ഐഷ് ബലാഡി – ഈജിപ്‌തിന്റെ ജീവനും ജീവിതവും

മഹാത്മാഗാന്ധി ഒരിക്കൽ പറയുകയുണ്ടായി, “കഠിനമായ ദാരിദ്ര്യത്താൽ വിശക്കുന്നവന്റെ മുന്നിൽ ദൈവത്തിന് റൊട്ടിയുടെ രൂപത്തിലേ പ്രത്യക്ഷപ്പെടാനാവൂ” എന്ന്. ഇവിടെ ഈജിപ്‌തിലെ വിശക്കുന്നവരുടെ മുന്നിലേക്കാണെങ്കിൽ ദൈവമെത്തുക ഐഷ് ബലാഡിയെന്ന പേരിലാണ്. ഈജിപ്‌ഷ്യൻ അറബിയിൽ റൊട്ടിയെ വിളിക്കുക ഐഷെന്നാണ്. അതിനർത്ഥമോ, ജീവിതമെന്നും. അത്രത്തോളം ഈജിപ്‌ഷ്യൻ ജനതയുടെ ജീവിതത്തിൽ അത് ഇഴചേർന്നിരിക്കുന്നു. ബലാഡിയെന്നതിന്റെ അർത്ഥം നാടനെന്നാണ്. കെയ്റോയിലെ ഏതു മുക്കിലും മൂലയിലും ഐഷ് ബലാഡി വില്പനശാലകൾ കാണാം. ഗ്രാമപ്രദേശങ്ങളിൽ, കൈകൊണ്ടുണ്ടാക്കുന്ന റൊട്ടി കഴിക്കുന്ന പതിവ് നിലനിൽക്കുന്നുവെങ്കിലും നഗരങ്ങളിലെ ഭൂരിഭാഗവും മെഷീൻ വഴി ഉണ്ടാക്കി വിൽക്കുന്ന ബേക്കറികളെയാണ് ആശ്രയിക്കാറ്. ചെറുകിട വില്‍പ്പനക്കാരും ഇത്തരം ബേക്കറികളിൽ നിന്നും വാങ്ങി വിൽക്കാറാണു പതിവ്.

കൊച്ചു കച്ചവടക്കാരനായ അഷബ്

കെയ്‌റോയിലെ മോമന്‍ സ്ക്വയറിലെ കൊച്ചു കച്ചവടക്കാരനായ അഷബ്. ഈ പ്രായത്തിലുള്ള ധാരാളം കുട്ടികൾ കെയ്‌റോയിലെ തെരുവുകളില്‍ ജോലിയെടുക്കുന്നത് കാണാന്‍ സാധിക്കും. ഉം ‌മൊഹ്‌മദിന്റെ കടയില്‍ നിന്നാണ്‌ അഷബ് കച്ചവടത്തിനായി റൊട്ടി വാങ്ങുന്നത്.

വില്പനക്കായി എസ്സെ

ചൂടാറിയ ഐഷ് ബലാഡി പനമടൽ കൊണ്ടുണ്ടാക്കിയ തട്ടിയിൽ നിന്നും മാറ്റി വില്പനക്കായി തയ്യാറാക്കുകയാണ്‌ എസ്സെദ്.

ഐഷ് ബലാഡി

മെഷീനില്‍ നിന്നും ചൂടോടെയെടുക്കുന്ന ഐഷ് ബലാഡി സാധാരണയായി പനയോലത്തണ്ട് കൊണ്ടുണ്ടാക്കിയ തട്ടിയിലാണ്‌ നിരത്താറുള്ളത്. ആവശ്യത്തിനു വായുസഞ്ചാരം ലഭിക്കുന്നതിനാല്‍ ഇത്തരം തട്ടിയില്‍ റൊട്ടി വേഗം ചൂടാറി കിട്ടും.

വില്പനക്കായി

ഐഷ് ബലാഡി വില്പനക്കായി പ്ലാസ്റ്റിക് കൂടുകളിൽ കെട്ടി തയ്യാറാക്കി വെച്ചിരിക്കുന്നു.

ഐഷ് ബലാഡി വില്പനശാല

കെയ്റോയിലെ തലാത്താ ഹേര്‍ബിനടുത്തുള്ള ഒരു ഐഷ് ബലാഡി വില്പനശാല. ധാരാളം ഭക്ഷണശാലകളിതിന് ചുറ്റുവട്ടത്തിലുണ്ട്.

മാബീര്‍

മാബീര്‍ - ബലാഡിക്കടയിലെ ജീവനക്കാരന്‍. പൊങ്ങി പാകമായ ഉരുളകള്‍ കൈകൊണ്ട് അടിച്ചുപരത്തി, മുകളില്‍ മാവ് തൂവിയ ശേഷം, ചുട്ടെടുക്കാനായി തട്ടിൽ നിരത്തുന്ന തിരക്കിലാണ്‌ മാബീർ.

പാകം വരുത്തിയ മാവ്

ഐഷ് ബലാഡിക്കായി ഈസ്റ്റ് ചേര്‍ത്ത് പാകം വരുത്തിയ മാവ്, പൊങ്ങുന്നതിനായി ഉരുളകളാക്കി തവിട് തൂവിയ തട്ടിൽ നിരത്തി വെച്ചിരിക്കുന്നു. സാധാരണയായി ഒരു മണിക്കൂറോളം സമയം ഇതിനാവശ്യമാണ്‌.

മറ്റൊരു വില്പനശാല

തലാത്താ ഹേര്‍ബിനടുത്തുള്ള മറ്റൊരു വില്പനശാല. ഇത്തരത്തിലുള്ള കടകള്‍ കെയ്‌റോയിലുടനീളം കാണുവാൻ‍ സാധിക്കും.

കച്ചവടത്തിരക്കില്‍

കച്ചവടത്തിരക്കില്‍

ഉം മൊഹ്‌മദ് - കടയുടെ ഉടമ.

ഇടതുവശത്ത് നില്‍ക്കുന്നത് ഉം മൊഹ്‌മദ്. ഇവരാണ്‌ കെയ്‌റോയിലെ മാഹ്ദിയിലെ ഈ കടയുടെ ഉടമ. ഉം മൊഹ്‌മദും എസ്സെദും ചേര്‍ന്ന് മെഷീനില്‍ നിന്നും പുറത്തു വരുന്ന ഐഷ് ബലാഡി ശേഖരിക്കുന്നു.

ഈജിപ്‌തും ഭക്ഷണസബ്സിഡിയും

ഈജിപ്‌തുകാരുടെ മുഖ്യഭക്ഷണങ്ങളിലൊന്നാണ് ഐഷ് ബലാഡി. ഗോതമ്പുപൊടിയാണ് പ്രധാനമായും ഐഷ് ബലാഡിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഈജിപ്താകട്ടെ, ഗോതമ്പ് ഇറക്കുമതിയിൽ ലോകരാജ്യങ്ങളിൽ ഒന്നാമതാണ്. ഗവണ്മെന്റ് ഓരോ വർഷവും 3.5 ബില്യൺ ഡോളറാണ് സബ്‌സിഡിക്കായി ചിലവഴിക്കുന്നത്. ജി.എ.എസ്.സി (ജനറൽ അതോറിറ്റി ഫോർ സപ്ലേ കമോഡിറ്റീസ്) എന്ന പൊതുമേഖല എജൻസിവഴി സംഭരിക്കുന്ന ഗോതമ്പ്, സർക്കാർ അല്ലെങ്കിൽ സ്വകാര്യമേഖലയിലെ മില്ലുകളിൽ പൊടിയാക്കിയ ശേഷം, സബ്‌സിഡിയുടെ സഹായത്താൽ വളരെ കുറഞ്ഞ നിരക്കിൽ സർക്കാർ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ ബേക്കറികൾക്ക് വിൽക്കുന്നു. ഇത് പൊതുജനങ്ങൾക്ക് ഐഷ് ബലാഡിയുടെ രൂപത്തിൽ കുറഞ്ഞവിലയിൽ ബേക്കറികളിലൂടെ ലഭ്യമാകുന്നു. ഈ സബ്‌സിഡിയുടെ ഫലം എല്ലാ വരുമാനത്തിലുള്ളവർക്കും ഒരു പോലെ ലഭ്യമാകുന്നതിനാൽ  ഇത് ധാരാളം പാഴായിപ്പോകുന്നുണ്ട്; കൂടെ ദുരുപയോഗങ്ങളും.

എഫ്. റ്റി. ആർ. ഐ (ഫുഡ് ടെക്നോളജി ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) സ്ഥാപകനും ഗവേഷകനുമായ അഹ്‌മദ് ഖുർഷിദിന്റെ നിരീക്ഷണത്തിൽ സബ്‌സിഡി മൂലം തീരെ വിലകുറച്ചു വിൽക്കുന്ന ഐഷ് ബലാഡിയുടെ ലഭ്യത മറ്റു ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന വിവിധതരം റൊട്ടികളുടെ ഉപഭോഗവും ഉൽപാദനവും കുറയാനും, ജനങ്ങൾ കൂടുതലായി ഇത്തരം ബേക്കറികളിൽ വിൽക്കുന്ന ഐഷ് ബലാഡിയെ ആശ്രയിക്കാനും ഇടയാക്കി. തൻമൂലമുണ്ടായ ഉപഭോഗ വർദ്ധനവ് ഇറക്കുമതി കൂടാൻ കാരണമായി. കുറഞ്ഞ വിലയ്ക്ക് തങ്ങൾക്ക് ലഭിക്കുന്ന പൊടി, കൂടിയ വിലയ്ക്ക് പല ബേക്കറി ഉടമകളും കരിഞ്ചന്തയിൽ വിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാലിത്തീറ്റ വാങ്ങുന്നതിലും ലാഭമെന്നു കണ്ട്, തങ്ങളുടെ വളർത്തുമൃഗങ്ങളെയും മത്സ്യങ്ങളെയും റൊട്ടി കൊടുത്തു പോറ്റുന്ന മിടുക്കന്മാരുമുണ്ട്. ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ ഗവണ്മെന്റിന് അധികഭാരം വരുത്തി വെയ്ക്കുകയും ഭക്ഷണം ഏറ്റവും ആവശ്യമുള്ളവരുടെ കൈയിൽ എത്താതെ പോവുകയും ചെയ്യാ‍റുണ്ട്. ഇത് ക്ഷാമത്തിനും സർക്കാർ ബേക്കറികളിൽ നീണ്ട ക്യൂവിനും അങ്ങനെ ലഹളയ്ക്കുമൊക്കെ കാരണമാവുന്നു. സർക്കാർബേക്കറികളിൽ ഒരു ഈജിപ്‌ഷ്യൻ പൗണ്ടിനു(8.5രൂപ) ഇരുപത് റൊട്ടികളോളം ലഭിക്കുമ്പോൾ സ്വകാര്യബേക്കറികൾ പൗണ്ടിനു നാലെണ്ണമെന്ന രീതിയിലാണ് വിൽക്കാറ്. കോളേജ് വിദ്യാർത്ഥിനിയായ ഷൈമയുടെ അഭിപ്രായത്തിൽ ഈ രണ്ടുതരം ബേക്കറികളും വിൽക്കുന്ന റൊട്ടികൾ തമ്മിൽ ഗുണനിലവാരത്തിൽ നല്ല വ്യത്യാസമുണ്ട്. സർക്കാർ ബേക്കറികളിലേത് തീരെ മോശവും സ്വകാര്യബേക്കറികളിലേത് തമ്മിൽ ഭേദവും. ഇത് രണ്ടുമല്ലാത്ത, കളിമൺചൂളയിലുണ്ടാക്കുന്ന റൊട്ടിയാണവൾക്കേറെയിഷ്ടം. അതിന്റെ രുചിയെ വെല്ലാൻ മറ്റൊന്നിനുമാവില്ലത്രേ.

രണ്ടാം ലോകമഹായുദ്ധകാലത്താണ് സബ്‌സിഡി റേഷൻ സംവിധാനത്തിന്റെ തുടക്കം. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയേഴിൽ ഈജിപ്‌തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന അൻ‌വർ സാദത്ത് സബ്‌സിഡി സംവിധാനം നിർത്തലാക്കിയത് വലിയൊരു ലഹളയ്ക്ക് കാരണമാവുകയും, അത് വീണ്ടും സബ്‌സിഡി തിരികെ കൊണ്ടുവരാൻ ഇടയാക്കുകയും ചെയ്തു. അതിനാൽത്തന്നെ സബ്‌സിഡിയെന്നത് ഗവണ്മെന്റുകൾ തൊടാനറയ്ക്കുന്ന വിഷയമാണ്. രണ്ടായിരത്തി പതിനൊന്നിലെ പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം ഐഷ്, ഹൊറൈയ്യാ, ആദേല എക്തമായാ (ഭക്ഷണം സ്വാതന്ത്ര്യം സാമൂഹ്യനീതി) എന്നതായിരുന്നു. 

  • This Photo Essay was written on 2015. Many things must have changed in the political turmoil in Egypt

Asha Sathees | ആഷ സതീശ്12670128_1035173953210615_5455455667702002982_n

പഠിപ്പിച്ച കെട്ടിടനിര്‍മ്മാണത്തിനേക്കാള്‍ സ്വയം പഠിച്ചെടുത്ത ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നു. ഫുഡ്‌ & സ്ടീറ്റ്‌ ഫോട്ടോഗ്രഫിയിൽ കൂടുതൽ താൽപര്യം. കുറച്ചു ചിത്രങ്ങൾ ഗെറ്റിയിൽ വിൽപനയ്ക്കുള്ളതിവിടെ കാണാം. ഫ്ലിക്കർ അക്കൗണ്ടും ബ്ലോഗും സ്വന്തമായുണ്ട്‌.

A self-taught photographer who loves to shoot food and streets. Selling a small selection of images  through getty and the remaining can be seen in flickr photostream and this abandoned blog.

Leave a Comment