പുസ്കിലക്കിടിയും വയനയിലയപ്പവും

ാചകത്തെയും ഇഷ്ടവിഭവത്തെയും പറ്റി ഞാൻ എന്ത് എഴുതാനാണ്? പാചകം ചെയ്യാറില്ല. സ്ഥിരമായ ഇഷ്ടവിഭവവുമില്ല. എന്തു വിളമ്പിയാലും വാരിത്തിന്നാൻ ചെറുപ്പത്തിലേ ശീലിച്ചതുകൊണ്ട് ആഹാരത്തിന്റെ കാര്യത്തിൽ ഒട്ടും നിർബന്ധബുദ്ധിയില്ലാത്ത ആളാണ് ഞാൻ. ഒരു മണിക്കൂറായിരുന്നു സ്കൂളിലായിരുന്ന കാലത്ത് ലഞ്ച് സമയം. വേഗം നടന്നാൽ ഇരുപതു മിനിട്ടിൽ വീട്ടിലെത്താം. ആഹാരം കഴിച്ചിട്ട് അതേ വേഗത്തിൽ തിരിച്ചു പോയാൽ കൂട്ടുകാരുമൊത്ത് പത്തു മിനിട്ടു കളിക്കാം. അങ്ങനെ വേഗം തിന്നുന്നത് ശീലമായി.

അതിന് പുസ്കിലക്കിടി എന്ന് പേരുമിട്ടു. മാണിക്യ സഞ്ചന ലുട്ടാപി എന്നൊക്കെ എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാധീനത്തിലാണ് അങ്ങനെയൊരു പേരിട്ടത്. എനിക്ക് പുസ്കിലക്കിടി ഇഷ്ടമായി.

വീട്ടിലെ സാഹചര്യങ്ങൾ പാചകം പഠിക്കാൻ സഹായകമായിരുന്നില്ല. ബോയ് സ്കൌട്ട്സ് പ്രസ്ഥാനത്തിൽ ചേർന്നപ്പോൾ ക്യാമ്പിങ്ങിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്കൗട്ട് മാസ്റ്റർ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചു. എന്നാൽ ക്യാമ്പിന് പോകാനായില്ല. അതുകൊണ്ട് സാമ്പാർ ഉണ്ടാക്കാൻ അവസരം ലഭിച്ചില്ല.

അമ്പതുകളിൽ, മദ്രാസിൽ ജോലി ചെയ്യുന്ന കാലത്ത് ആന്റണി എന്ന പതിനെട്ടുകാരൻ പാചകക്കാരനായി കൂടി. പരിചിതമായ ആഹാരപദാർത്ഥങ്ങളിൽ ഒതുങ്ങാതെ പാചകത്തിൽ ഗവേഷണം നടത്താൻ പയ്യനോട് പറഞ്ഞു. പക്ഷെ അയാൾ പരീക്ഷണത്തിന് തയ്യാറായില്ല. ഒരവധി ദിവസം അയാളെ അടുക്കളയിൽ നിന്ന് പുറത്താക്കിയിട്ട് ഒരു പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചു. ഉരുളക്കിഴങ്ങു വേവിച്ച് തൊലിമാറ്റി, പാലും പഞ്ചസാരയും നെയ്യും ചേർത്ത് ഒരു പലഹാരം ഉണ്ടാക്കി. അതിന് പുസ്കിലക്കിടി എന്ന് പേരുമിട്ടു. മാണിക്യ സഞ്ചന ലുട്ടാപി എന്നൊക്കെ എഴുതിയ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വാധീനത്തിലാണ് അങ്ങനെയൊരു പേരിട്ടത്. എനിക്ക് പുസ്കിലക്കിടി ഇഷ്ടമായി. അത് കഴിച്ചിട്ട് അഭിപ്രായം പറയാൻ ആന്റണിയോട് ആവശ്യപ്പെട്ടു. “പാലും പഞ്ചസാരയും നെയ്യുമൊക്കെ ചേർത്താൻ നല്ലതല്ലാതാകുമോ?” എന്ന ആന്റണിയുടെ പ്രതികരണം എന്നെ തകർത്തു. അതിനുശേഷം പരീക്ഷണങ്ങളൊന്നും നടത്തിയില്ല.

ഒരു എക്സ്ചേഞ്ച് സ്കോളർഷിപ്പ് പദ്ധതിയിൻ കീഴിൽ ഫിലിപ്പീൻസ് സർവകലാശാലയിൽ എത്തിയ എനിക്കും കിഷൻ ഗോപാൽ ചഡ്ഡക്കും മനിലയിലെ പ്രസ് ക്ലബ്ബ് താൽക്കാലിക അംഗത്വം നൽകി. അവിടെ പരിചയപ്പെട്ട ചില ഫിലിപ്പീൻ മാധ്യമപ്രവർത്തകർ ഞങ്ങളെ വീടുകളിലേക്ക് ക്ഷണിച്ചു. ഏതെങ്കിലും റസ്റ്റോറന്റിൽ മറുവിരുന്നു നൽകുന്നതിനു പകരം അവരെ ക്യാമ്പസിൽ ഞങ്ങൾ താമസിച്ചിരുന്ന ഏഷ്യാ കോട്ടേജിലേക്ക് ക്ഷണിച്ച് ഇന്ത്യൻ ആഹാരം നൽകാമെന്ന നിർദ്ദേശം ഒരു ദിവസം ചഡ്ഡ മുന്നോട്ടു വെച്ചു. “ഇന്ത്യൻ ആഹാരം ആരുണ്ടാക്കും?” ഞാൻ ചോദിച്ചു. “അത് ഞാൻ ചെയ്തോളാം” എന്ന് ചഡ്ഡ പറഞ്ഞു. കടയിൽ പോയി ചിക്കനും മറ്റ് സാമഗ്രികളും വാങ്ങുന്ന ജോലി എന്റേതായി. ചഡ്ഡ നല്ല ഒന്നാന്തരം ഇന്ത്യൻ സ്റ്റൈൽ ചിക്കൻ കറിയും ചോറും ഉണ്ടാക്കി. ഞങ്ങളുടെ ഇന്ത്യൻ ലഞ്ച് മാധ്യമ സുഹൃത്തുക്കളുടെ പ്രശംസ നേടി. ചഡ്ഡയുടെ ചോറും ചിക്കൻ കറിയും കഴിച്ചപ്പോൾ നാട്ടിൽ വെച്ച് പാചകം ശീലിച്ചിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ വീട്ടിൽ അമ്മ പാചകം ചെയ്യുന്നത് കണ്ടതിന്റെ ഓർമ്മയിലാണ് താൻ എല്ലാം ചെയ്യുന്നതെന്ന് ചഡ്ഡ പറഞ്ഞു.

ഫിലിപ്പീൻസിൽ നിന്ന് ചഡ്ഡയും ഞാനും രണ്ട് ശ്രീലങ്കൻ സുഹൃത്തുക്കളുമൊത്ത് ഒരു ജപ്പാൻ യാത്ര നടത്തി. ഒരു മാസത്തോളം ഞങ്ങൾ അവിടെ ചെലവഴിച്ചു. ഒരു ദിവസം ഞാൻ മൈനീച്ചി പത്രത്തിന്റെ പത്രാധിപരെ കാണാൻ പോയി. സന്ദർശനസമയത്തിനും വളരെ മുമ്പെ അവിടെ എത്തിയതുകൊണ്ട് അടുത്തുള്ള ഹിബിയാ പാർക്കിൽ കയറി. ആളുകൾ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന കാഴ്ച കണ്ടിരിക്കുമ്പോൾ ഒരു ജാപ്പനീസ് യുവാവ് ചങ്ങാത്തം കൂടാൻ അടുത്തു വന്നു. പേര് നോരിതോഷി സതോമി. നോരിതോഷി എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ ചെന്നപ്പോൾ അദ്ദേഹത്തിന്റെ അമ്മ വിളമ്പിയ ടെമ്പുരയുടെ സ്വാദ് ഇപ്പോഴും ഓർമ്മയിലുണ്ട്.

വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് ഭാര്യയുടെ അമ്മ എന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് കുഞ്ഞമ്മയോട് അന്വേഷിച്ചു. കുട്ടിക്കാലത്ത് എനിക്ക് വയനയിലയപ്പം ഇഷ്ടമായിരുന്നെന്ന് കുഞ്ഞമ്മ പറഞ്ഞുകൊടുത്തു. അതിന്റെ ഫലമായി അവധിക്ക് നാട്ടിൽ വരുമ്പോഴൊക്കെ അമ്മായിയമ്മ വയനയില സംഘടിപ്പിച്ച് അപ്പം ഉണ്ടാക്കി തരുമായിരുന്നു.

എന്റെ ഭാര്യ രമ വിവാഹത്തിനു മുമ്പ് ബിരിയാണി ഉണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയിരുന്നു. എന്നാൽ മറ്റ് ആഹാരപദാർത്ഥങ്ങളുണ്ടാക്കാൻ അറിയുമായിരുന്നില്ല. ആഹാരകാര്യത്തിൽ എനിക്ക് നിർബന്ധബുദ്ധിയില്ലാത്തത് ഗുണപ്രദമായി. വിളമ്പിത്തരുന്നതെല്ലാം ഒരു പരാതിയും കൂടാതെ കഴിക്കുന്ന എന്നോട് ഭാര്യ ഒരു ദിവസം ചോദിച്ചു: “ഞാൻ ഉണ്ടാക്കുന്നത് എനിക്ക് തന്നെ പിടിക്കുന്നില്ല. നിങ്ങൾ എങ്ങനെയാണ് അത് കഴിക്കുന്നത്?”. ഇപ്പോൾ രമ പാചകവിദഗ്ദ്ധയാണ്. ടിവിയിൽ കാണുന്നതും പത്രങ്ങളിൽ വായിക്കുന്നതുമൊക്കെ വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്നു.

നല്ലപോലെ പാചകം ചെയ്യുന്ന ഭാര്യയുള്ളപ്പോൾ ഭർത്താവ് പാചകം ശീലിക്കുമോ? ഭാര്യ ഇല്ലാത്തപ്പോൾ ചായയോ കാപ്പിയോ ഇടുന്നതിനും മുട്ട പുഴുങ്ങുന്നതിനുമപ്പുറമുള്ള ഒരു പാചകത്തിനും ഞാൻ മുതിർന്നിട്ടില്ല. എന്നാൽ ഭക്ഷണത്തിനുശേഷം പാത്രം കഴുകുന്നതിൽ ഭാര്യയെ സഹായിക്കാറുണ്ട്.

ഞാൻ ജോലിയിൽ നിന്ന് വിരമിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോൾ ഒരു യുവസഹപ്രവർത്തക ‘വിശ്രമകാലത്ത് പരീക്ഷിക്കാന്‍’ എന്നു പറഞ്ഞുകൊണ്ട് ഒരു വെജിറ്റേറിയൻ കുക്കറി ബുക്ക് സമ്മാനിച്ചു. അതിലെ ഏതെങ്കിലും ഒരു വിഭവം പരീക്ഷിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴും അടുക്കളയിലെ എന്റെ സംഭാവന പാത്രം കഴുകലിൽ ഒതുങ്ങുന്നു.


BRP Bhaskar

ബി.ആർ.പി. ഭാസ്കർ | BRP Bhaskar

കേരളത്തിലെ മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമാണ്‌


Cover Image Copyrights – Chandrika Nair

Leave a Comment