പിതാവ് എന്ന ഇൻസ്റ്റിറ്റ്യൂഷൻ

ാൻ അച്ഛനാണ് എന്നു ഞാൻ പറയുമ്പോൾ അധികാരം അതിലുണ്ട്. ഉത്തരവാദിത്തമില്ലാത്ത അധികാരം. കുഞ്ഞിനെ നോക്കേണ്ട ബാധ്യത ഇല്ലാത്ത, എന്നാൽ കുഞ്ഞിന്റെ മേൽ നിയന്ത്രണങ്ങൾ ഏറെയുള്ള അധികാരം. അല്ലെങ്കിൽ അങ്ങനെ അധികാരം ഉണ്ട് എന്ന് പൊതുബോധം നമ്മോടു പറയുന്നു.
ശിശുപരിപാലനം അമ്മയുടേതാക്കുന്ന, മാതൃത്വത്തെ മഹത്വവല്കരിക്കുന്ന ഈ പൊതുബോധമാണ് നമ്മുടെ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയ്ക്ക് നിയമസാധുത നൽകുന്നത്. നിയമവ്യവസ്ഥ പോലും പറയുന്നത് കുഞ്ഞിനെ നോക്കേണ്ടത് അമ്മയുടെ കടമയാണ് എന്നാണ്. അതു കൊണ്ടാണ് മെറ്റേർണിറ്റി ലീവല്ലാതെ പെറ്റേർണിറ്റി ലീവ് ഇല്ലാതെ പോവുന്നത്. അതായത് അമ്മയുടെ പ്രഥമ കർത്തവ്യം തന്റെ തൊഴിലല്ല ശിശുപരിപാലനമാണ് എന്ന് പറയുന്ന നിയമം ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും പുരുഷനെ രക്ഷിച്ചെടുക്കുന്നു. ഇതിനു വിപരീതമായി ഏതെങ്കിലും ഒരു പുരുഷൻ ശിശുപരിപാലനം ഏറ്റെടുത്താൽ അത് അവരുടെ ത്യാഗമായി വാഴ്ത്തപ്പെടുന്നു.എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ശിശുപരിപാലനം അവരുടെ ത്യാഗമല്ല, അത് സ്വാഭാവികമായ അവരുടെ കടമയാണ് എന്ന് കരുതപ്പെടുന്നു.

വീട്ടമ്മയുടെയും വർക്കിംഗ്‌ വുമണിന്റെയും ഇരട്ട ഭാരമുള്ള ഒരു സാധാരണ സർക്കാർ ജീവനക്കാരിയുടെ അസാധാരണത്വമൊന്നുമില്ലാത്ത ജീവിതം അമ്മ ജീവിച്ചു തീർക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കല്‍ക്കട്ടയിലും അഹമ്മദാബാദിലും മറ്റും ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ഒറ്റയ്ക്ക് മക്കളെ നോക്കേണ്ടി വന്നപ്പോൾ അനുഭവിച്ച സങ്കടങ്ങൾ

അപ്പോൾ ആരാണ് പിതാവ്? സ്ത്രീകളുടെ മേൽ പാരമ്പര്യമായി അധികാരങ്ങൾ നേടിയെടുത്ത ഭർത്താവ് എന്ന ഇൻസ്റ്റിറ്റ്യൂഷന്റെ എക്സ്റ്റൻഷനാണ് അത്. സ്വാഭാവികമായി ഭാര്യയുടെ മേലുള്ള അധികാരം മക്കളുടെ മേലും പ്രയോഗിക്കുന്ന ഒരു പ്രക്രിയയാണ് ഒരു പുരുഷനെ സംബന്ധിച്ച് പിതാവാകുക എന്നാൽ.

ശിശുപരിപാലനം പോലെ അടുക്കളപ്പണിയും സ്വാഭാവികമായി സ്ത്രീയുടേതായാണല്ലോ മനസ്സിലാക്കപ്പെടുന്നത്. അതുകൊണ്ടാണ് പലപ്പോഴും സ്ത്രീകളെ വീട്ടുജോലിയിൽ സഹായിക്കുന്നത് തങ്ങളുടെ ലിബറൽ ജനാധിപത്യ ബോധത്തിന്റെ അടയാളമായി അങ്ങനെ ചെയ്യുന്ന പുരുഷന്മാർ സ്വയം വിശ്വസിക്കുന്നത്. അല്ലാതെ സ്ത്രീകൾക്കൊപ്പം തുല്യ പങ്കാളിത്തമുള്ള ഒന്നായി അടുക്കള ജോലി കരുതപ്പെടുന്നതു കൊണ്ട് പുരുഷൻ സ്വാഭാവികമായി അടുക്കളയിൽ കയറുന്ന എത്ര കുടുംബങ്ങളുണ്ട്?

സാമൂഹിക ജീവിതത്തിൽ വളരെ തുറന്നതും ജനാധിപത്യബോധം പ്രകടിപ്പിക്കുന്നതുമായ പുരുഷന്മാർ വരെ സ്വന്തം കുടുംബത്തിൽ മകൾക്കും ഭാര്യയ്ക്കും മുമ്പിൽ തികഞ്ഞ സ്വേച്ഛാധിപതികളാവുന്ന വിധത്തിലാണ് നമ്മുടെ പൊതു ബോധം രൂപപ്പെട്ടു വന്നത്. തികഞ്ഞ കമ്മ്യൂണിസ്റ്റും പൊതു പ്രവർത്തകനുമായ തന്റെ അച്ഛനെ ദളിത്‌ ചിന്തകൻ കെ.കെ.കൊച്ച് അങ്ങനെ ഓർത്തെടുക്കുന്നുണ്ട്, “അച്ഛന്റെ ജീവിതം മറ്റൊരു വിധത്തിൽ നിഷേധിക്കപ്പെടേണ്ടതായിരുന്നു. വീട്ടിൽ അദ്ദേഹമൊരു സ്വേച്ഛാധിപതിയായിരുന്നു. അച്ഛൻ വീട്ടിലുള്ളപ്പോൾ അമ്മയ്ക്കും ഞങ്ങൾക്കും ഉറക്കെ സംസാരിക്കാൻ പോലും അവകാശമില്ലായിരുന്നു. രാത്രി എത്ര വൈകിയാണെത്തുന്നതെങ്കിലും അച്ഛൻ ഭക്ഷണം കഴിച്ച ശേഷമേ ഞങ്ങൾക്ക് കഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ കട്ടിലിലോ കസേരയിലോ ആരും ഇരിക്കാൻ പാടില്ല.”

അച്ഛൻ എന്താണ് എന്നു ചിന്തിക്കുമ്പോൾ എന്തുകൊണ്ടോ അമ്മ എനിക്ക് എന്തായിരുന്നു എന്നു ചോദിക്കാൻ തോന്നുന്നു. അമ്മ എനിക്ക് എന്തായിരുന്നു എന്നതിനൊപ്പം ഞാൻ അമ്മയ്ക്ക് എന്തായിരുന്നു എന്നതു കൂടി ആലോചിക്കാൻ അത് അവസരമാക്കുന്നു.

വീട്ടമ്മയുടെയും വർക്കിംഗ്‌ വുമണിന്റെയും ഇരട്ട ഭാരമുള്ള ഒരു സാധാരണ സർക്കാർ ജീവനക്കാരിയുടെ അസാധാരണത്വമൊന്നുമില്ലാത്ത ജീവിതം അമ്മ ജീവിച്ചു തീർക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കല്‍ക്കട്ടയിലും അഹമ്മദാബാദിലും മറ്റും ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ഒറ്റയ്ക്ക് മക്കളെ നോക്കേണ്ടി വന്നപ്പോൾ അനുഭവിച്ച സങ്കടങ്ങൾ. എന്നാൽ എന്റെ അമ്മയുടേതിനു തുല്യമായ ഇത്തരം നിയന്ത്രിതമായ സാമൂഹിക ഇടപെടലുകൾ പോലും സംഭവിക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലെ ജനാധിപത്യവല്കരണത്തിന്റെ ഫലമായാണ്‌. അതിനു മുമ്പ് ശിശുപരിപാലനവും അടുക്കളജോലിയുമായി കുടുംബത്തിന്റെ അകത്തളങ്ങളിലെ പരിമിത വൃത്തങ്ങളിൽ മാത്രമായി അവർക്ക് ഒതുങ്ങേണ്ടി വന്നു. അതിൽ നിന്നും പുറത്തു കടക്കാൻ അതിന്റെ ചരിത്രം ജെ.ദേവിക ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. “സ്ത്രീകൾക്ക് കുടുംബബാദ്ധ്യതകളും സദാചാരബാദ്ധ്യതകളുമുള്ളതുകൊണ്ട് അവർക്ക് പൂർണ്ണപൗരത്വം നൽകാനാവില്ലെന്ന തീർപ്പാണ് സ്ത്രീകളുടെ സർക്കാരുദ്യോഗത്തെ സംബന്ധിച്ച തടസ്സവാദങ്ങളിൽ മുഴങ്ങിക്കേട്ടത്. പക്ഷേ, ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമായിരുന്നു. കൂട്ടുകുടുംബജീവിതം ഏറെക്കുറെ അവസാനിച്ചു തുടങ്ങിയതോടുകൂടി ജീവിതം തന്നെ ബുദ്ധിമുട്ടായി മാറിത്തുടങ്ങി. പ്രത്യേകിച്ച് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും. ഈ സാഹചര്യത്തിൽ ഇടത്തരക്കാരികൾ ജോലിക്കുപോയിത്തുടങ്ങി. കുടുംബത്തിന് വരുമാനമുണ്ടാക്കാനല്ലാതെ പൗരാവകാശമെന്ന നിലയ്ക്കല്ല. ജോലിക്കുപോകുന്ന പെണ്ണുങ്ങളുടെ സംരക്ഷണത്തിനായി അച്ഛനോ ആങ്ങളയോ ഒക്കെ കൂടെപ്പോയിരുന്ന ഒരു ഘട്ടമുണ്ടായിരുന്നു; ഇന്നും അദൃശ്യമായ കണ്ണുകൾ നമ്മളെ ജോലിസ്ഥലംവരെ പിന്തുടരുന്നുവെന്ന് നമുക്കറിയാം. പൊതുവിടങ്ങളിൽ ആണും പെണ്ണും മാറിമാറി നിൽക്കുന്നത് കേരളത്തിന്റെ സവിശേഷതയാണ്. പൊതുവിടങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ ‘പരിശുദ്ധി’ സംരക്ഷിക്കാനായി ഉരുത്തിരിഞ്ഞുവന്ന ഏർപ്പാടാണത് – എന്നും പുരുഷബന്ധുക്കൾക്ക് കൂടെ വരാനാവില്ലല്ലോ! പൊതുസ്ഥലങ്ങളിൽ ആണുങ്ങൾ കറങ്ങിനടക്കുമ്പോലെ പെണ്ണുങ്ങൾക്ക് പാടില്ല; വിദ്യാഭ്യാസം, കുടുംബാവശ്യം (ജോലിക്കു പോകുന്നത് ഇതിൽപ്പെടും) ഇതിനൊക്കെ മാത്രമേ അവർ പുറത്തിറങ്ങാവൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പൂർണ്ണസ്വാതന്ത്ര്യമനുഭവിക്കുന്ന പൗരജനങ്ങളായിട്ടല്ല നമ്മുടെ സ്ത്രീകൾ പൊതുവിടങ്ങളിൽ വരുന്നത് – കുടുംബത്തിന്റെയും സമുദായത്തിന്റെയും സദാചാരം (ഒറ്റയ്ക്ക്) പേറുന്ന ‘കുലീനകളാ’യിട്ടാണ്.”

അമ്മയിലേക്ക് മടങ്ങാം. എപ്പോഴും അമ്മയുടെ താല്പര്യങ്ങൾക്ക് വെളിയിലായിരുന്നു എന്റെ ജീവിതം. എം. ജി. കോളേജിലെ ഡിഗ്രി പഠനക്കാലത്ത് (1989-1992), എ. ബി. വി. പി. കോളേജിൽ അധീശത്വം ഉറപ്പിക്കുന്ന കാലമായിരുന്നു. പലപ്പോഴും അവരെ എതിർത്തിരുന്ന എന്നെപ്പോലെ പലർക്കും അക്രമം ഭയന്ന് രാത്രി യാത്രകൾ ഒഴിവാക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ദിവസവും മടങ്ങി എത്തുന്ന പതിവ് ഇല്ലായിരുന്നു. ഈ രാഷ്ട്രീയ കാലത്ത് ഒരിക്കൽ ഒരു എ. ബി. വി. പി. പ്രവർത്തകനെ ആക്രമിച്ചു എന്ന കള്ളക്കേസിൽ പോലീസ് വീട്ടിൽ നിന്നും അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോൾ അമ്മയുടെ കരഞ്ഞു കലങ്ങിയ മുഖം ഇന്നും ഓർക്കുന്നു.

സർക്കാർ ജോലി എന്ന അമ്മയുടെ ആഗ്രഹം അവഗണിച്ചു പത്രപ്രവർത്തനം തിരഞ്ഞെടുത്തപ്പോൾ പ്രകടിപ്പിച്ച നിസ്സംഗത ഓർക്കുന്നു. (നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ എല്‍. ഡി. ക്ലാർക്ക് ജോലി രാജിവെച്ചാണ്, അത്ര ചെറുപ്പമൊന്നുമല്ലാത്ത 30 വയസ്സിൽ, പത്രപ്രവർത്തകന്റെ സുരക്ഷിതത്വമില്ലാത്ത ജോലി സ്വീകരിച്ചത്.) പത്രപ്രവർത്തനത്തിന്റെ ആദ്യവർഷങ്ങളിലെ അരാജക ജീവിതകാലത്ത് രാവിലെ ജോലിക്കു പോയി വീട്ടിൽ രാത്രി തിരിച്ചു വരാതെ, ബാച്ചിലർമാരായ ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സിലെ സഹപ്രവർത്തകരായ ഷഫീക്കും വേണുവും മറ്റും ചേര്‍ന്ന് പട്ടത്തെ വീട്ടിലെ മദ്യപാന സദസ്സുകൾ . രാവിലെ വീട്ടിലെത്തി പ്രഭാത ഭക്ഷണം കഴിഞ്ഞു തിരിച്ചു ഓഫീസിലേക്ക്. ഏതാണ്ട് വിവാഹം വരെ പ്രഭാത ഭക്ഷണം വരെയുള്ള രാവിലത്തെ കുറച്ചു മണിക്കൂർ മാത്രമായി ചുരുങ്ങിയിരുന്നു എന്റെ വീടുമായുള്ള ബന്ധം. എന്റെ നിലപാടുകളെ അമ്മയെ പറഞ്ഞു മനസ്സിലാക്കാനോ അതിനു ശ്രമിക്കാനോയുള്ള ജനാധിപത്യ ബോധം ഞാൻ പ്രകടിപ്പിച്ചില്ല. പുരുഷൻ എന്ന നിലയിലുള്ള ചില പ്രിവിലേജുകളാണ് ഈ സാമൂഹിക ജീവിതം സാധ്യമാക്കിയത് എന്ന് തിരിച്ചറിയുന്നു. ഇത്തരം ഒരു ചോയിസ് അവരുടെ ചെറുപ്പകാലത്ത് എടുക്കാനുള്ള പ്രിവിലേജ് അമ്മയ്ക്കായിരുന്നെങ്കിൽ ലഭിക്കുമായിരുന്നോ എന്ന സാങ്കൽപിക ചോദ്യം ഞാൻ എന്നോട് ചോദിച്ചു നോക്കുന്നു.

ഓഫീസും വീടും മാത്രമായി ഒതുങ്ങിക്കഴിയേണ്ടി വന്ന അമ്മയുടെയും, മറ്റു അമ്മമാരുടെയും ജീവിതവും മാതൃത്വത്തിന്റെ ത്യാഗമായി എഴുതിത്തള്ളപ്പെടുന്നു. ഇത്തരം ത്യാഗങ്ങളുടെ ബാധ്യതയില്ലാത്ത പുരുഷന്മാർ പൊതുജീവിതം ആസ്വദിക്കുന്നു. വിദ്യാർഥിജീവിത കാലത്തെയും യുവാവായിരുന്നപ്പോഴത്തെയും ഇത്തരം ചെറുചലനങ്ങളെ വൻകലാപങ്ങളായി സ്വയം ആശ്വസിച്ചു 40 വയസ്സു കഴിയുമ്പോൾ സന്തോഷത്തോടെ എടുത്തണിയുന്ന സ്റ്റാറ്റസ്ക്വോ ജീവിതത്തിന് ന്യായീകരണമാക്കുന്നു.

സ്ത്രീകളെ പലപ്പോഴും സാമൂഹിക ജീവിതത്തിൽ നിന്നും അദൃശ്യമാക്കുന്നത് മാതൃത്വത്തെ മഹത്വവൽക്കരിക്കുന്ന പുരുഷയുക്തിയാണ് എന്ന് അമ്മയുടെ ജീവിതം എനിക്ക് ഉദാഹരിക്കാനുണ്ട്. എന്നാൽ, ഇതിനർഥം എല്ലാ സമുദായങ്ങളിലും സാർവ്വലൗകികമായി എല്ലാ സ്ത്രീകളും, ആണ്‍കോയ്മയും ഒരു പോലെയാണ് എന്നാണോ? മാതൃത്വവും പിതൃത്വവും എല്ലാ സമുദായങ്ങളിലും ഒരു പോലെയാണോ അടയാളപ്പെട്ടിരുന്നത്? ദളിത്‌ ബഹുജൻ ആണ്‍കോയ്മയ്ക്കുള്ളിൽ സ്ത്രീക്ക് ഉത്പാദനത്തിലും പുനരുത്പാദനത്തിലും സജീവ പങ്കാളിത്തമുണ്ട് എന്ന് കാഞ്ച ഐലയ്യ പറയുന്നുണ്ട്.

സ്ത്രീയുടെയും പുരുഷന്റെയും മേഖലകൾ വീട്/പാടം എന്നിങ്ങനെ മൂർത്തമായി വിഭജിക്കപ്പെട്ടിട്ടില്ല. പുരുഷൻ പാചകം ചെയ്യുകയും സ്ത്രീ പാടത്ത് പണിയെടുക്കുകയും ചെയ്യാറുണ്ട്. പാചകത്തിലോ, കൃഷിപ്പണിയിലോ, മറ്റു കുലത്തൊഴിലുകളിലോ ഏർപ്പെടുമ്പോൾ വിശ്വാസത്തിലോ, പ്രയോഗത്തിലോ ലിംഗപരമായ നിയന്ത്രണങ്ങളൊന്നുമില്ല. ഈ മണ്ഡലങ്ങളിലെ വൈദഗ്ധ്യം എന്നത് ഏതെങ്കിലും ഒരു ലിംഗ വിഭാഗത്തിന് മാത്രമുള്ളതായിരുന്നില്ല.

ഒരു സമുദായത്തിനുള്ളിൽത്തന്നെ പുരുഷാധിപത്യം ഒരു പോലെയല്ല പ്രവർത്തിക്കുന്നത് എന്ന് കെ. കെ. കൊച്ചിന്റെയും കാഞ്ച ഐലയ്യയുടെയും വാക്കുകൾ പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, പലപ്പോഴും ആണ്‍കോയ്മയെ പേരെടുത്ത് അടയാളപ്പെടുത്തുന്നത് കീഴാള സമുദായത്തിന്റെ ആണ്‍കോയ്മയെ മാത്രമാണ് എന്ന് ജെ. ദേവികയുടെയും മറ്റും വായനയിലെ പ്രശ്നങ്ങൾ ഉദാഹരിച്ചു ജെനി റൊവീന പറയുന്നു.

അതേസമയം, സവര്‍ണ്ണ സമുദായങ്ങള്‍ പലപ്പോഴും ഇങ്ങനെയൊരു പ്രക്രിയയില്‍നിന്ന് വഴുതിമാറുന്നുവെന്ന് ജെനി റൊവീന പറയുന്നുണ്ട്. ഉദാഹരണത്തിന്, മാറുമറയ്ക്കാന്‍ വേണ്ടി കീഴ്ജാതി സ്ത്രീകള്‍ നടത്തിയ സമരങ്ങളെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വായനകള്‍ ശ്രദ്ധിക്കുക. ജാതിക്കെതിരെയുള്ള മുന്നേറ്റങ്ങളില്‍, പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ്, പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാന്നാര്‍ സ്ത്രീകളില്‍നിന്ന് തുടങ്ങി, മറ്റു പല കീഴ്ജാതികളിലേക്കും പടര്‍ന്ന, കീഴാള സ്ത്രീകളുടെ മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍. എന്നാല്‍, സവര്‍ണ്ണ ഫെമിനിസ്റ്റ് വായനകള്‍, മാറുമറയ്ക്കാത്ത സ്ത്രീകള്‍ ആ കാലത്ത് ഒരു സാധാരണ കാഴ്ചയായിരുന്നുവെന്നും ക്രിസ്ത്യന്‍ മിഷനറികളാണ് ഇതിനെക്കുറിച്ചൊരു പാപബോധമുണര്‍ത്തിയതെന്നും വാദിക്കുന്നു. ഇതിന്റെ ഭാഗമായി കീഴ്ജാതി ആണുങ്ങള്‍ അവരുടെ സ്ത്രീകളെ ശാരീരികമായ ‘ബലപ്രയോഗത്തിലൂടെ’ നിര്‍ബന്ധിച്ച് ബ്ലൌസിടുവിപ്പിച്ച നിരവധി കഥകള്‍ പറയുന്നു. ഇതുപോലെയാണ് മുസ്ലിം സ്ത്രീകളും ശിരോവസ്ത്രമണിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും സൂചിപ്പിക്കുന്നു. എന്നാല്‍, നമ്പൂതിരി സ്ത്രീകളുടെ കാര്യം വരുമ്പോള്‍, ആധുനിക വസ്ത്രം ധരിക്കുക, അല്ലെങ്കില്‍ ബ്ലൌസിടുക എന്നത് ‘പരമ്പരാഗത കുടുംബരീതികള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് കല്‍പ്പിച്ചിരുന്ന കടുത്ത നിയമങ്ങള്‍ക്കും കീഴ്നിലക്കും എതിരെയുള്ള ചെറുത്തുനില്‍പ്പായി’ ഇത് മാറുന്നു.

പറഞ്ഞു വന്നത് ഇത്ര മാത്രം സാർവ്വലൗകികമായ ഒരു കുടുംബ സങ്കല്പം ഇല്ല. അതുകൊണ്ടു തന്നെ എല്ലാ സമുദായത്തെയും ഒരുപോലെ പ്രതിനിധീകരിക്കുന്ന ഒരു പിതൃത്വമോ മാതൃത്വമോ ഇല്ല. ഒരു സമുദായത്തിനുള്ളിൽ പോലും ഒരേ പോലെയല്ല എല്ലാ കാലത്തും എല്ലാ സന്ദർഭത്തിലും പിതൃത്വമോ മാതൃത്വമോ പ്രവർത്തിക്കുന്നത്.

എന്നാൽ ജാതിരഹിതമായി എല്ലാ പിതൃത്വത്തെയും ഒരു പോലെയാണ് എന്ന് സാമാന്യവല്‍ക്കരിക്കുന്ന വായനകൾ രക്ഷിച്ചെടുക്കുന്നത് സവര്‍ണ്ണ സമുദായത്തിനുള്ളിൽ പ്രവർത്തിക്കുന്ന പിതൃത്വത്തെയാണ്. അത് കീഴാളപക്ഷ പിതൃത്വത്തെ മാത്രമാണ് പ്രശ്നവൽക്കരിക്കുന്നത്. അതുകൊണ്ട് പിതാവ് എന്ന ഇൻസ്റ്റിറ്റ്യൂഷനെ സാധൂകരിക്കുന്നത് ഒരു സവർണ്ണ പൊതു ബോധമാണ് എന്ന് പറയാതെ വയ്യ.


Sabloo Thomas സാബ്ലൂ തോമസ് | Sabloo Thomas

Special Correspondent at Deccan Chronicle


Cover Image Copyrights – Abhishek Sarda

Leave a Comment