ഡിസ്കോയുടെ മഴവിൽ വശം

നപ്രിയ വിനോദോപാധികളും മുഖ്യധാരാദൃശ്യമാധ്യമങ്ങളും ന്യൂനപക്ഷം വരുന്ന ഗേ സമൂഹത്തെ നിലവിൽ എങ്ങനെ പ്രതികൂലമായി ആവിഷ്ക്കരിക്കുന്നു എന്നുള്ളപ്പോൾ ത്തന്നെ ഗേ സംസ്കാരത്തോട് വളരെ അടുത്തു നില്ക്കുന്ന, എഴുപതുകളിൽ തുടങ്ങി എൺപതുകളിൽ വളരെ സജീവമായതും പിന്നീട് രൂപം മാറിവന്നതുമായ, ഡിസ്കോ പോലെ പകിട്ടുള്ള ഒരു ഗാനനൃത്തസംയുക്തത്തെ ഗേ ആളുകൾ എങ്ങനെ നോക്കിക്കാ ണുന്നുണ്ടാവാം? പടിഞ്ഞാറൻ ലോകത്തെ ഡിസ്കോ പ്രഭാവത്തെ അന്നത്തെ കാലത്തെ രാഷ്ട്രീയവക്താക്കളിൽ പലരും, പിന്നെ ഭൂരിഭാഗം വരുന്ന കലാസ്വാദകരും പഴകിയ പ്രണയ ചിന്തകളുടെയും ഒത്തുചേരലിന്റെയും ലയമായി മാത്രം കണ്ടപ്പോൾ യഥാർത്ഥത്തിൽ സമാന്തരമായി അലയടിച്ച ലൈംഗികസ്വാഭിമാന മുന്നേറ്റത്തോടനുബന്ധിച്ച് കറുത്ത വർഗ്ഗക്കാർക്കും, സ്വവർഗാനുരാഗികൾക്കും മുഖ്യധാരാ വിനോദാഘോഷങ്ങൾക്കു പങ്കുചേരാൻ സാധിക്കാത്തവർക്കുമുള്ള ഒരു സംഗമ ഇടം കൂടിയായിരുന്നു ഡിസ്കോ ക്ലബ്ബുകൾ. എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതി തികച്ചും വിഭിന്നമായി നിന്നപ്പോഴും ആൺ കാബറെ ചുവയുള്ള ഡിസ്കോഗീതികൾ സ്വവർഗാനുരാഗികളെ ചില്ലറയൊന്നുമല്ല ത്രസിപ്പിച്ചത്. അന്തകാലത്ത് സീമ-സ്വപ്ന-സ്മിത(സിൽക്ക്)മാരുടെയും ഇന്ത കാലത്ത് മുന്നി-ഷീല-ജിലേബി-ചിക്ക്നിചമേലിമാരുടെയും സാന്നിദ്ധ്യം മാത്രം ശ്രദ്ധിച്ചു ശീലിച്ചവർക്ക് മനസ്സിലാവാതെ പോയ ഈ വശത്തിലേക്ക് ഒരെത്തിനോട്ടമാവാം.

ജോൺ ട്രോവോൾട്ട അഭിനയിച്ച് 1977 ൽ പുറത്തിറങ്ങിയ ‘സാറ്റർഡേ നൈറ്റ് ഫീവർ’ എന്ന ഇംഗ്ലീഷ് ചലച്ചിത്രമാണ് ഡിസ്കോയ്ക്ക് ഹെറ്ററോസെക്ഷ്വൽ പുരുഷപ്രകടനമെന്ന പദവി നേടിക്കൊടുക്കുന്നതിൽ പങ്കു വഹിച്ചത്. ബ്രൂക്ളിനിലെ ഡിസ്കോ ഇടങ്ങളിൽ വാരാന്ത്യങ്ങൾ ചിലവഴിച്ചിരുന്ന ടോണി മനേറോയിൽ നിന്നും പ്രേരിതമാണ്‌ പിന്നീട് ഇന്ത്യൻ സിനിമയിൽ കണ്ട ആൺ-ഡിസ്കോ വസന്തം

സ്ത്രീയുടെ ലൈംഗികാഭിവാഞ്ഛയെ ഡിസ്കോഗാനങ്ങളിലെ വരികളിൽക്കൂടി അവതരിപ്പിച്ച ഡോണ സമ്മർ, ലിംഗ/ലൈംഗിക അടയാളങ്ങളെ പാടേ ഭേദിച്ച് വേദികളിൽ വന്നിരുന്ന ഐതിഹാസിക ഗായകൻ സിൽവെസ്റ്റർ ജെയിംസ് മുതലായവർ ഒരുതരം അലൗകികമായ ഏകതയുടെയും, ലൈംഗികശാക്തീകരണത്തിന്റെയും മാതൃകകളിലൂന്നി പ്രതിസംസ്കാര പ്രതിനിധികളായുള്ള ചരിത്രമുള്ളപ്പോൾ തന്നെയാണ് മലയാളത്തിൽ ഡിസ്കോ ഗാനങ്ങൾ കേവലം സ്ത്രീകേന്ദ്രീകൃത ആട്ടങ്ങളായും അല്ലെങ്കിൽ സ്ത്രീയെ അമിതാഹ്ലാദഭരിതയാക്കുന്ന നായകശരീരങ്ങളുടെചടുലഗതികളിലൂടെയും അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ചില ഹിറ്റ് ഡിസ്കോഗാനങ്ങളെങ്കിലും പുരുഷൻ മാത്രം പ്രത്യക്ഷപ്പെടുന്ന രംഗങ്ങളായി വന്നപ്പോൾ, അവയിലൊക്കെയും ആണിന്റെ സ്വകാര്യശരീരഭാഗങ്ങൾ വ്യക്തമായി കാണാവുന്ന ഇറുകിയ ബഹുവർണ്ണശബളമായ വസ്ത്രങ്ങളും, നായകന്റെ കാമാതുരമായ ചേഷ്ടകളും അംഗവിക്ഷേപങ്ങളും നിറ യുമ്പോൾ ഏതൊരു സ്വവർഗാനുരാഗിയായ ആണിനും അവയൊക്കെ ഹൃദയഹാരിയാവുന്നതിൽ അത്ഭുതപ്പെടാനില്ല. ഇതൊന്നും പോരാഞ്ഞു മീശയില്ലാത്ത നായകൻ (റഹ്മാന്റെ ആദ്യ ചലച്ചിത്രങ്ങൾ മിക്കതിലും) സാന്നിദ്ധ്യം ആണത്തവർണ്ണനകൾക്ക് ഒരു മറുഭാഷ്യം നല്കുകയും ചെയ്തു (റഹ്മാൻ കുട്ടിനിക്കർ ഇട്ടു വരുന്ന ചിത്രരംഗങ്ങൾ സ്ത്രീകളെ മാത്രം ആകർഷിക്കുന്നതല്ലല്ലോ).

ജോൺ ട്രോവോൾട്ട അഭിനയിച്ച് 1977 ൽ പുറത്തിറങ്ങിയ ‘സാറ്റർഡേ നൈറ്റ് ഫീവർ’ എന്ന ഇംഗ്ലീഷ് ചലച്ചിത്രമാണ് ഡിസ്കോയ്ക്ക് ഹെറ്ററോസെക്ഷ്വൽ പുരുഷപ്രകടനമെന്ന പദവി നേടിക്കൊടുക്കുന്നതിൽ പങ്കു വഹിച്ചത്. ബ്രൂക്ളിനിലെ ഡിസ്കോ ഇടങ്ങളിൽ വാരാന്ത്യങ്ങൾ ചിലവഴിച്ചിരുന്ന ടോണി മനേറോയിൽ നിന്നും പ്രേരിതമാണ്‌ പിന്നീട് ഇന്ത്യൻ സിനിമയിൽ കണ്ട ആൺ-ഡിസ്കോ വസന്തം. സുന്ദരകളേബരനും ദൃഢ ഗാത്രനുമായ ജയന്റെ ‘സർപ്പം’ എന്ന സിനിമയിലെ ‘ഏഴാംമാളികമേലെ’ എന്നു തുടങ്ങുന്ന, മലയാളി പുരുഷ മനസ്സുകളിൽ മോഹാവേശം പകരുന്ന ഗാനവും, ജയന്റെ തന്നെ ‘പുതിയവെളിച്ച’ ത്തിലെ ‘ജിൽ ജിൽ ജിൽ’ എന്ന ഗാനവുമൊക്കെ ഡിസ്കോതരംഗത്തിൽ നിന്നൊഴിഞ്ഞു നിന്ന് ജയന്റെ ഭംഗിയെ പ്രകടമാക്കുന്നുണ്ടെങ്കിലും ഈ ഗാനങ്ങൾ കൂടുതലായും യഥാക്രമം, സീമയുടെയും ജയഭാരതിയുടെയും സാന്നിദ്ധ്യത്തിൽ സ്വവർഗലൈംഗികതാ നോട്ടങ്ങൾക്ക്‌ വിലങ്ങുതടിയായി. ഒരു മധുരക്കിനാവിൻ ലഹരിയിൽ റഹ്മാൻ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു കുളിച്ചുല്ലസിച്ചു ക്ഷീണിതനായി ബക്കറ്റിന്റെ മറവിൽ മന്ദഹസിച്ചിരിക്കുന്നത് ഒരുവന്റെ സ്വയംഭോഗ ചിന്തകളെ തഴുകിയുണർത്തി നിർവൃതി നല്കുന്ന പ്രതീതി ജനിപ്പിക്കുന്നു. എന്നാൽ ഇവയിൽ നിന്നെല്ലാം മികച്ചതായി വരുന്ന ഒരു ഗാനമുണ്ട്. ‘തമ്മിൽ തമ്മിൽ’ എന്ന ചിത്രത്തിലെ ‘നിശയുടെ ചിറകിൽ നീ വന്നു, രോമാഞ്ചം നീ തന്നു എന്ന പാട്ട് (അല്ലേലും രാത്രിയിലാണല്ലോ നമുക്കൊക്കെ വികാരം വരിക). പറഞ്ഞു വന്നത് ഈ പാട്ടിൽ റഹ്മാൻ പ്രേക്ഷകർക്കിടയിൽ ഇരിക്കുന്ന രവീന്ദ്രനെ വേദിയിലേക്ക് ക്ഷണിക്കുകയും പിന്നെ അവർ രണ്ടു പേരും കൂടെ കൗതുകമാർന്ന ചുവടുകളുമായി ആട്ടമാടുന്നതുമാണ്. മലയാളത്തിലെ ഡിസ്കോശ്രേഷ്ഠരായ റഹ്മാൻ -രവീന്ദ്രന്മാർ നൃത്തജോടികളായി വന്ന ഈ ഗാനത്തിലെ ലളിതവ്യായാമമുറകളെ ഓർമിപ്പിക്കുന്ന ഇരുവരുടെയും നൃത്യഗതികൾ ഗേ ആളുകൾക്ക് നല്ല രസം പകരുകയും രണ്ടാം ചരണത്തിൽ ‘സുരലോകം പുല്കും’ എന്നുള്ള വരി ഏതൊരാളെയും ഭാവനാപാരമ്യതയിലെത്തിക്കുകയും ചെയ്യും.

ഡിസ്കോയിൽ കാണുന്ന ശബ്ദഘോഷമുള്ളതും തിളക്കമാർന്നതുമായ അടഞ്ഞ ആട്ടക്കളങ്ങൾ മുതൽ, ആൺശരീരവടിവിനെ എടുത്തുകാണിക്കുന്ന ഇറുക്കിതയ്പ്പിച്ച പളപളപ്പൻ ഖ്വിയാന ഷർട്ടുകളും വാദ്യോപകരണങ്ങളും വരെയുള്ളവയുടെ ഭൌതി കതയ്ക്കും മേലെ കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രത്തിൽ വരുന്ന ആൺ ശരീരങ്ങൾ വിരസമാർന്ന വൈകുന്നേരങ്ങളെ ആഹ്ലാദകരമാക്കുന്നതിനേക്കാൾ സ്വവർഗാനുരാഗികളുടെ അഭിനിവേശസാക്ഷാത്ക്കാര ഹേതുവായി മാറുന്നു. ലൈംഗികത്വമേറെയുള്ള ഇത്തരം രംഗങ്ങളിൽ ഇടുപ്പിളക്കി നാഭിതലം ചുറ്റിച്ചു, കാൽ-കരങ്ങൾ ഉന്മാദലഹരിയിലാറാടും വിധം അനക്കി ആടുന്ന ആണിനെപ്പറ്റി ഒരു പക്ഷേ സ്വവർഗാനുരാഗിയല്ലാത്ത ഒരാണുപോലും ഇങ്ങനെ ചിന്തിക്കണമെന്നില്ല. തങ്ങളുടെ ലൈംഗിക തന്മയുടെ സങ്കീർത്തനങ്ങളായി ഗേ ആളുകൾ ഡിസ്കോഗാനങ്ങൾ രചിക്കുകയും പുറമേ നേരിടുന്ന തിരസ്കാരങ്ങൾക്ക് നടുവിലും സ്വയം ഇഷ്ടപ്പെടുന്നവരായി ഒത്തുചേരുന്ന വേദികളായിരുന്നു വിദേശങ്ങളിലെ മിക്ക ഡിസ്കോഇടങ്ങളും എന്നുള്ളത് മലയാളി മനസ്സുകൾക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കില്ല. ഡിസ്കോയിൽ വളരെ സാധാരണയായി കാണാറുള്ള സ്വരങ്ങളും വാക്കുകളും ആവർത്തിച്ചുപയോഗിക്കുന്ന രീതി(ഉദാ:- ഡി.ഐ.എസ്.സി.ഓ – ഡിസ്കോ ഡിസ്കോ, ബൂം ബൂം , 1,2,3 മുതലായവ) ബൂഗി സംഗീതത്തിൽ നിന്നും കടം കൊണ്ടത് മാത്രമല്ല, മറിച്ച് തന്മകളെ ആവർത്തിച്ചു സംഗീതം മുഖേന അവതരിപ്പി ക്കാനുള്ള പരോക്ഷമാർഗ്ഗം കൂടിയായിരുന്നു. ലൈംഗികതയ്ക്കും കാൽപ്പനികതയ്ക്കും അമിതപ്രാധാന്യം നല്കിവന്നിരുന്ന ഡിസ്കോ കളങ്ങൾ എപ്പോഴോ മുതലാളിത്തത്തിന്റെ പ്രഭാവത്തിലാവുകയും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങളായി രൂപപ്പെടുകയും അതിനായി രാഷ്ട്രീയ-ജനമുന്നേറ്റങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ ഡിസ്കോയുടെ മഴവിൽവശത്തിന് കോട്ടംതട്ടി എന്നിരുന്നാലും വളരെ പ്രസക്തമായ സാംസ്കാരിക അടയാളപ്പെടുത്തലുകൾ നല്കിയതും, പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ ആവിഷ്‌കരണാഭിലാഷങ്ങളെ ഉന്നതതലങ്ങളിൽ എത്തിച്ചതും, ലൈംഗികത്വമേറെയുള്ളതും, തിരശ്ശീലയിലെ ആണത്തവഴക്കങ്ങൾക്ക് ഒരു വ്യത്യസ്ത ദൃശ്യഭാവം പകർന്നതുമായ ഡിസ്കോഗാനങ്ങളെ പക്ഷെ ഹെറ്ററോസെക്ഷ്വൽ പ്രണയ-കാമനകളുടെ വീക്ഷണകോണിൽ കൂടിയല്ലാതെ മലയാളത്തിൽ എവിടെയെങ്കിലും പരിചിന്തനം നടത്തിയതായി അറിവില്ല.

ഫാഷൻ, വസ്ത്രാലങ്കാരം, ചമയം, നൃത്ത സംവിധാനം മുതലായ ക്രിയാത്മകമേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിൽ മുൻപന്തിയിൽ നില്ക്കുന്ന ഗേ ആളുകളുടെ മനസ്സുകളെ കൂടുതൽ രമിപ്പിക്കാനെന്നോണമുള്ള ഇവയുടെയെല്ലാം സൂക്ഷ്മ-സൗമ്യ-സമ്മിശ്രമായ ഡിസ്കോഗാനങ്ങളെക്കുറിച്ചുള്ള ഒരു പറച്ചിലും അന്യഭാഷാ ഇടപെടലുകളെ ഒഴിവാക്കികൊണ്ട് പൂർണ്ണമാവില്ല. ഹിന്ദിയിൽ ബപ്പി ലാഹിരി യുടെ സംഗീതത്തിൽ മിഥുൻചക്രവർത്തി ‘ഡിസ്കോഡാൻസർ’ ആയും, ഋഷി കപൂർ ‘മേരി ഉമർ കെ നൗജവാനോ’യും പാടി വന്നെങ്കിലും സകലകലാവല്ലഭനിലെ ‘ഇളമൈ ഇതോ ഇതോ’ പാട്ടിൽ പിങ്ക് പാന്റ്സ് ഇട്ടു വരുന്ന കമൽഹാസൻ തന്നെയാണ് മിക്ക മലയാളി സ്വവർഗാനുരാഗികളുടെയും നിത്യഹരിതദൗര്‍ബ്ബല്യം. സ്ത്രീ-ശരീര-കേന്ദ്രീകൃത ഐറ്റം ഡാൻസുകൾക്കും മുന്നേ പുരുഷശരീരത്തെ പ്രകാശമാനമായ ലൈംഗികവസ്തുവാക്കി വെള്ളിത്തിരയിൽ നിറച്ച ഡിസ്കോ ഇടക്കെപ്പഴോ മാഞ്ഞുപോയെങ്കിലും സുഗന്ധം നഷ്ടപ്പെടാത്ത ഓർമ്മകൾ പോലെ ഇന്നും സ്വവർഗപ്രേമികളെ പുളകം കൊള്ളിക്കുന്നു.

കളിയിൽ അൽപ്പം കാര്യം എന്ന ചിത്രത്തിൽ റഹ്മാൻ നൃത്തംചെയ്യുന്ന ഒരു വിരുന്നുസന്ധ്യാ ഗാനത്തിൽ ഡിസ്കോബോൾ കാണിക്കുന്നുണ്ട്. ഗോളാകൃതിയിലുള്ള അനേകം കുഞ്ഞുകുഞ്ഞു പളുങ്കുമണികൾ ചേർത്തുണ്ടാക്കിയ ഡിസ്കോബോൾ ഗേ പാർട്ടികളിൽ ഇന്നും സ്ഥിരം കാണാം. റഹ്മാന്റെ ശരീരത്തെ മികച്ച രീതിയിൽ പൂർണ്ണമായും ഒബ്ജെക്റ്റിഫൈ ചെയ്ത ഡിസ്കോ മട്ടിലുള്ള വേറൊരു ഗാനമാണ് ‘സ്വർണ്ണത്താ താമരക്കിളിയെ’. ആ പാട്ടിന്റെ തുടക്കം ശ്രദ്ധിച്ചൊന്നു നോക്കിക്കേ! പുറംതിരിഞ്ഞു നിന്ന് നിതംബം ഇളക്കുന്ന നായകൻ! ആഹാ! ഗാനരംഗത്തിൽ രോഹിണി ഉണ്ടെങ്കിലും റഹ്മാനെയാണ് പൂർണ്ണമായും ആനന്ദദായകമായ ഇച്ഛാവസ്തുവായി കാണാൻ സാധിക്കുക. ദിവ്യപ്രേമത്തിലൂന്നിയ ഗാനശകലങ്ങളും വികാരാർദ്രമായ വരികളും നിറഞ്ഞുനിന്ന മലയാള സിനിമാഗാനമേഖലയിൽ ശരീരത്തിന്റെ ഇച്ഛകളുമായി ഇളകുന്ന ദേഹത്തെ അവതരിപ്പിച്ച, ഒരു ലൈംഗികാനുഭവം ആയി, ആൺ ശരീരത്തിന്റെ രൂപകമായി മാറിയ റഹ്മാൻ ഒരു പുരുഷ പ്രതിനിധിയേക്കാൾ ഒരു ആൺനോട്ടമുതകുന്ന വസ്തുവായി. പച്ചമലയാളത്തിൽ പറഞ്ഞാൽ നല്ലൊന്നാന്തരം ആൺ-ചരക്ക്! സ്വവർഗാനുരാഗികൾക്ക് ഗാർഹിക, തൊഴിൽ ഇടങ്ങളിൽ നിന്നും ഒരു തരത്തിലും ലഭ്യമല്ലാത്ത ആനന്ദം കിട്ടാൻ ഇന്നും മെട്രോ നഗരങ്ങളിലും മറ്റും വാരാന്ത്യ പാർട്ടികൾ മാത്രം ശരണമായുള്ളപ്പോൾ അതിന്റെയൊക്കെ താഴ്വഴി പരിശോധിച്ചാൽ എഴുപതുകളിലെ ഡിസ്കോ നല്കിയ വലിയ സംഭാവന മനസ്സിലാക്കാം. പരമ്പരാഗത ലൈംഗികതാ പരിമിതികളെ ചോദ്യം ചെയ്ത് സംഗീത, നൃത്ത വ്യാഖ്യാനങ്ങളെ പുനർഭാഷ്യപ്പെടുത്തിയ ഡിസ്കോ സ്വവർഗാനുരാഗികൾ ഉൾപ്പെട്ട ഖ്വിയർ കമ്മ്യൂണിറ്റിക്ക് ഒരു പ്രതിരോധമുറ കൂടിയായിരുന്നു.

പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ ആനന്ദോപാധിയായി അടഞ്ഞ ഇടങ്ങളിൽ നിന്നുമുരുത്തിരിഞ്ഞ ഡിസ്കോ സംസ്കാരം പിന്നീടു ഹെറ്ററോഭൂരിഭാഗത്തിന്റെ സ്വന്തം കല എന്നവണ്ണം കച്ചവടവല്ക്കരിക്കപ്പെടുകയും വ്യക്തമായ സാംസ്കാരികചലനങ്ങളും വർദ്ധിച്ച തോതിൽ നിലനിന്ന സ്വവർഗഭീതിയുമൊക്കെയായി എൺപതുകളായപ്പോഴേക്കും പാശ്ചാത്യലോകത്തെ ഡിസ്കോയുടെ തനിപ്പതിപ്പിനെ മുരടിപ്പിച്ചു. അതിന്റെ തുടർച്ചയെന്നോണമാവാം ഇന്ത്യൻ സിനിമാ മേഖലയിലും തുടർന്ന് മലയാളത്തിലും ഡിസ്കോഗാനങ്ങൾ ഓർമ്മകളിലായി. പുതുതലമുറ ചിത്രങ്ങളിൽ പഴയകാല ഡിസ്കോഗാനങ്ങളുടെ റീമിക്സ് പതിപ്പുകൾ വന്നെങ്കിലും അഭ്രപാളികളിലെ മിന്നുന്ന നിറമുള്ള ഗീതങ്ങൾക്ക് പകരമായില്ല. പ്രണയത്തോട് ചേർന്നു നിന്നു മാത്രമല്ലാതെ ലൈംഗികതയെ സാധൂകരിക്കുന്ന ഇത്തരം പ്രതിനിധാനങ്ങൾ ഹെറ്ററോസെക്ഷ്വൽ ആളുകൾക്ക് ധാരാളമായുള്ളപ്പോൾ കേരളത്തിലെ സ്വവർഗാനുരാഗികളുടെ, പ്രത്യേകിച്ച് മുൻതലമുറയിലെ സ്വവർഗാനുരാഗികളുടെ പറയപ്പെടാതെ പോയ കാമനകൾക്കും സ്വയംഭോഗഭാവനകൾക്കും ഡിസ്കോ ഒരു മുഖ്യകാരണമായിരുന്നിരിക്കണം. മുൻപുള്ളതിനെക്കാളും മേലെയായി ഇലക്‌ട്രോണിക് സംഗീതത്തിന്റെ അലകൾ നമ്മുടെ ഗാനമേഖലയിലും ഒത്തുചേരൽ കൂട്ടങ്ങളിലും ഒക്കെയായി ഉയർന്നുപൊങ്ങുമ്പോൾ ലൈംഗികതയിലെ വ്യത്യസ്തതയെ അംഗീകരിക്കുന്ന ഇടങ്ങൾ കൂടിയായി അവ മാറട്ടെ എന്ന് പ്രത്യാശിക്കാം!


ജിജോ കുരിയാക്കോസ് | Dr. Jijo KuriakoseDr. Jijo Kuriakose

A research analyst by profession and Artist by passion. He has done PhD in Image Processing. Jijo, who is also a freelance writer on Human Rights concerns with focus on queer topic, is the founder member of Queerala, an organization for KeralaLGBT 


Leave a Comment