Cover Image Copyrights - https://flic.kr/p/654GSn

ജാഫര്‍ പനാഹിയുടെ പെണ്ണുങ്ങള്‍! ഇറാനിയന്‍ സിനിമയിലെ പ്രതിഷേധം

ആത്യന്തികമായി ഇറാനിയന്‍ സിനിമ പ്രതിഷേധത്തിന്റെ സ്വരമാണ്. പര്‍ദയ്ക്കുള്ളില്‍ നിന്ന് പുറത്തുവരാനാകാത്ത അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം സ്ത്രീകള്‍ മാത്രമാണ് അവിടെ എന്നാണ്  പ്രചാരത്തിലുള്ള ഒരു  കാഴ്ചപ്പാട്. മുഖ്യധാരാ ഇന്ത്യന്‍ സിനിമകളിൽ ചുംബനരംഗങ്ങളോ നഗ്നതയോ വെട്ടിമാറ്റാന്‍ പറയുന്ന സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് സമരമെങ്കില്‍ ഇറാൻ സിനിമകൾ നേരിടുന്ന സെൻസർഷിപ്പ്  അടിസ്ഥാനപരമായ  പ്രശ്നങ്ങളിലാണെന്ന് പറയാം. പനാഹിയുള്‍പ്പെടെയുള്ള ഇറാനിയന്‍ സംവിധായകരുടെ സിനിമകളില്‍ കാണുന്നത്ര ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ മുഖ്യധാര/സമാന്തര സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ഒളിവില്‍ കഴിഞ്ഞുകൊണ്ട് നിരന്തരം സിനിമകളെടുക്കുക എന്ന ധീരതയ്ക്ക് പുറമെ സ്ത്രീകളുടെ ശക്തമായ പ്രതിഷേധസ്വരങ്ങള്‍ കാഴ്ചവയ്ക്കുന്നതിനുകൂടി ജാഫര്‍ പനാഹി പ്രശംസയര്‍ഹിക്കുന്നു. ഇറാനിയന്‍ ബോര്‍ഡിന്റെ സെന്‍സര്‍ഷിപ്പ് കാരണം പനാഹിക്ക് സ്വന്തം നാട്ടില്‍ തന്റെ സിനിമകള്‍ കാണിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നിരുന്നാലും അത്ഭുതകരമായ അച്ചടക്കത്തോടും കൃത്യനിഷ്ഠയോടും കൂടെ, നിരന്തരമായി സര്‍ക്കാരിനെ വെട്ടിച്ച് ഇദ്ദേഹം സിനിമകളെടുക്കുന്നു.

സിനിമ നല്ലതാണെന്നോ സ്ത്രീപക്ഷമാണെന്നോ ഈ പരീക്ഷ ജയിക്കുന്നതിലൂടെ അർത്ഥമില്ലെങ്കിലും, സ്ത്രീകള്‍ ഉണ്ടെന്നും പുരുഷന് ചുറ്റുമല്ലാതെ അവര്‍ക്ക് സംസാരിക്കാന്‍ കാര്യങ്ങളുണ്ട് എന്നുമുള്ള വസ്തുത മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു

സിനിമയിൽ സ്ത്രീസാന്നിധ്യത്തിന്റെ അളവുകോൽ

ബെക്ടെല്‍ ടെസ്റ്റിനെക്കുറിച്ച് (Bechdel Test) കേട്ടിട്ടുണ്ടോ? കല്പിത കഥകളില്‍ (Fictional narratives) സ്ത്രീസാന്നിധ്യം അളക്കാന്‍ സഹായിക്കുന്ന കൌതുകകരമായ ഒരു പരീക്ഷയാണിത്. ഇത് ജയിക്കാന്‍ മൂന്ന് നിബന്ധനകളാണുള്ളത്.

  • പേരുകളുള്ള രണ്ടോ അതില്‍ക്കൂടുതലോ സ്ത്രീകള്‍ ഉണ്ടാവണം
  • അവര്‍ തമ്മില്‍ സംസാരിക്കണം
  • അവര്‍ തമ്മില്‍ ആണുങ്ങളെക്കുറിച്ചല്ലാതെ എന്തിനെയെങ്കിലും പറ്റി സംസാരിക്കണം

ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇത് ഏതു തരം കലയും അത്യാവശ്യമായി ആർജ്ജിക്കേണ്ട നിലവാരമാണ്. സിനിമ നല്ലതാണെന്നോ സ്ത്രീപക്ഷമാണെന്നോ ഈ പരീക്ഷ ജയിക്കുന്നതിലൂടെ അർത്ഥമില്ലെങ്കിലും, സ്ത്രീകള്‍ ഉണ്ടെന്നും പുരുഷന് ചുറ്റുമല്ലാതെ അവര്‍ക്ക് സംസാരിക്കാന്‍ കാര്യങ്ങളുണ്ട് എന്നുമുള്ള വസ്തുത മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ഈ പരീക്ഷ കടക്കാത്ത സിനിമകളുടെ ലിസ്റ്റ് ചെറുതല്ല. പനാഹിയുടെ സിനിമകള്‍ മിക്കതും ഈ പരീക്ഷ കടക്കുന്നു എന്നത് ശ്രദ്ധേയമാണ്.

കഥാപാത്രങ്ങളുടെ രാഷ്ട്രീയം

സംവിധായകര്‍ തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്ന് അവരുടെ സമൂഹബോധവും രാഷ്ട്രീയ നിലപാടും  മനസ്സിലാക്കാന്‍ സാധിക്കും. വാര്‍പ്പുമാതൃകകളിലേയ്ക്ക് കഥാപാത്രങ്ങളെ തള്ളിവിടുന്നതിൽ രാഷ്ട്രീയമുണ്ട്. ഉദാഹരണത്തിന്, മുസ്ലിം കഥാപാത്രങ്ങളെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനം വായിച്ചെടുക്കാം. ഇത്തരത്തില്‍ നോക്കുമ്പോള്‍ മാതൃകാപരമായ സമീപനമാണ് പനാഹിക്ക് സ്വന്തം സ്ത്രീകഥാപാത്രങ്ങളോടുള്ളത്. പനാഹി ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങൾക്ക് പൊതുവായ ചില സ്വഭാവങ്ങളുണ്ട്.

  • സ്വന്തമായി ജീവിതമോ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഉള്ളവരാണിവർ.
  • ലക്ഷ്യപ്രാപ്തിയ്ക്കായി പോരാടാനുള്ള കഴിവുണ്ടിവർക്ക്.
  • പലപ്പോഴും അവർ ആഗ്രഹിച്ചതു നേടിയെടുക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്കുള്ള പടമെടുത്താണ് പനാഹി തുടങ്ങിയത്. അതു കുട്ടിക്കളിയല്ല. ഫുട്ബോള്‍ കളി കാണാന്‍ സാഹസത്തിനിറങ്ങിത്തിരിക്കുന്ന മൂന്ന് യുവതികളുടെ കഥയായ ‘ഓഫ്‌സൈഡ്’, ജനനം മുതല്‍ മരണം വരെയുള്ള ഇറാനിയന്‍ സ്ത്രീയുടെ സമരങ്ങളെക്കുറിച്ച് പറയുന്ന ‘ദി സര്‍ക്കിള്‍’ എന്നീ സിനിമകളിലെ സ്ത്രീകളെ അവലംബിച്ചാണ് പനാഹിയുടെ സ്ത്രീപക്ഷചിന്തകള്‍ അവലോകനം ചെയ്യുന്നതെങ്കിലും, തുടക്കത്തിലെ  കുട്ടികള്‍ക്കുള്ള സിനിമകളിലൊന്നിനെപ്പറ്റി പറഞ്ഞു തുടങ്ങാം.

ദി വൈറ്റ് ബലൂണിലെ റസിയ

പുതുവല്‍സരത്തിനു മുമ്പായി ചന്തയില്‍ കണ്ട് ഇഷ്ടപ്പെട്ട ഒരു അലങ്കാരമല്‍സ്യം വാങ്ങാനാഗ്രഹിക്കുന്ന റസിയ എന്ന പെൺകുട്ടിയുടെ കഥയാണ് ദി വൈറ്റ് ബലൂണില്‍ (1995) പനാഹി ചിത്രീകരിച്ചത്. ഒറ്റ നോട്ടത്തില്‍ നന്നായി പറഞ്ഞു വെച്ച ബാലകഥയെന്ന് തോന്നുമെങ്കിലും അവഗണിക്കാന്‍ കഴിയാത്ത ചില സൂചനകള്‍ ഈ ചിത്രം നല്‍കുന്നുണ്ട്. ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്ന ഒരു പെണ്‍കുട്ടിയെ സിനിമയിൽ കാണിക്കുന്നു എന്നതാണു ആദ്യ സൂചന. ശുഭപര്യാവസായിയായ കഥകളുള്ള സിനിമകളിലെ കണക്കെടുപ്പ് നടത്തിയാലും മിക്കതിലും സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരുന്ന സ്ത്രീകഥാപാത്രങ്ങൾ ആയിരിക്കും എന്നിടത്ത് ഇതത്ര നിസ്സാരമായ ഒരു കാര്യമല്ല.

രണ്ടാമതായി, കുടുംബത്തിലെ മുതിര്‍ന്ന ആണ്‍കഥാപാത്രമായ റസിയയുടെ അച്ഛൻ സിനിമയിൽ വരുന്ന രീതി. ഇയാളെ ചിത്രീകരിച്ചിട്ടേ ഇല്ല എന്നുള്ളതാണ് കാര്യം. തുടക്കം മുതല്‍ ഒടുക്കം വരെ പല കാരണങ്ങളാല്‍ ദേഷ്യപ്പെടുന്ന ഇയാളുടെ ശബ്ദം മാത്രമാണ് നമ്മള്‍ കേള്‍ക്കുന്നത്. കുളിമുറിക്കുള്ളില്‍ നിന്ന് ഷാമ്പൂ, സോപ്പ് എന്നിവയ്ക്ക് വേണ്ടി ആക്രോശിക്കുന്ന ഇയാള്‍ തന്റെ അഭാവത്തിലും പുരുഷമേധാവിത്വത്തിന്റെ ദല്ലാളായി പെരുമാറുന്നത് മനസ്സിലാക്കാൻ സാധിക്കും. ചിലപ്പോള്‍ ഇത് പുരുഷമേധാവിത്വം ആന്തരീകരിച്ച (Internalise) സ്ത്രീകളോ അല്ലെങ്കില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ പല വിധത്തിൽ പ്രകടമാകുന്ന സ്ത്രീവിരുദ്ധതയോ ആകാം.

പിന്നീട് റസിയ അലങ്കാരമല്‍സ്യം വാങ്ങാന്‍ പോകുന്ന വഴിക്ക് ഒരു കൂട്ടം ചെപ്പടിവിദ്യക്കാരുടെ ഇടയില്‍ അകപ്പെട്ട് പോകുന്നുണ്ട്. പൈസ തിന്നുന്ന പാമ്പിനെ കാണിക്കുന്നവരാണിവര്‍. പാമ്പ് കേളികേട്ട ഒരു ഫാലിക് സിമ്പലാ (Phallic symbol) ണെന്നുള്ളത് മനസ്സില്‍ വച്ചുകൊണ്ട് വേണം ഈ രംഗം കാണാന്‍. അത്യധികം ഭീതിജനകമാണ് ഈ രംഗം. കുട്ടിയുടെ കൈയ്യിലെ പണം അവര്‍ കൈക്കലാക്കുമോ എന്ന പേടി തുടരെത്തുടരെയുള്ള ചെപ്പടിവിദ്യക്കാരുടെ പതിവ് ആക്രോശങ്ങളിലൂടെയും പെട്ടിക്കുള്ളില്‍ നിന്ന് പുറത്തേയ്ക്ക് തല നീട്ടുന്ന പാമ്പിലൂടെയും അവസാന നിമിഷം വരെ സംവിധായകന്‍ നിലനിര്‍ത്തുന്നു. പൈസ കൈയ്യില്‍ക്കിട്ടിയ ഉടനെ അവരത് പാമ്പിന് കൊടുക്കുന്നു. പെണ്‍കുട്ടി കരയുമ്പോഴും പാമ്പിന്റെ ഉടലില്‍ കൊരുത്തിട്ടിരിക്കുന്ന നോട്ട് ധൈര്യമുണ്ടെങ്കില്‍ എടുത്തുകൊള്ളാനാണ് ഇവര്‍ നിഷ്കരുണം പറയുന്നത്.

നിലവിലെ സാഹചര്യങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് എതിരാണ്. പുരുഷമേധാവിത്വം സ്ത്രീ ശരീരത്തേയും ബൌദ്ധികതയെയും പലതരത്തിൽ ആക്രമിക്കുന്നു. പലപ്പോഴും ആക്രമിക്കപ്പെടുന്ന സ്ത്രീകളോട് ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ എന്തിന്’ എന്നത്. നീ എന്തിന് ആ വസ്ത്രം ധരിച്ചു, അല്ലെങ്കിൽ അതു വഴി പോയി, അല്ലെങ്കിൽ അയാളോട് സംസാരിച്ചു എന്നിങ്ങനെ ഇരയുടെ കുറ്റങ്ങൾ.

ഈ വാദം തന്നെയാണ് തുടക്കത്തില്‍ ചെപ്പടിവിദ്യക്കാരും പ്രയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പ്രസ്തുത രംഗം സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ നിന്ന് മറ്റൊരു കാരണം കൊണ്ടുകൂടി ശ്രദ്ധേയമാണ്. കാണികളുടെ മനസ്സില്‍ ജാലവിദ്യക്കാരോട് ദേഷ്യവും വെറുപ്പും ജനിപ്പിക്കുകയും അവസാനം വരെ അവരെ പെണ്‍കുട്ടിയുടെ കൂടെ നിര്‍ത്തുകയും ചെയ്യുന്നു. അവളുടെ ബുദ്ധിശൂന്യതയോ ശ്രദ്ധക്കുറവോ എന്തോ ആട്ടെ, അവള്‍ കുറ്റക്കാരിയല്ലെന്ന ബോധത്തോടെ ഓരോ കാണിയും അവളോടൊപ്പമാണ്. ഈ രംഗത്തില്‍ത്തന്നെ സ്വന്തം ഇഷ്ടം നടപ്പാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് ഭൂരിഭാഗവും ആണിടങ്ങളാണ് എന്നൊരു സൂചനയും ഉണ്ട്. ചുറ്റും ആണുങ്ങള്‍ മാത്രമുള്ള ഒരിടത്ത് കൂട്ടിന് ആരും ഇല്ലാത്ത പെണ്‍കുട്ടിയുടെ ഫ്രേം സിനിമയിലെതന്നെ ശക്തമായ ഒരു ഏടാണ്. പൊതുവെ ചടുലമായി പുരോഗമിക്കുന്ന കഥപറച്ചിലാണ് പനാഹിയുടേത് എന്നിരിക്കെ ഈ സീനിന് താരതമ്യേന കൂടുതല്‍ സമയം (screen time) കൊടുക്കുക എന്ന ചലച്ചിത്ര ഉപകരണം (Cinematic tool) ഉപയോഗിച്ചാണ് സിനിമയിലെ സൂക്ഷ്മമായ സ്ത്രീപക്ഷരാഷ്ട്രീയം അനുഭവവേദ്യമാക്കിയിരിക്കുന്നത്.

ഒടുവില്‍ പല കടമ്പകളും കടന്ന്, മീന്‍വില്‍പ്പനക്കാരന്റെയടുക്കലെത്തുന്ന റസിയ വഴിയിലെവിടെയോ പണം കളഞ്ഞുപോയതായി മനസ്സിലാക്കുന്നു. പണം വീണുപോയെന്നു പറഞ്ഞ്  അവള്‍ തിരിച്ചുപോകുന്നു. ഇപ്പോള്‍ത്തന്നെ പണം വേണമെന്നില്ലെന്നും മീനിനെ തന്നുവിടാമെന്നും കടക്കാരന്‍ പറയുന്നു. അത്രയും കൊതിച്ചതാണെങ്കിലും നാലോ അഞ്ചോ വയസ്സുമാത്രം പ്രായമേ ഉള്ളൂവെങ്കിലും ആ ആനുകൂല്യം അവൾക്കു വേണ്ടാ. പണം തന്നേ മീൻ വാങ്ങൂവെന്ന് ഉറച്ച സ്വരത്തില്‍ പറയുന്നു. ആത്മാഭിമാനമുള്ള പെണ്‍കുട്ടിയെ മാത്രമല്ല കാണുന്നത്. പണം കളഞ്ഞുപോവുന്നതും വീണ്ടെടുക്കുന്നതുമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നിരിക്കെ  സ്വന്തമായുള്ള വരുമാനത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുകയാണ് പനാഹി. സ്ത്രീകളെ സംബന്ധിച്ച് പണം സമ്പാദിച്ച് കൈകാര്യം ചെയ്യുക എന്നുള്ളത് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഏറ്റവും പ്രധാന ചുവടാണ്. ഈ ആശയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം സിനിമ കൊടുക്കുന്നുണ്ട്.

പനാഹിയുടെ വേറിട്ട വഴികള്‍

ചുരുക്കത്തില്‍, പനാഹിയുടെ ലളിതവും പ്രത്യക്ഷത്തിൽ യാതൊരു വിധ രാഷ്ട്രീയ കാഴ്ചപ്പാടുകളുമില്ലാത്തതുമായ ചിത്രം വരെ ഇത്തരത്തില്‍ സുപ്രധാനമായ ചില പ്രസ്താവനകളുടെ ഒത്തുചേരലാണ്:

  • സ്ത്രീകള്‍ക്ക് സ്വന്തം സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാക്കുക സാധ്യമാണ്
  • അവരുടെ കുറ്റം കൊണ്ടല്ലാതെ ആണ്‍ ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ നിരന്തരമായി പല തരത്തിലുള്ള പ്രശ്നങ്ങളും അവര്‍ നേരിടുന്നുണ്ട്
  • സാമ്പത്തിക സ്വാതന്ത്ര്യം ആര്‍ജ്ജിക്കുക ഒരു സ്ത്രീയ്ക്ക് അത്യാവശ്യമാണ്

പൊതുവെ മുസ്ലിം സ്ത്രീകൾക്ക്, മതം കല്‍പിക്കുന്ന നിയമങ്ങൾക്കപ്പുറത്ത് ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കാന്‍ പുറംലോകത്തിന് ഇന്നും പ്രയാസമാണ്. ശരാശരി ഹോളിവുഡ് സിനിമയില്‍, ഉദാഹരണത്തിന്, സെക്സ് ആന്റ് ദി സിറ്റി പോലുള്ളവയിൽ നിന്നു ആർജ്ജിക്കുന്ന പൊതുബോധങ്ങളിൽ കുരുങ്ങി, വ്യത്യസ്തരായ മുസ്ലിം സ്ത്രീകളെ കാണുമ്പോൾ മിക്കവർക്കും, പ്രത്യേകിച്ച് പാശ്ചാത്യർക്ക് അത്ഭുതമാണ്. ഇറാനിയന്‍ പെണ്ണുങ്ങളുടെ അസാധാരണമായ ചിത്രങ്ങളെടുക്കുന്ന പ്രോജക്റ്റും ഇതേ പ്രതികരണമാണുണ്ടാക്കുന്നത്. പനാഹിയുടെ സിനിമകള്‍ വിലക്കാനുള്ള ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. ഒരു അഭിമുഖത്തില്‍ പനാഹി ഇങ്ങനെ പ്രതികരിക്കുന്നു.

ചോദ്യം: ‘ഇറാനിലെ പെണ്‍കുട്ടികള്‍ക്ക് എല്ലായ്പ്പോഴും ആഗ്രഹിക്കുന്നത് നേടിയെടുക്കുക സാധ്യമാണോ?’

പനാഹി: ‘ലോകത്ത് മറ്റെവിടെയും എത്രത്തോളം സാധ്യമാണോ, അത്രത്തോളം തന്നെ.

 


kunjiകുഞ്ഞില | kunjila

ചെറുതും വലുതും ചെറുത്തുനിൽപ്പും പേനത്തണ്ടും ചിരിയും

small, big, resistance, pen and a laugh


Cover Image Copyrights – Cines del Sur

Leave a Comment