യന്ത്രത്തിന്റെ മനസ്സ്‌ (രണ്ടാം ഭാഗം)

ൃത്രിമ ബുദ്ധി എന്ന സാങ്കേതികത ഇന്ന് കേവലം ഭൗതികശാസ്ത്രത്തിന്റെ ഒരു ശാഖ മാത്രമല്ല. സാധാരണയായി പാഠ്യപദ്ധതികളുടെ ഭാഗമായുള്ള ശാസ്ത്രപഠനങ്ങൾ ഏറിയപങ്കും ശാസ്ത്രത്തെ സാംസ്കാരികപഠനങ്ങളിൽ നിന്നും വിച്ഛേദിച്ച് ഒറ്റപ്പെട്ട അറിവുകളായി അവതരിപ്പിക്കുന്നവയാണ്. എന്നാൽ ശാസ്ത്രം താത്വികമായും പ്രായോഗികമായും സാംസ്കാരിക ഇടങ്ങളിൽ നിന്നും വേറിട്ട ഒന്നല്ല. സാങ്കേതികതകൾ രൂപപ്പെടുന്നത് സമൂഹചിന്തയ്ക്ക് അനുസൃതമായാണ്. ശാസ്ത്രവും സമൂഹ മനസ്സും തമ്മിലുള്ള ഈ അദൃശ്യ ബന്ധം പണ്ടത്തേതിലും പതിന്മടങ്ങ് പ്രാധാന്യം അർഹിക്കുന്നു ഇന്ന് എങ്കിൽ, ഇതിന്റെ വ്യക്തമായ ഒരു പരിച്ഛേദം കാണാവുന്ന ഒരു മേഖലയാണ് കൃത്രിമ ബുദ്ധി.

തീയോടടുക്കുമ്പോൾ നമ്മൾ കൈകൾ പിൻവലിക്കുന്നതും, താപനിലയ്ക്കനുസരിച്ച് സർക്യൂട്ട് മുറിച്ചു കളയുന്ന തെർമോസ്റ്റാറ്റിന്റെ പ്രവർത്തനവും ഒക്കെ ബുദ്ധിയുടെ പ്രാഥമിക നിലകൾ ആണെങ്കിൽ, അതിനെ ഒരു ക്രമമായ ഘടനയിലൂടെ വിശദീകരിക്കുകയാണെങ്കിൽ അവയുടെ തന്നെ കൂടുതൽ സങ്കീർണ്ണമായ നിലകളായി മനുഷ്യബുദ്ധിയുടെ ഭാഗമായ വൈകാരിക അനുഭവങ്ങളെയും, സ്നേഹം, വെറുപ്പ്, ദേഷ്യം, സന്തോഷം, സങ്കടം തുടങ്ങിയ പലതരം മാനസികശേഷികളെയുമൊക്കെ ഇതേ ശ്രേണിയിൽ വിശദീകരിക്കാൻ കഴിയും എന്നാണ് ഇവരുടെ നിലപാട്

ആയിരത്തിത്തൊള്ളായിരത്തി എൺപതിൽ കൃത്രിമ ബുദ്ധിയുടെ നിലവിലുള്ള വ്യാഖ്യാനങ്ങൾക്ക് വലിയ ഒരു വിമർശനം ഉയർത്തിക്കൊണ്ടു വരികയുണ്ടായി ജോൺ സിയൾ എന്ന ഭാഷാശാസ്ത്രജ്ഞൻ. കൊടുക്കുന്ന ഇൻപുട്ടിനനുസരിച്ച് ഔട്ട്പുട്ട് അവതരിപ്പിക്കുന്ന റ്റ്യൂണിങ്ങിന്റെ യന്ത്രം ചിന്തിക്കുകയല്ല, മറിച്ച് ഒരു നിശ്ചിതമായ ഭാഷാ സാഹചര്യത്തിൽ ‘സിമ്യുലേറ്റ്’ ചെയ്യപ്പെട്ടിരിക്കുക മാത്രമാണ് എന്ന് തന്റെ വിഖ്യാതമായ ‘ചൈനീസ് റൂം’ എന്ന ലളിതമായ ഉദാഹരണത്തോടെ ഇദ്ദേഹം വാദിക്കുകയുണ്ടായി; ഒപ്പം ഇത്തരത്തിൽ പ്രതികരണങ്ങൾ സിമ്യുലേറ്റ് ചെയ്യുക മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിന്റെ പരിണിതഫലങ്ങൾ എന്നും അദ്ദേഹം പറഞ്ഞു വച്ചു. നിലവിൽ ഉള്ള ഭാഷാസിദ്ധാന്തങ്ങൾ കൊണ്ട് ഒരു സാങ്കേതികതയെ അളക്കുക മാത്രമല്ല, ശാസ്ത്രത്തിനും ശാസ്ത്രേതര ദർശനങ്ങൾക്കും തമ്മിൽ കൂട്ടിമുട്ടാവുന്ന വ്യക്തമായ ഇടങ്ങൾ ഉണ്ടെന്ന് കാണിക്കുകയും കൂടെയാണ് സിയൾ ഇതിലൂടെ ചെയ്തത്. ഒരു മുറിയിൽ ആദ്യം സി (C) യെയും പിന്നെ ഡി (D) യെയും ഇരുത്തുന്നു. സി (C) ക്ക് ചൈനീസ് ഭാഷ വശമുണ്ട്, ഡി (D) ക്ക് ചൈനീസ് ലിപികൾ കണ്ടാൽ തിരിച്ചറിയുക പോലും ഇല്ല. ചൈനീസിൽ എഴുതിയ ചെറിയ നിർദ്ദേശങ്ങൾ രണ്ടാൾക്കും തുടർച്ചയായി കൊടുത്തു കൊണ്ടിരിക്കുന്നു. സി (C) സ്വാഭാവികമായി അതിനോടുള്ള പ്രതികരണങ്ങൾ രേഖപ്പെടുത്തി തിരിച്ചയക്കുന്നു. ഡി (D) യുടെ മുന്നിൽ തയ്യാറാക്കപ്പെട്ട ഒരു രൂപരേഖ ഉണ്ട്, അഥവാ തനിക്ക് അറിയാത്ത ഭാഷയെ ഡീകോഡ് ചെയ്യാനുള്ള ആൽഗോറിതം ഡി (D) ക്ക് വശമുണ്ട് എന്നു വയ്ക്കുക. അതനുസരിച്ച് ക്രമാനുസരണം പ്രതികരണങ്ങൾ ഡി (D) അയക്കുന്നു. ഒരുപക്ഷെ ലളിതമായ ഔട്ട്പുട്ടുകളായി കൊടുക്കേണ്ടതാണ് ഉത്തരങ്ങൾ എങ്കിൽ രണ്ടു പ്രതികരണങ്ങളും ഒന്നു തന്നെയും ആകാം. ഇവിടെ രണ്ടു തരം പ്രതികരണങ്ങളും ബൗദ്ധികം തന്നെയാണ്. പക്ഷെ ആദ്യത്തേതിൽ കലരുന്നത് ഒരു വ്യക്തിയുടെ അനുഭവജ്ഞാനത്തിന്റെയും ഭാഷാസിദ്ധിയുടെയും സാമൂഹിക പരിതസ്ഥിതിയുടെയും ഒക്കെ കാരണമായി രൂപപ്പെട്ടു വരുന്ന ഗ്രഹണശക്തിയാണെങ്കിൽ (അണ്ടർസ്റ്റാൻഡിങ്ങ്) രണ്ടാമത്തേതിൽ വ്യക്തി, ചിഹ്നങ്ങളെ കൈകാര്യം ചെയ്യുക മാത്രമെ ചെയ്യുന്നുള്ളു. മനുഷ്യ ശരീരത്തിന്റെ ന്യൂറോഫിസിയളോജിക്കലായ പ്രതികരണങ്ങൾ പോലെ സൂക്ഷ്മവും എന്നാൽ മുൻകൂട്ടി പറയാവുന്നതുമാണ് ഡി (D) യുടെ പ്രതികരണങ്ങൾ. പക്ഷെ മനുഷ്യബുദ്ധി ഭാഷാഘടനകളെ കേവലം റിഫ്ലെക്സുകൾക്കപ്പുറം അതിസങ്കീർണ്ണമായി ഉപയോഗിക്കുന്നുണ്ട്. ഡി (D) യുടെ പ്രതികരണങ്ങൾ മനുഷ്യമസ്തിഷ്കത്തിലെ ഒരു ന്യൂറോൺ പ്രവർത്തിക്കുന്ന വിധം വിശദീകരിക്കാനേ പ്രാപ്തമാകുന്നുള്ളു. അങ്ങിനെ അനേകം ന്യൂറോണുകൾ ചേരുമ്പോൾ ‘ഉണ്ടാകാവുന്ന’ മറ്റൊരു സചേതനത ഉണ്ടോ എന്ന് വിശദീകരിക്കാൻ പാകമായ തരം ശക്തമായ അടിസ്ഥാനമാണ് കൃത്രിമ ബുദ്ധിയുടെ പഠനങ്ങൾക്ക് വേണ്ടത് എന്നതായിരുന്നു സിയളിന്റെ കാഴ്ചപ്പാട്.

സിയളിന്റെ ചൈനീസ് മുറിയിലെ ആദ്യ സന്ദർഭം പൊതുവെ ‘ശക്തമായ കൃത്രിമ ബുദ്ധി’ എന്നും രണ്ടാമത്തേത് ‘അശക്തമായ കൃത്രിമ ബുദ്ധി’ എന്നും അറിയപ്പെടുന്നു. റ്റ്യൂണിങ്ങിന്റെ മെഷിൻ, ഇന്നത്തെ ഡിജിറ്റൽ ഡിവൈസുകൾ ഒക്കെ പ്രോഗ്രാംഡ് ആയ അശക്തമായ കൃത്രിമ-ബുദ്ധി സാഹചര്യങ്ങൾ ആണ് എങ്കിൽ, ശക്തമായ കൃത്രിമ ബുദ്ധിയുടെ വക്താക്കളെ സംബന്ധിച്ചിടത്തോളം മനുഷ്യബുദ്ധിക്കു സമമോ അതിലുപരിയോ ആയ ശക്തമായ കൃത്രിമ ബുദ്ധി നിർമ്മിച്ചെടുക്കുക എന്നത് അസാധ്യമായ കാര്യമല്ല. മനുഷ്യ ബുദ്ധി തന്നെ അളക്കാവുന്ന ഒരു ഘടകം ആണ് എന്നാണ് ഇവർ കരുതുന്നത്. തീയോടടുക്കുമ്പോൾ നമ്മൾ കൈകൾ പിൻവലിക്കുന്നതും, താപനിലയ്ക്കനുസരിച്ച് സർക്യൂട്ട് മുറിച്ചു കളയുന്ന തെർമോസ്റ്റാറ്റിന്റെ പ്രവർത്തനവും ഒക്കെ ബുദ്ധിയുടെ പ്രാഥമിക നിലകൾ ആണെങ്കിൽ, അതിനെ ഒരു ക്രമമായ ഘടനയിലൂടെ വിശദീകരിക്കുകയാണെങ്കിൽ അവയുടെ തന്നെ കൂടുതൽ സങ്കീർണ്ണമായ നിലകളായി മനുഷ്യബുദ്ധിയുടെ ഭാഗമായ വൈകാരിക അനുഭവങ്ങളെയും, സ്നേഹം, വെറുപ്പ്, ദേഷ്യം, സന്തോഷം, സങ്കടം തുടങ്ങിയ പലതരം മാനസികശേഷികളെയുമൊക്കെ ഇതേ ശ്രേണിയിൽ വിശദീകരിക്കാൻ കഴിയും എന്നാണ് ഇവരുടെ നിലപാട്. ഈ പ്രവർത്തനത്തിന്റെ നടപടിക്രമം (ആൽഗോറിതം) നിർമ്മിച്ചെടുത്താൽ ശക്തമായ കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുക്കാൻ സാധിക്കും എന്ന് ഇവർ കരുതുന്നു. മാത്രമല്ല, മുമ്പ് സൂചിപ്പിച്ചതു പോലെ ജീവാവസ്ഥയ്ക്ക് അടിസ്ഥാനപരമായും ഒരു ഇരട്ടത്തം ഉണ്ടെന്ന് ദെക്കാർത്തിനൊപ്പം ശക്തമായ കൃത്രിമ ബുദ്ധിയുടെ വക്താക്കളും കരുതുന്നു; പദാർത്ഥാവസ്ഥയിൽ (മാറ്റർ) ഉള്ള ശരീരവും, അമൂർത്താവസ്ഥയിൽ (നോൺ-മാറ്റർ/ മൈൻഡ്-സ്റ്റഫ്) ഉള്ള മനസ്സും. ഇത് അശാസ്ത്രീയവും സ്യൂഡോ-സയൻസും ആണ് എന്ന് കരുതുന്ന മറുവിഭാഗവും ഇവർക്കിടയിൽ ത്തന്നെ ഉണ്ട്.

‘മനസ്സ്-ഉടൽ സമസ്യ’ എന്ന് താത്വികമായി അറിയപ്പെടുന്ന ഒരു കുരുക്കിലാണ് ഇത്തരം നിലപാടുകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. വളരെ പഴയ ഒരു കുരുക്കാണിത്. മനസ്സ്, ശരീരം എന്നിങ്ങനെ രണ്ട് അസ്തിത്വങ്ങൾ ഉണ്ടെന്ന് ചിലരും, ഇവ രണ്ടും ചേർന്ന ഒരു പദാർത്ഥാവസ്ഥയേ ഉള്ളു എന്ന് മറുപക്ഷവും കാലാകാലമായി പല നിലയ്ക്കും വാദിക്കുന്നതാണല്ലോ. ജീവപ്രപഞ്ചം മുഴുവൻ മായയാണെന്ന കാവ്യാത്മകമായ പൗരസ്ത്യ സങ്കല്പമായാലും മനസ്സു തന്നെ ഭൗതികമായി നിർമ്മിക്കപ്പെട്ട ഒന്നാണ് എന്ന ഹെഗലിയൻ വൈരുദ്ധ്യാത്മക ഭൗതികവാദമായാലും അടിസ്ഥാനപരമായും ഈ സമസ്യയെ രണ്ടറ്റങ്ങളിലൂടെ സമീപിക്കുകയാണ്. കൃത്രിമമായ ഒരു മനസ്സ് സാധ്യമാവുകയാണെങ്കിൽ അതിനർത്ഥം മനസ്സ് പദാർത്ഥ മിശ്രണങ്ങളുടെ ഭൗതികമായ ഒരു സാധ്യത മാത്രമാണെന്ന് വരുമോ? അങ്ങിനെയെങ്കിൽ അതിനെ വിശദീകരിക്കാൻ പ്രാപ്തമായ ക്വാണ്ടം മെക്കാനിക്സിന്റെ ഇനിയും സങ്കീർണ്ണമായ നിയമാവലികൾ നിർമ്മിക്കാൻ കഴിയും എന്നാണ് തിയററ്റിക്കൽ ഫിസിസിസ്റ്റ് റോജർ പെന്രോസ് ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊമ്പതിൽ എഴുതിയ ‘എമ്പെറേഴ്സ് ന്യൂ മൈൻഡ്’ എന്ന പുസ്തകത്തിൽ പറയുന്നത്. ശക്തമായ കൃത്രിമ ബുദ്ധി സാങ്കേതികമായി വികസിപ്പിച്ചെടുക്കാൻ രണ്ടു നൂറ്റാണ്ടു മുതൽ അൻപതു വർഷം വരെ മതി എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഇത്തരം സ്യൂഡോ സയന്റിഫിക്ക് ആവേശങ്ങളെ നിശിതമായി വിമർശിക്കുന്ന പെന്രോസ് അന്വേഷിച്ചത്, മനസ്സ് എന്ന സത്തയെത്തന്നെ ശാസ്ത്രീയമായി വിശദീകരിക്കാനാവുമോ എന്നാണ്. രസകരമായ തന്റെ പുസ്തകത്തിന്റെ തുടക്കത്തിൽത്തന്നെ പെന്രോസ് മനുഷ്യമനസ്സിനെക്കുറിച്ച് നമുക്കുള്ള മുൻവിധികളെക്കുറിച്ച് പറയുന്നുണ്ട്. ‘ചിന്തിക്കുന്ന’ ഒരു യന്ത്രം മാർക്കറ്റിൽ വന്നു എന്നിരിക്കട്ടെ. അത് മനുഷ്യനെപ്പോലെയിരിക്കണമെന്നില്ല. എന്തിന്, പ്രത്യേകിച്ച് ഒരു ജീവഇനത്തെയും പോലെ ശരീരഭാഗങ്ങളോ പുനരുത്പാദനശേഷിയോ അതിന് ഉണ്ടായിക്കൊള്ളണം എന്നുമില്ല. എന്നാലും അത് ചിന്തിക്കുന്നുണ്ട് എന്നതാണ് അവകാശവാദമെങ്കിൽ അതിനെ കൈവശം വെക്കുക, നമ്മുടെ കാര്യങ്ങൾക്കായി ഉപയോഗിക്കുക എന്നൊക്കെ പറയുന്നതിൽത്തന്നെ ചില ധാർമ്മികമായ വെല്ലുവിളികളില്ലേ? ഇത്തരം ശരികളും തെറ്റുകളുമായി നമ്മൾ കിഴിച്ചെടുക്കുന്ന യുക്തികളുടെ ആകെത്തുകയാണ് മനസ്സെങ്കിൽ ചിന്തിച്ചു തുടങ്ങുന്ന യന്ത്രത്തിന് അതിന്റേതായ ശരിതെറ്റുകൾ എന്തുകൊണ്ട് ഉണ്ടായിക്കൂടാ? റ്റ്യൂറിങ്ങ് ടെസ്റ്റിൽ യന്ത്രത്തോട് പ്രാഥമികമായും ആവശ്യപ്പെടുന്നത് താൻ മനുഷ്യനാണ് എന്ന നുണ തെളിയിക്കാനല്ലേ എന്നും അതു തന്നെ അധാർമ്മികമല്ലേ എന്നും പെന്രോസ് ചോദിക്കുന്നു. ഇതിനു പകരം ഏതെങ്കിലും തരത്തിൽ സചേതനതയോ ആത്മബോധമോ യന്ത്രം പ്രകടിപ്പിക്കുന്നുണ്ടോ എന്നറിയുകയല്ലേ വേണ്ടത്? യന്ത്രമനസ്സ് വസ്തുനിഷ്ഠമായി പഠിക്കാൻ മനുഷ്യ മനസ്സിനെ അറിയാനുള്ള നിലവിലുള്ള ചട്ടക്കൂടുകൾ മതിയാവുകയില്ല എന്നും, ആദ്യം മനസ്സിനെ തന്നെ ഭൗതികമായ ഒരു യാഥാർത്ഥ്യമായി പഠിക്കാനുള്ള ഘടന ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും പെന്രോസ് പറയുന്നു. അതായത് തത്വശാസ്ത്രവും ഭൗതികശാസ്ത്രവും ഉപയോഗിക്കുന്ന ഘടനകളുടെ ഒരു മിശ്രണം ആണ് കൃത്രിമ ബുദ്ധിയെക്കുറിച്ച് പഠിക്കാൻ ആവശ്യം എന്ന്.

പ്രായോഗികമായി ശുദ്ധമായ കൃത്രിമ ബുദ്ധി സാങ്കേതികത ഉപയോഗിക്കുന്ന മേഖലകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ വിദൂരമായി മാത്രമേ ഇടപെട്ടു തുടങ്ങിയിട്ടുള്ളു. എന്നാൽ സമൂഹ മനസ്സിൽ ഈ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള മുദ്രണങ്ങൾ വളരെ പ്രകടമാണ് താനും. യന്ത്രവൽക്കൃതമാകുന്ന മനുഷ്യജീവിതത്തെ പറ്റിയുള്ള സ്ഥിരം വേവലാതികളോടൊപ്പം യന്ത്രത്തെ മനുഷ്യനാക്കുക എന്ന ഒരു നിശ്ശബ്ദ നാടകവും കാലാകാലമായി അരങ്ങേറുന്നുണ്ട്. എല്ലാ ഇതര സ്വത്വങ്ങളെയും പ്രമുഖപ്രവണതകളിലേക്ക് വലിച്ചിടുക എന്നതാണല്ലോ സമൂഹാസ്തിത്വത്തിന്റെ സ്വാഭാവിക നയം. ഇതര മനുഷ്യസ്വത്വങ്ങളോടും ജീവജാലങ്ങളോടുമൊക്കെ അങ്ങിനെയാണെങ്കിൽ യന്ത്രത്തിന്റെ കാര്യത്തിലും അങ്ങിനെ ആകാതെ തരമില്ലല്ലോ! കമ്പ്യൂട്ടേഷണൽ പ്രോഗ്രാമിങ്ങ് ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുള്ള യന്ത്രങ്ങളെ/യന്ത്ര-മനുഷ്യ കൂട്ടുകെട്ടിനെ തന്നെ റോബോട്ട്, ആൻഡ്രോയ്ഡ്, സൈബോർഗ് എന്നിങ്ങനെ, അവയ്ക്ക് മനുഷ്യനുമായുള്ള തുല്യതയുടെ അനുപാതത്തിലാണ് പൊതുവിൽ തരം തിരിക്കാറുള്ളത്. സൈബോർഗ്, മനുഷ്യനിൽ തന്നെ യന്ത്രത്തിന്റെ ഭാഗങ്ങൾ നിക്ഷേപിക്കപ്പെട്ട മനുഷ്യനുമായി ഏറ്റം അടുത്ത സാങ്കേതിക സാധ്യതയാണ്. ചില അവയവങ്ങൾ യന്ത്രവൽക്കൃതമാവുകയോ, ചില മാനസിക ശക്തികൾ യന്ത്രങ്ങളുടെ സഹായത്താൽ നേടുകയോ ചെയ്തിട്ടുള്ള മനുഷ്യർ ആണ് സൈബോർഗ്ഗുകൾ (ഉദാ: ‘എക്സ്റ്റ്രിമിസ്’ എന്ന പ്രോഗ്രാം ശരീരത്തിൽ ഇൻസ്റ്റോൾ ചെയ്തതിനു ശേഷം അയണ്‍ മാനായി തീരുന്ന റ്റോണി സ്റ്റാർക്, സ്പൈഡർമാനിലെ ‘ഡോക്ടർ ഒൿറ്റോപസ്, മെട്രിക്സിൽ മോർഫിയസിന്റെ ‘ചുവന്ന ഗുളിക’യിലൂടെ ഭാവിയിൽ എത്തപ്പെടുന്ന നിയൊ, പല സൂപ്പർഹീറോ കോമിക്കുകളിലെയും എതിരാളികൾ ഒക്കെ സൈബോർഗുകളാണ്.) ആൻഡ്രോയിഡുകളാകട്ടെ മനുഷ്യരിൽ നിന്ന് പരിണമിച്ചല്ലാതെ എന്നാൽ രൂപംകൊണ്ട് മനുഷ്യനും ബൗദ്ധികമായി പൂർണ്ണമായും യന്ത്രവും ആയിത്തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്. ഇവർ സൈബോർഗ്ഗുകളെപ്പോലെ ഓർഗാനിക് ആയ ശരീരവും എന്നാൽ റോബോട്ടുകളെപ്പോലെ കൃത്രിമ ബുദ്ധിയും പേറുന്നവരായിരിക്കും. (ഉദാ: ബ്ലേഡ്റണ്ണറിലെ ‘റോയ് ബാറ്റി’യും ഇതര ‘റെപ്ലികെന്റ്’ റിബലുകളും, ‘യന്തിരനി’ലെ ചിട്ടി, ആസ്റ്റ്രോ ബോയ് കോമിക് സീരീസിലെ റ്റോബിയുടെ ക്ലോൺ ആയ ആസ്റ്റ്രോ തുടങ്ങി ജനപ്രിയ സയൻസ് ഫിക്ഷൻ കോമിക്കുകളിലേയും സിനിമകളിലേയും മിക്കവാറും കഥാപാത്രങ്ങളും ആൻഡ്രോയിഡുകളാണ്). റോബോട്ട് ആണ് ശാരീരികമായും മാനസികമായും പൂർണ്ണമായും യന്ത്രമായിരിക്കുന്ന അവസ്ഥ (ഉദാ:- ‘ടെർമിനേറ്ററി’ലെ റ്റി-800). ഇത്തരത്തിൽ മനുഷ്യവൽക്കരിക്കപ്പെട്ട യന്ത്രാവസ്ഥകളും യന്ത്രവൽക്കരിക്കപ്പെട്ട മനുഷ്യ അവസ്ഥകളും ഒക്കെയാണ് സമൂഹമനസ്സിൽ ഇന്ന് കൃത്രിമബുദ്ധിയെക്കുറിച്ച് വേരൂന്നിയ സങ്കൽപ്പങ്ങൾ. റോബോട്ട് എന്ന പദം തന്നെ ‘റോബോട്ടാ’ എന്ന ചെക്ക് ഭാഷയിലെ പദത്തിൽ നിന്ന് ഉണ്ടായതാണ്, ഇരുപതുകളിൽ യൂറോപ്യൻ തിയേറ്ററുകളിൽ ഹരമായി പടർന്ന ‘റോസ്സംസ് യൂണിവേഴ്സൽ റോബോട്ട്’ എന്ന നാടകത്തിൽ നിന്ന്. ചെക്കിൽ, റോബോട്ടാ എന്നു വച്ചാൽ നിർബന്ധിത ജോലിക്കാരൻ എന്നാണ് അർത്ഥം.

ഇത്തരത്തിൽ നമ്മുടെ സാംസ്കാരിക ഇടങ്ങളായ സിനിമ, സാഹിത്യം മുതലായവയിലൂടെ നമ്മൾ അടുത്തറിഞ്ഞിട്ടുള്ള പല കൃത്രിമ ബുദ്ധി സാധ്യതകളും ‘ശക്തമായ കൃത്രിമ ബുദ്ധി’ എന്ന പരികൽപ്പനയിൽ ഊന്നിയ യന്ത്രാവസ്ഥകളെ സങ്കൽപ്പിക്കുന്നവയാണ്. Cyberpunk എന്നറിയപ്പെടുന്ന സാഹിത്യരൂപത്തിൽ ഉൾപ്പെട്ട അനവധി നോവലുകളും, ‘മെട്രിക്സ്’, ‘ബ്ലേഡ് റണ്ണർ’, ‘ഐ റോബോട്ട്’ തുടങ്ങിയ ഹോളിവുഡ് സിനിമകളും, ‘യന്തിരൻ’, ‘റാ-വൺ’ മുതലായ ഇന്ത്യൻ സിനിമകളും ഒക്കെ നിമിത്തമാക്കുന്നത് ‘ശക്തമായ കൃത്രിമ ബുദ്ധി’ നേടിയെടുത്ത യന്ത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളും ഭയങ്ങളും ഒക്കെയാണ്. ഇത്തരം സയൻസ് ഫിക്ഷൻ, ഭാവിയെക്കുറിച്ചുള്ള കെട്ടുകഥകൾ മാത്രമല്ല. മനുഷ്യൻ സ്വന്തം സംസ്കാരം പടുത്തുയർത്തുന്നതിന് ഉപയോഗിച്ച അസംസ്കൃതവസ്തുക്കൾ ഭാവിയെക്കുറിച്ചുള്ള അവന്റെ ഈ സങ്കൽപ്പങ്ങളിലും കലരുന്നുണ്ട്. ഇതു മാത്രമല്ല പ്രായോഗികമായും ഇതേ സങ്കൽപ്പങ്ങളിൽ ഊന്നിയ സാങ്കേതിക തുടർച്ചയായാണ് മനുഷ്യൻ യന്ത്രമനസ്സിനെ പരികല്പന ചെയ്യുന്നതും. തന്റെ സ്വന്തം നിലനിൽപ്പിനെക്കുറിച്ചുള്ള ആദിമമായ ഭീതിയെയും, സ്നേഹം, വെറുപ്പ്, ക്രൂരത, ദയ എന്നിങ്ങനെ അവന്റെ ധാർമ്മിക ബോധത്തെ ഉലയ്ക്കുന്ന പല പ്രഹേളികകളേയും അതേപടി യന്ത്രത്തിലേക്ക് പറിച്ചു നടുകയോ അതിനു ശ്രമിക്കുകയോ ആണ് ഈ കാല്പനികതകളിലൊക്കെയും മനുഷ്യൻ. ‘യന്തിരൻ’ എന്ന ചിത്രത്തിലെ വഴിത്തിരിവാകുന്ന ഒരു രംഗത്തിൽ റോബോട്ടിന് ധാർമ്മിക ബോധമില്ല എന്ന തീരുമാനത്തിലേക്ക് മനുഷ്യർ എത്താൻ കാരണമാകുന്ന ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നത് ഓർത്തു നോക്കൂ. മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ നഗ്നയായിട്ടാണ് യന്ത്രം ജനസമക്ഷം എത്തിക്കുന്നത് എന്നത് അവന്റെ സ്രഷ്ടാവിന് ഒരു വെല്ലുവിളിയായി തീരുകയാണ്. അവനിൽ ‘വികാരം’ ഇൻസ്റ്റോൾ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത കൂട്ടുകയാണ് സിനിമയിൽ ഈ രംഗം വഴി ചെയ്യുന്നത്. ഉടലിന്റെ മറയ്ക്കലുകൾക്കും പ്രദർശനങ്ങൾക്കും പല സാംസ്കാരിക അർത്ഥങ്ങളും ഉണ്ടെന്ന് യന്ത്രത്തെ പഠിപ്പിച്ചെടുക്കാനാണ് തുടർന്നുള്ള ശ്രമങ്ങൾ. ധാർമ്മികത എന്നാൽ നിലവിൽ ഉള്ള സാംസ്കാരികരീതികളിൽ നിന്നും ഉണ്ടാകുന്ന തെറ്റും ശരികളും ആണെന്നും അതിനോട് പ്രതികരിക്കുന്ന വികാരങ്ങൾ -സന്തോഷവും സങ്കടവും- ഒക്കെയാണ് യന്ത്രത്തിനു വേണ്ടതും എന്നാണ് സിനിമയിലേയും സാഹിത്യത്തിലേയും മിക്ക യന്ത്രമനുഷ്യ സങ്കൽപ്പങ്ങളും മുന്നോട്ടു വയ്ക്കുന്ന ചിത്രം. ബ്ലേഡ് റണ്ണറിലെ റോയ് തന്റെ മരണത്തെ ബലിയായി കാണുന്നത് യന്ത്രമനുഷ്യൻ ‘മനുഷ്യത്വം’ കൈവരിക്കുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമായിക്കാണാമെങ്കിൽ, ‘ക്രൂരനായ’ യന്ത്രമനുഷ്യന്റെ അനവധി പാത്രസൃഷ്ടികൾ സിനിമകളിലും സാഹിത്യത്തിലും ഉണ്ട്. ഇത്തരത്തിൽ നമ്മുടെ കാല്പനികതകളിൽ നമ്മുടെ തന്നെ വികാരങ്ങളുടെയും വിചാരങ്ങളുടെയും തനിപ്പകർപ്പുകളായി രൂപംകൊള്ളുന്ന യന്ത്രമനുഷ്യർ ആണ് ഇന്ന് കൃത്രിമ ബുദ്ധി എന്ന സാങ്കേതികതയുടെ ആദർശമാതൃകയായി സാംസ്കാരിക ഇടങ്ങളിൽ രൂപംകൊള്ളുന്ന ആശയം. ഇത്തരം സാംസ്കാരിക ഉൽപ്പന്നങ്ങൾ പലപ്പോഴും (കൾച്ചറൽ പ്രൊഡക്റ്റ്സ്) വളരുന്ന സാങ്കേതിക വിദ്യകളുടെ രൂപകല്പനയ്ക്ക് അടിസ്ഥാനവും വളവും ആയിത്തീരുന്നുമുണ്ട്.

പ്രധാനമായും നാലു ദിശകളിൽ ആണ് കൃത്രിമ ബുദ്ധി വികസന സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. മനുഷ്യശക്തിയുടെയും കുശലതയുടെയും പരിധിക്കു പുറത്ത് നിൽക്കുന്ന കൃത്യങ്ങൾ ചെയ്യുന്നതിനുവേണ്ടി വ്യവസായം, പ്രതിരോധം, സ്പേസ് റിസേർച്ച് തുടങ്ങിയ മേഖലകളിൽ ഉപകരിക്കാവുന്ന ‘റോബോട്ടിക്സ്’ എന്ന സാങ്കേതികതയാണ് ഒന്ന്. മറ്റൊന്ന് വൈദ്യശാസ്ത്രം, നിയമം തുടങ്ങിയ വ്യവഹാരങ്ങളിൽ നിലവിലുള്ള മുഴുവൻ അറിവുകളും സമാഹരിച്ചു വയ്ക്കുന്ന വിദഗ്ദ്ധ വ്യവസ്ഥകൾ അഥവാ ‘എക്സ്പേര്‍ട്ട് സിസ്റ്റംസ്’ നിർമ്മിച്ചെടുക്കുക എന്ന മറ്റൊരു ബൃഹത്തായ പദ്ധതിയിലാണ്. ഈ പ്രായോഗിക ആവശ്യങ്ങൾക്ക് പുറമെ കൃത്രിമ ബുദ്ധിയുടെ സാങ്കേതികത ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്ന മറ്റു രണ്ടു മേഖലകൾ മനശ്ശാസ്ത്രവും തത്വശാസ്ത്രവും ആണ് എന്നത് ശ്രദ്ധേയമാണ്. ഇത്, പൊതുവേ മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനം കൃത്രിമമായി ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സിമ്യുലേറ്റ് ചെയ്ത് പഠിക്കുന്നതു മുതൽ പ്രത്യേകം മനസ്സുകളുടെ ഏറ്റവും ദുഷ്കരമായ സമസ്യകൾ വസ്തുനിഷ്ഠമായി പഠിക്കുന്നതിനു വരെ ഉപയോഗിക്കാമെന്ന് ഈ മേഖലകളിലെ ഗവേഷണങ്ങൾ തെളിയിക്കുന്നു. ശക്തമായ കൃത്രിമ ബുദ്ധി യന്ത്രങ്ങളിൽ മാത്രമല്ല മനുഷ്യരിലും കാലാകാലങ്ങളായി വികസിപ്പിച്ചെടുക്കപ്പെടുകയാണ്. പാഠ്യപദ്ധതികളിലൂടെ, കുടുംബവ്യവസ്ഥയിലൂടെ, മതത്തിലൂടെ, ഭരണകൂടങ്ങളിലൂടെ, അവയെ നിലനിർത്തുന്ന നിയമാവലികളിലൂടെ ഒക്കെ നിർമ്മിച്ചെടുക്കപ്പെടുന്ന മനുഷ്യബുദ്ധിയുടെ തലങ്ങൾ ഉണ്ട്. ബാല-മനശ്ശാസ്ത്രം (ചൈൽഡ് സൈക്കോളജി), ശിക്ഷാശാസ്ത്രം (പെഡഗോജി), നിയമം, മതപഠനങ്ങൾ ഇവയൊക്കെ വിഷയമാക്കുന്നത് യഥാർത്ഥത്തിൽ ഇത്തരം ശക്തമായ ബുദ്ധിയുടെ സ്രോതസ്സുകളെയാണ്. മനുഷ്യവികാരവിചാരങ്ങളുടെ ഇത്തരത്തിലുള്ള നിർമ്മാണവും നിലനിൽപ്പും ഒരു രാഷ്ടീയ പ്രക്രിയയാണെങ്കിൽ ബോധപൂർവ്വമോ അല്ലാതെയോ ഉള്ള ഈ വികസനത്തിൽ മനുഷ്യന്റെ കാര്യത്തിൽ ‘എത്തിക്സ്’ എത്രതന്നെ പ്രാധാന്യമർഹിക്കുന്നോ അത്രതന്നെയും യന്ത്രങ്ങളിലും ഒരു ധർമ്മബോധം ആവശ്യമായി വരുന്നു. എന്നാൽ എത്തിക്സ് എന്നത്, മനുഷ്യനിൽ തന്നെ അടിച്ചേൽപ്പിക്കപ്പെട്ട സാന്മാർഗികമായ നിയമാവലികളുടെയോ ചട്ടക്കൂടിന്റെയോ ആകെത്തുകയായി മാത്രം അറിയുന്ന നമ്മൾക്ക് യന്ത്രത്തിന്റെ നീതിബോധത്തെക്കുറിച്ച് എങ്ങിനെ അന്തിമമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും? എന്നുവെച്ചാൽ, സാങ്കേതികമായി യന്ത്രബുദ്ധി വികസിപ്പിച്ചെടുക്കുന്നതിനൊപ്പമോ അതിലുമേറെയോ വലിയ വെല്ലുവിളി ആണ് യന്ത്രത്തിന്റെ ധാർമ്മികതയും എന്നർത്ഥം. മനുഷ്യന്റെ ആജ്ഞാനുവർത്തിയായ യന്ത്രം നിർമ്മിക്കുന്നിടത്തു മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ യഥാർത്ഥ സ്രോതസ്സ് എന്ന തിരിച്ചറിവിലേക്കും കൂടെ ഇന്ന് ഈ സാങ്കേതികതയുടെ പഠനങ്ങൾ എത്തിയിരിക്കുന്നു.

ശാസ്ത്രവും ശാസ്ത്രേതര വിഷയങ്ങളും തമ്മിൽ ഉണ്ടായിട്ടുള്ള അന്തരങ്ങൾ പലതും യഥാർത്ഥത്തിൽ പഠനവ്യവസ്ഥിതികളുടെ നിലനിൽപ്പിനു വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്നും മനശ്ശാസ്ത്രവും തത്വശാസ്ത്രവും ഭൗതികശാസ്ത്രവും ഒക്കെ യഥാർത്ഥത്തിൽ ജീവന്റെ പ്രക്രിയകളെ പഠിക്കാൻ ഉതകുന്ന ഏതാനും രൂപവ്യവസ്ഥകൾ മാത്രമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നതാണ് കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യയും പല ശാസ്ത്രേതര വിഷയങ്ങളും തമ്മിലുള്ള ബന്ധം. ആഴമേറിയതും പ്രകടമായ പ്രയോജന സാധ്യതകൾ ഉള്ളതുമായ ഈ ബന്ധത്തെ തിരിച്ചറിയുന്ന ഗവേഷണ മേഖലകൾ ഇന്ന് ഉണ്ടായി വരുന്നുണ്ട്. ശാസ്ത്രത്തിന്റെ വഴിക്ക് തത്വശാസ്ത്രത്തിന്റെ വഴിയുമായി ഇവിടെ പിണയാതെ തരമില്ല എന്നു വരുന്നു. പൊതുവേ പ്രയോഗമൂലവും അനുഭവസിദ്ധവും (എമ്പിരിക്കൽ) ആയ ഗവേഷണവഴികളാണ് ശാസ്ത്രത്തിന്റേത് എങ്കിൽ ശാസ്ത്രേതര വിഷയങ്ങൾ കുറേക്കൂടി സൃഷ്ടിപരമായതും സൈദ്ധാന്തികമായതും ആയ ഗവേഷണത്തിനും കൂടെ ഇടം കൊടുക്കുന്നു. അത്തരം വിശാലമായതും കെട്ടുപിണഞ്ഞതുമായ വഴികളിൽക്കൂടെ ആകാം ഒരുപക്ഷെ ഉയർന്നു വരുന്ന പുതിയ സാങ്കേതിക സമൂഹങ്ങളിൽ നാം മുന്നോട്ട് പോകേണ്ടതും. അറിവ് എന്നതു തന്നെ മനുഷ്യചിന്തകളുടെ ഏറ്റുമുട്ടലുകളിൽ നിന്നുണ്ടാകുന്ന കലാപമാണെന്നും വ്യവസ്ഥാപിതമായ അറിവുകൾ എല്ലാം ഈ കലാപങ്ങളുടെ ഉപോൽപ്പന്നങ്ങൾ മാത്രമാണെന്നുമുള്ള മിഷെൽ ഫൂക്കോയുടെ വാദം (ആർക്കിയോളജി ഓഫ് നോളെജ്) ഈ ഘട്ടത്തിൽ ഓർമ്മിച്ചു പോവുന്നു. മനസ്സിനെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗതമായ അറിവുകൾ, കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള പുതിയ അറിവുകളോടും കലഹിച്ചേ മതിയാവൂ.


Sreepriyaശ്രീ – പ്രണയത്തിലും എഴുത്തിലും ചുവരുകളോടുള്ള കഥപറച്ചിലിലും ഒന്നും വരുമാനം ഇല്ലാത്തോണ്ട് സർക്കാർ കോളെജിൽ ഇംഗ്ലീഷ് പഠിപ്പിച്ചു കഴിയുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, പക്ഷെ കുറേ നാടുചുറ്റീട്ട്ണ്ട്. കഷ്ടപ്പെട്ട് നേടിയ ഒരു ഡോക്ടറെറ്റും, ഉപേക്ഷിച്ച ഈ ബ്ലോഗും ഫോട്ടോ ഇടുന്ന ഫേസ്ബുക്ക് പേജും ചരിത്രരേഖകളായി സ്വന്തമായിട്ടുണ്ട്.

sree – Lives a love, talks to the wall in tongues and teaches myths and fables. Went places, slogged and worked my fingers to the bone to get a doctorate. Was alive for a while in a blog here. Also photo archived in facebook here

Cover Image Copyrights – Keoni Cabral

Leave a Comment