കലയുടെ മരണവഴികൾ

ീവിത പരാജയങ്ങളിൽ, സ്വപ്നഭംഗങ്ങളിൽ മരണത്തിന്റെ സാധ്യത കണ്ടെത്തുന്നവരാണ് സമൂഹത്തിലെ ഒരു ശതമാനം ആൾക്കാർ. ചില മരണങ്ങൾ അവർക്ക് പ്രിയപ്പെട്ടവരെ ദു:ഖത്തിലാഴ്ത്തുമ്പോൾ, മറ്റു ചിലരുടെ ആത്മഹത്യകൾ ഒരു സമൂഹത്തെത്തന്നെ ദു:ഖത്തിലാഴ്ത്തുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് ഒരു നിമിഷം കൊണ്ട് മരണത്തിന്റെ താഴ്‌വരകളെ പുൽകുന്നവർ എന്നും സമൂഹത്തെ അമ്പരപ്പിയ്ക്കാറുണ്ട്.

സർഗാത്മക മനസ്സുകൾ നിഗൂഢവും ഗഹനവുമാണെന്ന് അടിവരയിട്ടുറപ്പിയ്ക്കുന്നവയാണ് കലയുടെ വഴികളിൽ പ്രശസ്തരായ ചിലരുടെ ആത്മഹത്യകൾ. വാക്കുകളിൽ കവിത തുളുമ്പിയ, വരികളിൽ കഥകൾ മെനഞ്ഞ, വർണ്ണങ്ങളിൽ ഭാവം കൊരുത്ത കലാകാരന്മാർ എന്തിനാണ് ജീവിതത്തിന് സ്വയം അടിവരയിട്ടത്? ഉത്തരം ഒരുപക്ഷെ അവർക്കു തന്നെ തിരിച്ചറിയാൻ പറ്റാത്ത ചില മാനസികാവസ്ഥകളുടെ ഉന്മത്തത അവരെ ആത്മഹത്യയിലേയ്ക്ക് എത്തിയ്ക്കുകയായിരുന്നു എന്നായിരിയ്ക്കും.

“എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നുപോയി. കൂപ്പുകൈ!” എന്നെഴുതി വച്ചു ജീവിതം അവസാനിപ്പിച്ച ഇടപ്പള്ളി രാഘവൻ പിള്ള, ”നേർത്ത വിരലുകൾ കൊണ്ട് ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം” എന്നെഴുതിയ നന്ദിത, “ഒരിക്കലും ഞാനുണ്ടായിരുന്നില്ല.
മഴ എന്റെ പേരെഴുതിയില്ല, മഴ എന്റെ പേരു മായ്‌ച്ചതുമില്ല” എന്ന് എഴുതിയ ഷെൽ‌വി, പട്ടാളജീവിതത്തിൽ നിന്ന് കഥയിലേയ്ക്കും അവിടെനിന്ന് മരണത്തിലേയ്ക്കും നടന്നുപോയ നന്തനാർ, സ്വന്തം ജീവിതത്തിൽ നിന്ന് കഥകൾ കണ്ടെടുത്ത് ഭാവതീവ്രമായി അവതരിപ്പിച്ച് പാതിവഴിയിൽ എല്ലാമുപേക്ഷിച്ച് കടന്നുപോയ രാജലക്ഷ്മി എന്നിങ്ങനെ മലയാളികൾക്കിടയിൽ മാത്രം ചർച്ച ചെയ്യപ്പെടുന്നവരിൽ തുടങ്ങി, ലോകം ഉറ്റുനോക്കുന്ന അതിപ്രശസ്തരായ കലാകാരന്മാർ പലരും ആത്മഹത്യയിൽ അഭയം തേടിയവരാണ്. സൂര്യകാന്തിപ്പാടങ്ങളുടെ മഞ്ഞയെ സ്നേഹിച്ച വാൻ‌ഗോഗ്, സാഹസിക വിജയങ്ങളിലൂടെ വായനക്കാരെ കീഴടക്കിയ ഹെമിങ്ങ്‌വേ, ജീവിത സഹനങ്ങളോട് പൊരുതാൻ മനസ്സില്ലാഞ്ഞ സിൽ‌വിയ, മരണത്തെ പരമ്പരാഗത ശൈലിയിൽ നടപ്പാക്കിയ യുകിയൊ മിഷിമ എന്ന ജാപ്പനീസ് നോവലിസ്റ്റ്, നദിയുടെ ആഴങ്ങളിലേയ്ക്ക് സ്വയം സമർപ്പിച്ച വിർജീനിയ വുൾഫ് എന്നിങ്ങനെ സ്വയം ജീവനൊടുക്കിയ പ്രതിഭകളുടെ എണ്ണം ഏറെയാണ്. ഇവരെയെല്ലാം തമ്മിൽ പൊതുവായി ബന്ധിപ്പിയ്ക്കുന്നത് രണ്ട് കാര്യങ്ങളാണ്; കലയും ആത്മഹത്യയും. പിന്നീട്, ഇവരുടെ ജീവിതവും കലാസൃഷ്ടികളും മുൻ‌നിർത്തിയുള്ള പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നതാകട്ടെ ഇവരിൽ പലരും വിഷാദം അല്ലെങ്കിൽ നിരാശ (Mood disorders) എന്ന അവസ്ഥയിൽ ആത്മഹത്യയിലേക്ക് നീങ്ങിയ ഹതഭാഗ്യരാണെന്നും.

വിഷാദ പർവ്വം

കലയുടെ മന:ശാസ്ത്രം പലപ്പോഴും വിചിത്രമാണ്. വരയും വർണ്ണവും വാക്കും അർത്ഥവും ഈണവും താളവും അങ്ങനെ ചേരും‌പടി ചേരുന്നതെല്ലാം സുന്ദരമായി ക്രമീകരിച്ച് ആകർഷണീയമാക്കുമ്പോഴാണ് ഒരു കല രൂപപ്പെടുന്നത്. ബൌദ്ധികതലത്തേക്കാൾ കല താദാത്മ്യം പ്രാപിയ്ക്കുന്നത് വൈകാരികതലത്തോടാണ്. കലാകാരന്മാർ പൊതുവെ വൈകാരികമായ തലത്തിൽ ജീവിയ്ക്കുന്നവരാണ്. ആ വൈകാരികത, കല എന്ന മാധ്യമത്തിലൂടെ മറ്റുള്ളവരിലേയ്ക്ക് എത്തിക്കുകയാണ് അവർ ചെയ്യുന്നത്. ആ പകർത്തൽ അവരെ സംബന്ധിച്ച് അസ്വസ്ഥവും വേദനാജനകവുമായ ഒരവസ്ഥയിലാണ് നടക്കുന്നത്. ഭൂമിയിൽ എന്തിനേയും ഒരു കലാകാരൻ കാണുന്നത് തീവ്രവും തീക്ഷ്ണവുമായ വൈകാരികതകളിലൂടെയാണ്. ചിലപ്പോൾ അതൊരു കാലയളവിലേയ്ക്ക് തന്നെ അവരെ പിന്തുടരുന്നു. വിഷാദവും നിരാശയും കലർന്ന അതിവൈകാരികത തന്നെയാണ് അവരെ മരണത്തിലേയ്ക്കും എത്തിയ്ക്കുന്നത്. ഇടപ്പള്ളിയുടെ മരണത്തിനു കാരണം ഒരു പ്രണയ നൈരാശ്യമായിരുന്നു. കാവ്യലോകത്തിന് ഒരു വാഗ്ദാനമായിരുന്ന ആ പ്രതിഭ അവസാന കവിത എഴുതി പ്രസിദ്ധീകരണത്തിനയച്ച് ആത്മഹത്യ ചെയ്തു.

കാരണങ്ങളും പ്രചോദനങ്ങളും

നിഗൂഢവും ഗഹനവുമായ മനസ്സിന്റെ ഒരവസ്ഥയാണ് ഒരാളെ കലാകാരനാക്കുന്നത്. എന്നുപറയുമ്പോൾ, മാനസികാരോഗ്യം എന്നത് കലയുടെ ലോകത്ത് ജീവിയ്ക്കുന്നൊരാളിൽ എവിടെ നിൽക്കുന്നുവെന്ന് ആഴത്തിൽ പഠിക്കേണ്ട ഒരു വിഷയമാണ്. കലയുടെ മറവിൽ പതിയിരിയ്ക്കുന്ന രോഗങ്ങൾ അവർ പോലുമറിയാതെ അവരെ മരണത്തിന്റെ ആഴങ്ങളിലേയ്ക്കു വലിച്ചെറിയുകയായിരുന്നിരിയ്ക്കാം.

സർഗ്ഗാത്മക ജീവിതങ്ങൾക്കു പിന്നിലെ ദുരന്തങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന മാനസിക രോഗങ്ങളാണ്. കലാവിഷ്ക്കാരത്തിന്റെ ഭാഗമായുണ്ടാകുന്ന സാധാരണ പ്രക്രിയയായി അവരിലെ രോഗലക്ഷണങ്ങളെ സമൂഹം നിസ്സാരവത്ക്കരിയ്ക്കുന്നു. രോഗിയ്ക്കാവട്ടെ, പലപ്പോഴും സ്വയം രോഗം തിരിച്ചറിയാൻ സാധിയ്ക്കാത്ത അവസ്ഥയും. ഒടുവിൽ ചെന്നെത്തുന്നത് ആത്മഹത്യയിലും, മരണാനന്തര പഠനങ്ങൾ തെളിയിക്കുന്നത് മാനസിക രോഗങ്ങളും. ലോകം കണ്ട പല കലാകാരന്മാരും ആത്മഹത്യയിലൂടെ അവരുടെ ജീവിതത്തിന് അടിവരയിട്ടപ്പോൾ സമൂഹത്തിനു നഷ്ടമായത് അവരിനിയും രൂപം കൊടുക്കേണ്ടിയിരുന്ന കലാസൃഷ്ടികളും!

മരണാനന്തരം

പല പ്രശസ്തരുടേയും മരണാനന്തരം അവരുടെ ജീവിതവും കലയും പഠനവിഷയമായപ്പോൾ അവരെല്ലാം പലവിധ മാനസിക രോഗങ്ങൾക്കടിമപ്പെട്ടിരുന്നു എന്നാണ് തെളിഞ്ഞത്. തിരിച്ചറിയപ്പെടാത്ത, ചികിത്സ കിട്ടാത്ത രോഗാവസ്ഥയിലാണ് അവരിൽ പലരും ജീവനൊടുക്കിയത്.
അവരിലെ അസുഖം തിരിച്ചറിയപ്പെടാതെ പോവുകയോ അല്ലെങ്കിൽ കലാകാരനായതിനാൽ സ്വാഭാവികം എന്ന് തെറ്റിദ്ധരിക്കപ്പെടുകയോ ആയിരുന്നു. വിഷാദരോഗം ജീവനെടുത്ത കലാമനസ്സുകൾ നിരവധിയാണ്. ബൈപോളാർ ഡിസീസ്, സ്കിസോഫ്രേനിയ എന്നിങ്ങനെ പലവിധ രോഗാവസ്ഥകളും ജ്വലിയ്ക്കുന്ന കലാസൃഷ്ടികൾക്കു പിന്നിൽ അറിയപ്പെടാതെ കിടക്കുന്നു.

മാനസിക അസ്വസ്ഥതകളുടെ ഉപോൽ‌പ്പന്നമാണോ കല അതോ കലയുടെ ഉപോൽ‌പ്പന്നമാണോ മാനസിക അസ്വാ‍സ്ഥ്യങ്ങൾ എന്ന് കൃത്യമായി വേർതിരിയ്ക്കാൻ ഒരു പഠനങ്ങൾക്കും കഴിയാറില്ല. എല്ലാം സാധ്യതകൾ മാത്രമായി ചുരുങ്ങിപ്പോകുന്നു.

തിരിച്ചറിയേണ്ട മരണ വഴികൾ

മരണത്തെ മഹത്വവൽക്കരിയ്ക്കുന്ന എഴുത്തുകളും കുറിപ്പുകളും പലപ്പോഴും തീവ്രവിഷാദത്തിന്റെ അവസ്ഥയിൽ സൃഷ്ടിയ്ക്കപ്പെടുന്നവയാണ്. ഈ കലാസൃഷ്ടികൾ പലപ്പോഴും മറ്റുള്ളവരെ സ്വാധീനിയ്ക്കുകയും മാനസികാസ്വാസ്ഥ്യങ്ങൾ തീവ്രമാക്കുകയും മരണത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുമ്പോഴാണ് ഇതിൽ പതിയിരിയ്ക്കുന്ന രോഗം എത്ര ഭയാനകമെന്ന് തിരിച്ചറിയുന്നത്.

ആത്മഹത്യയ്ക്കു കാരണമാകുന്നു എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ഗ്ലൂമി സണ്‍‌ഡേ പോലുള്ള കലാസൃഷ്ടികൾ നമുക്കു മുന്നിൽ തുറന്നു വയ്ക്കുന്നത് ഒരു കലാകാരനിൽ മാത്രമൊതുങ്ങുന്നതല്ല, വിഷാദമുൾപ്പെടുന്ന മാനസികരോഗങ്ങളുടെ അപകടം എന്ന സത്യമാണ്. അതെ, അതൊരു സമൂഹത്തെ തന്നെ രോഗമായി ആവേശിയ്ക്കുകയാണ്. കലാകാരനിലെ അസ്വാസ്ഥ്യങ്ങളെ തിരിച്ചറിയുകയും അവരെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയും ചെയ്യുമ്പോൾ ഒരാളെയല്ല, ഒരു സമൂഹത്തെ തന്നെയാണ് രക്ഷപ്പെടുത്തുന്നത്. ബി.ബി.സി, ഗ്ലൂമി സണ്‍‌ഡേ സം‌പ്രേഷണം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതും ഈ സാമൂഹികനന്മയെ മുൻ‌നിർത്തിയാണ്.

ലോകത്ത് മറ്റേതൊരു പ്രവൃത്തി മണ്ഡലത്തിലും മാനസികമായ അസ്വസ്ഥതകൾ ചുറ്റുമുള്ളവർ ശ്രദ്ധിയ്ക്കുകയും അവർക്ക് തക്കതായ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിയ്ക്കുകയും ചെയ്യുന്നു. എന്നാൽ കലാകാരന്റെ മാറ്റങ്ങളെ സമൂഹം അവഗണിയ്ക്കുന്നു. അസ്വാഭാവിക പെരുമാറ്റങ്ങൾ എപ്പോഴും കലാകാരന്റെ കൂടപ്പിറപ്പാണെന്ന സമൂഹത്തിന്റെ മിഥ്യാധാരണകൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. പല മാനസികരോഗങ്ങളും മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളുടെ കുറവിലും കൂടുതലിലും ഉടലെടുക്കുന്നതാണ്. മറ്റേതൊരു രോഗവും പോലെ ചികിത്സയും ലഭ്യമാണ്. ചികിത്സയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കുടുംബത്തിൽ നിന്നോ ചുറ്റുമുള്ളവരിൽ നിന്നോ കിട്ടുന്ന പിന്തുണ.. സമൂഹത്തിൽ നിന്നകന്ന് ജീവിയ്ക്കുന്നതും പ്രിയപ്പെട്ടവരിൽ നിന്ന് കാരണങ്ങളൊന്നുമില്ലാതെ പിന്മാറുന്നതും സ്വയം സംസാരിയ്ക്കുന്നതും തീവ്രമായ വികാരപ്രകടനങ്ങളും അസാധാരണ ചെയ്തികളും സർഗ്ഗാത്മകതയുടെ സ്ഫുരണങ്ങൾ ഉള്ളിലുള്ളതു കൊണ്ട് മാത്രമാവണമെന്നില്ല; അതൊരു രോഗാവസ്ഥകൂടിയാവാം. രോഗത്തെ രോഗമായി കാണാനും അവ ചികിത്സാവിധേയമാക്കാനും ചുറ്റുമുള്ളവർക്ക് കഴിഞ്ഞിരുന്നെങ്കിൽ എത്രയോ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. ജീവിയ്ക്കാനായി പൊരുതുന്ന മനുഷ്യരുടെ ലോകത്ത്, ജീവിതം എറിഞ്ഞുടയ്ക്കുന്ന വിഡ്ഢികൾ ആകരുത് ഒരു കലാകാരനും.


Sarija SivakumarSarija Sivakumar | സരിജ ശിവകുമാർ

I am shattered into many pieces,

into dreams, literature, prose and nature itself,

I gather myself to live as a software engineer during day,

but, sometimes I find myself pulled away, into those pieces.

That is my will; and so; I live.

വായനയിലും സ്വപ്നങ്ങളിലും പാട്ടിലും പ്രകൃതിയിലുമെല്ലാം തുണ്ടുകളായ് ചിതറിക്കിടക്കുന്നു. എല്ലാം തുന്നിചേർത്ത് വച്ച് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായി പകലുകളിൽ പണിയെടുക്കും. അതിനിടയിലും ചിലപ്പോൾ തുണ്ടുകളായി ചിതറി പലതിലേയ്യ്ക്കും പോകും. അങ്ങനെ ഇങ്ങനെ അങ്ങ് ജീവിച്ച് പോകുന്നു.


Cover Image Copyrights – Mary Lock

Leave a Comment