്ദു കോഡ് ബില്ലിലും എല്ലാം ഹിന്ദുമതത്തിന്റെ ജാതിബോധത്തെയും സ്ത്രീ വിരുദ്ധതയെയും തുറന്നു കാട്ടിയിട്ടുണ്ട്. മിശ്രവിവാഹം മിശ്രഭോജനം എന്നിവയോടൊപ്പം ഹൈന്ദവമൂല്യങ്ങളെ അപനിർമ്മിക്കുന്നതിലൂടെ മാത്രമേ ജാതിരഹിത ഇന്ത്യ എന്ന സങ്കല്‍പ്പം നടപ്പിലാക്കാന്‍ കഴിയൂ എന്ന് അംബേദ്കര്‍ തന്റെ പ്രസിദ്ധമായ ജാതിനിര്‍മ്മൂലനം എന്ന കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദത്തെ അന്ന് എതിര്‍ത്തത് ഹിന്ദുമതത്തിലെ ദേശീയവാദികള്‍ ആയിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ട വിദ്യാസമ്പന്നരായ ഉന്നതജാതിയില്‍പ്പെട്ട മധ്യവര്‍ഗ യുവാക്കളുടെ ഭാവനകള്‍ ആണ് ആ സമയത്തെ പ്രബലമായ ദേശീയബോധത്തെ നിര്‍ണ്ണയിച്ചത്. അതിലൊരിക്കല്‍പ്പോലും ജാതിവിരുദ്ധ സമരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടേയില്ല, മറിച്ച് ഇന്ത്യ എന്ന ദേശത്ത് നടക്കേണ്ടുന്ന പരിഷ്കരണങ്ങളെക്കുറിച്ചാണ് അവര്‍ വ്യാകുലപ്പെട്ടത്‌. ഇതിനു സമാനമായാണ് ജാതി വിരുദ്ധ പ്രസ്ഥാനങ്ങളെ ടാര്‍ജറ്റ് ചെയ്ത് ദേശവിരുദ്ധര്‍ എന്ന ടാഗ് നല്‍കുന്നത്.

ഹൈദരാബാദ്‌ സര്‍വകലാശാലയില്‍ രോഹിത്‌ വെമുല എന്ന ദളിത്‌ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണം ഈ ഹിന്ദുത്വ ഫാസിസ്റ്റ്‌ ശക്തികളുടെ വിവിധ രീതിയിലുള്ള ഇടപെടലുകൾ തന്നെയാണ്. യാക്കൂബ്‌ മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തില്‍ ക്യാപിറ്റല്‍ പണിഷ്മെന്റിനെതിരെ ഒരു പ്രതിഷേധപരിപാടി ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ പലയിടത്തും ഹിന്ദുത്വ ശക്തികള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതിരുന്ന മുസ്സഫിർ നഗര്‍ ബാക്കി  ഹെ എന്ന ഡോക്യുമെന്ററി ഹൈദരാബാദ്‌ ക്യാമ്പസില്‍ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റു സർവകലാശാലകളില്‍ നിന്നും വ്യത്യസ്തമായി ദളിത്-കീഴാള–പിന്നോക്ക രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടം ഉള്ളതുകൊണ്ടാണ് ഇത്തരം പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ കഴിയുന്നത്. അംബദേകറൈറ്റ് രാഷ്ട്രീയത്തിന് മുൻതൂക്കം ഉള്ളതുകൊണ്ടുതന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദേശീയതയ്ക്ക് എതിരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ തുടക്കമിട്ട ക്യാമ്പസ്സാണിത്. ക്യാമ്പസ്സി ല്‍ നടക്കുന്ന സംവാദങ്ങളിലും മറ്റു പരിപാടികളിലും  എല്ലാം ജാതിവ്യവസ്ഥയെ പ്രശ്നവല്ക്കരിക്കാനും ദളിത് – കീഴാള – ന്യൂനപക്ഷരാഷ്ട്രീയത്തെ ദേശവ്യാപകമാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കാറുണ്ട്. ഇവിടുത്തെ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നടക്കുന്ന നല്ലൊരു ശതമാനം ഗവേഷണങ്ങളും ജാതിയേയും അതിന്റെ സങ്കീര്‍ണതകളേയും അടയാളപ്പെടുത്തുന്നവയാണ്. ഇതുകൊണ്ടൊക്കെയാണ് നിലവിലുള്ള ഹിന്ദുത്വ ഗവണ്‍മെന്റ് ഹൈദരാബാദ് സർവകലാശാലയെ ടാര്‍ജറ്റ്‌ ചെയ്തത്.

മുന്‍പ് സൂചിപ്പിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് ശേഷം ക്യാമ്പസ്സിലെ രണ്ടു വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ സംഘര്‍ഷം ഉണ്ടാവുകയും അത് സ്വാഭാവികമായി പരിഹരിക്കപ്പട്ടതുമാണ്. എന്നാല്‍ പിന്നീട് പുറത്തു നിന്നും നിരവധി ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു കേന്ദ്രമന്ത്രി തന്നെ, മാനവശേഷി മന്ത്രാലയത്തിനു കത്തയക്കുകയും ചെയ്തു. വിചിത്രമായ വാദങ്ങള്‍ ആണ് ഈ കത്തിലുള്ളത്, ഹൈദരാബാദ് സർവകലാശാല ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ആണെന്നും, ജാതീയതവളര്‍ത്തുന്ന ഗൂഢസങ്കേതം ആണെന്നും ഈ കത്ത് പറഞ്ഞു വച്ചു. എന്നാല്‍ ഇതിനെ സാധൂകരിക്കാന്‍ എന്തെങ്കിലും തെളിവുകള്‍ ഈ പ്രഖ്യാപിത ദേശസ്നേഹികളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചു കത്തുകളാണ് സ്മൃതി ഇറാനി ഹൈദരാബാദ് സർവകലാശാല വൈസ്ചാൻസലര്‍ക്ക് അയച്ചത്. അതോടൊപ്പം തന്നെ തദ്ദേശീയരായ ഹിന്ദുത്വ വാദികളും പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ സർവകലാശാല  അധികാരികള്‍ക്ക് മേല്‍ ചെലുത്തിയതുകൊണ്ടാണ് രോഹിത്‌ അടക്കം അഞ്ചു ദളിത്‌ ഗവേഷക വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും, ഒപ്പം ക്യാമ്പസ്സിലെ പൊതു സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. കാലഹരണപ്പെട്ട ജാതി ആചാരങ്ങളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് അധികാരികള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മേലെ ഇത്തരം ഒരു നടപടി സ്വീകരിച്ചത്.

സ്വതന്ത്ര ചിന്തകളെയും അന്വേഷണങ്ങളെയും സ്വാഗതം ചെയ്യേണ്ട ക്യാമ്പസ്സുകള്‍ തന്നെ ദളിത്‌ വിദ്യാര്‍ത്ഥികളെ അയിത്തം കല്പിച്ചു പൊതുഇടത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ കാഴ്ചയാണ് ഈ പറയുന്ന ‘ദേശസ്നേഹി’കളുടെ ഇടപെടലിലൂടെ സംഭവിച്ചത്. ചുരുക്കത്തില്‍, ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ദളിത്‌-കീഴാള പക്ഷത്തുനിന്നും ഉയരുന്ന മൂര്‍ച്ചയുള്ള വിമര്‍ശനങ്ങളോട് സംവദിക്കാന്‍ കഴിയാത്തതിനാല്‍ ഭരണകൂടസംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവയെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ മര്‍ദ്ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരു പുകമറ എന്ന നിലയിലാണ് ദേശീയതയെയും ദേശസ്നേഹത്തെയും, സംഘപരിവാര്‍ ശക്തികള്‍ വ്യാഖ്യാനിച്ചെടുക്കുന്നത്. രോഹിതിന്റെ മരണശേഷം പ്രചരിപ്പിക്കപ്പെട്ട വാദങ്ങളില്‍ പ്രധാനപ്പെട്ടത് അയാള്‍ ഒരു ഹിന്ദു വിരുദ്ധനായിരുന്നു എന്നതാണ്. യഥാര്‍ത്ഥത്തിൽ ജാതിവ്യവസ്ഥയെയും അതിന്റെ അതിക്രമങ്ങളെയും ചോദ്യം ചെയ്യുന്നവരെ ഹിന്ദു വിരുദ്ധരും പിന്നീട് ദേശവിരുദ്ധരും ആയി പ്രഖ്യാപിച്ചു അവരെ ഇല്ലായ്മ ചെയ്യുന്ന ബലതന്ത്രമാണ് ഹിന്ദുത്വ ദേശീയതയുടെ വക്താക്കള്‍ ഇന്ത്യയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു കൊണ്ടാണ് ജെ എന്‍ യു വിലും വിവിധരീതിയിലുള്ള ഫാസിസ്റ് വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. പൊതുവേ ഡോഗ്മാടിക് മാര്‍ക്സിസത്തിന്റെ മുദ്രാവാക്യങ്ങള്‍ മാത്രം ഉയരാറുള്ള ജെ എന്‍ യുവില്‍ തികച്ചും വ്യത്യസ്തമായ ചില മുദ്രാവാക്യങ്ങളാണ് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ഈ അടുത്തകാലത്ത് മുഴങ്ങിക്കേട്ടത്. ബ്രാഹ്മണവാദത്തില്‍ നിന്നും മനുവാദത്തില്‍ നിന്നും ജാതിവ്യവസ്ഥയില്‍ നിന്നുമൊക്കെ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങള്‍ തികച്ചും സ്വാഗതാര്‍ഹപരമായിരുന്നു എന്നു മാത്രമല്ല, ഇന്ത്യയിലെ മറ്റു സമാന ചിന്താഗതിക്കാരായ ആളുകളുടെ ഒരു ഫാസിസ്റ്റ്‌ വിരുദ്ധനിരതന്നെ രൂപപ്പെടുന്നതിനും അത് കാരണമായിത്തീര്‍ന്നു. എന്നാല്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാരോപിച്ചു കനയ്യ യെയും സുഹൃത്തുക്കളായ ഉമര്‍ ഖാലിദ്‌, അനിർബെന്‍, അധ്യാപകനായ ഗിലാനി എന്നിവരെ  ഭരണകൂടം വേട്ടയാടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  ഇതില്‍ രസകരമായ വസ്തുത അവര്‍ ദേശവിരുദ്ധര്‍ ആണെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി സ്റ്റേറ്റിന്റെ ഒത്താശയോടെ വ്യാജവീഡിയോ ചമയ്ക്കുകയാണ് ഉണ്ടായത്.

ഇവിടെ പ്രസക്തമായ ഒരു കാര്യം ദേശീയതയുടെ മറവില്‍ സ്റ്റേറ്റ് സ്പോൺസര്‍ ചെയ്യുന്ന ഭീകരതയാണ് അരങ്ങേറുന്നത് അല്ലാതെ ദേശസ്നേഹത്തിന്റെ മാറ്റ് അളക്കലല്ല. ഇവിടെ മനസ്സി ലാക്കേണ്ട ഒരു കാര്യം സ്റ്റേറ്റ് എന്നത് അബ്സ്ട്രാക്റ്റ് ആയ ഒരു കാറ്റഗറി അല്ലെന്നും മറിച്ച് ജാതിയും അതിന്റെ പിതൃമേധാവിത്വപരമായ സമീപനങ്ങള്‍, അധികാരം, അധീശത്വം തുടങ്ങിയവയും ഉൾപ്പെട്ടവയും ആണെന്നതാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റേറ്റിന്റെ നടപടികള്‍ പലപ്പോഴും ദളിത്‌ – സ്ത്രീ – കീഴാള – ന്യൂനപക്ഷ വിരുദ്ധമായി മാറുന്നത്. ചുരുക്കത്തില്‍ ഇന്ത്യന്‍ സ്റ്റേറ്റ് പലപ്പോഴും അതിന്റെ ബ്രാഹ്മണിക് മുഖം വെളിപ്പെടുത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഇതുകൊണ്ടൊക്കെയാണ്  ബ്രാഹ്മണിക് ഹിന്ദുത്വ ദേശീയതയോട് കലഹിക്കുന്നവരെ വളരെ എളുപ്പത്തില്‍ ദേശവിരുദ്ധരായി പ്രഖ്യാപിക്കാന്‍ ഇന്ത്യയിലെ നിലവിലിരിക്കുന്ന സവര്‍ണ്ണ ഹിന്ദു സ്റ്റേറ്റിനു കഴിയുന്നത്. എന്തായാലും ഇന്ത്യയിലെ സവര്‍ണ്ണ ദേശീയധാരകളോട് കലഹിച്ചുകൊണ്ടാണ് അംബദേകറൈറ്റ് രാഷ്ട്രീയം പലപ്പോഴും മുന്നേറിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആ രാഷ്ട്രീയധാരയോടു ഐക്യപ്പെട്ടും സംവദിച്ചുകൊണ്ടും മാത്രമേ ഈ ഹിന്ദുത്വ ശക്തികൾക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിയൂ.


Praveenaa Thaali

പ്രവീണ താളി | Praveenaa Thaali

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക.

Completing PhD at Center for human rights, HCU. Working on caste and sexuality.


Cover Image Copyrights – Lukex Martin

Leave a Comment