Women Identities – Malayalam Cinema – Interview with Rima Kallingal

The Glass Ceiling is real – Rima Kallingal

An interview with Rima Kallingal, a Malayalam movie actress, addressing the questions on gender in the Malayalam movie Industry

Part of 1811ad Series on Political Identities (Women in Cinema)


ഹെലോ. ഞാന്‍ റീമ കല്ലിങ്കല്‍.

ഞാന്‍ ഒരു കലാകാരിയാണ്. ഇന്ത്യയിലെ തെക്കേ അറ്റത്തെ കേരളത്തില്‍ നിന്നും മലയാളം സിനിമാ വ്യവസായത്തില്‍ ജോലി ചെയ്യുന്നു.

ഇതൊരു വിചിത്രമായ അനുഭവം തന്നെയാണ്. നമ്മള്‍ ഒരു പൊതു ഇടത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, ഒരു കലാകാരി എന്നുള്ള രീതിയില്‍, ഒരു വിനോദോത്പാതക എന്ന രീതിയില്‍, നമ്മുടെ ആഗ്രഹം വളരുക, നമ്മുടെ കലയിലൂടെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക എന്നുള്ളതിലൊക്കെയാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷെ ആളുകള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിന്റെ പിന്നിലുള്ള കാര്യങ്ങളിലാണ്. ശരിക്കും അത് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അത് ഒരാവശ്യമില്ലാത്ത ഊര്‍ജ്ജമായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

പറഞ്ഞുകേള്‍ക്കുന്ന അഭേദ്യമായ ചില്ലുകൂടാരം (glass ceiling) സത്യമാണ്. പോരാട്ടം സത്യമാണ്. സഹായത്തിന് ആരുമില്ല.

ഇന്നും ഇപ്പോഴും സ്ത്രീകള്‍, അല്ലെങ്കില്‍ വളരെ വിദ്യാസമ്പന്നരായ, ലോകം കണ്ടിട്ടുള്ള പെണ്‍കുട്ടികള്‍ പോലും ഫെമിനിസ്റ്റ് എന്ന് അവരെത്തന്നെ വിളിക്കാന്‍ പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം അവരെ ഒറ്റപ്പെടുത്തും. പുരുഷവിരുദ്ധരാണെന്ന് മുദ്രകുത്തുമെന്ന് പേടിയാണ്. അതുകൊണ്ടൊക്കെ ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കാന്‍ പേടിക്കുന്ന ചെറുപ്പക്കാരികളായ പെണ്‍കുട്ടികളെയാണ് ഞാന്‍ ഇന്ന് എന്റെ ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഇത് സങ്കടകരമാണ്.

ഞാന്‍ ജോലിചെയ്യുന്ന വ്യവസായത്തില്‍ 95% വും ആണുങ്ങളാണ്. ഈ 95%ൽ 1% ആയിരിക്കും ഇതിനെ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്ന് കരുതുന്നത് പോലും. ബാക്കി 94% ആള്‍ക്കാരെയും നമ്മള്‍ ഫൈറ്റ് ചെയ്യാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ബാക്കി 5% സ്ത്രീകളുള്ളതില്‍ 0.1% ആള്‍ക്കാരാണ് എണീറ്റ് നിന്ന് എന്തെങ്കിലും പറയണം എന്നാഗ്രഹിക്കുന്നവര്‍. ബാക്കിയുള്ള കൊറെ ആളുകള്‍ പറയാന്‍, സംസാരിക്കാന്‍ ആഗ്രഹിക്കാത്തവരും, ബാക്കീള്ളവര്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് എന്നുപോലും അറിയാതെ ജീവിക്കുന്ന ആള്‍ക്കാരാണ്. അവര്‍ക്ക് തുല്യാവകാശം പോലും വേണ്ട. അതൊക്കെ എന്താണ്. എന്തിനാണ് എന്നൊക്കെ ചോദിക്കുന്നവര് പോലും ഉണ്ട്. ഇവി‌െയാണ് നമ്മള്‍ നില്‍ക്കുന്നത് എന്ന് തിരിച്ചറിയുകയാണ് ഇതിന്റെ ആദ്യ പടി.

ഒരു പേജില് ഞാന്‍ കണ്ടതാണ്. ഫെമിനിസ്റ്റുകളും കൊച്ചുകുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്? ഉത്തരം കൊച്ചുകുട്ടികള്‍ വളര്‍ന്ന് വലുതായി കരയുന്നത് നിര്‍ത്തും എന്നാണ്. അവര് ശരിക്കും വിചാരിക്കുന്നത് നമ്മള് അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ്. അങ്ങനെയാണ് ആളുകള്‍ ഇപ്പഴും നമ്മടെ ആവശ്യങ്ങളെ കാണുന്നത്. എന്റമ്മയ്ക്ക് അറുപത് വയസ്സാവാറായി. അമ്മയ്ക്ക് അറിയില്ലായിരുന്നു, ഉറക്കെ കരഞ്ഞ് സഹായത്തിന് ചോദിക്കണമെന്ന്. കാര്യങ്ങള്‍ ചോദിച്ചാലേ കിട്ടൂ എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അമ്പത് അമ്പത്തഞ്ച് വയസ്സായപ്പോഴാണ് അമ്മയ്ക്ക് മനസ്സിലാകുന്നത് കരഞ്ഞ് ചോദിച്ചാലേ കിട്ടൂ എന്ന്. അപ്പൊ അമ്മ അറുപത് വര്‍ഷം ഒന്നും ചോദിക്കാതെ എവടേം എത്തീല്ല. ഞാനിപ്പൊ ഇത്രേം ചോദിക്കുന്നു. ഞാനിപ്പൊ ഇങ്ങനെ അറപത് വര്‍ഷം കരഞ്ഞ് ചോദിച്ചോണ്ടിരുന്നാ എന്റടുത്ത തലമുറയിലുള്ള കൊറെ കലാകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചിലപ്പോള്‍ ഒരു ഭേദപ്പെട്ട അന്തരീക്ഷം കിട്ടിയേക്കും. നമ്മളേക്കാള്‍ കഷ്ടമാണ് ഭിന്നലൈംഗികതക്കാരുടെ കാര്യം. അങ്ങനെയൊരു ലിംഗം ഉണ്ട് എന്നപോലും ഇപ്പഴും പല ആളുകള്‍ അംഗീകരിക്കുന്നില്ല. അപ്പൊ അത് വെച്ച് നോക്കുമ്പോള്‍ നമ്മള് ഭേദമായിട്ടുള്ള ഒരു അവസ്ഥയിലാണ്, നമ്മളാണ് അവരെ സഹായിക്കണ്ടത് കാരണം നമുക്കവരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും.

എന്റെ കരിയറിന്റെ തുടക്കത്തില്‍ ശരിക്കും അറിയില്ലായിരുന്നു. ഞാന്‍ ഋതുവിലെ കഥാപാത്രത്തെ വച്ചാണ് തുടങ്ങിയത്. എനിക്ക് ശരിക്കും നന്ദിയുണ്ട് അങ്ങനെയൊരു കഥാപാത്രം വെച്ച് തുടങ്ങിയതിന്. ശ്യാമപ്രസാദ് സറിനെ പോലുള്ള ഒരു സംവിധായകരെ വെച്ച് തുടങ്ങിയതിന്. അദ്ദേഹം എനിക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാക്കിത്തന്നു, നായകനും നായികയും എപ്പോഴും കറപ്പും വെളുപ്പും ആവേണ്ടതിന്റെ ആവശ്യമുണ്ടോ? അവര്‍ക്ക് അതിനിടയിലെന്തെങ്കിലും ആയിക്കൂടേ. അവര്‍ക്ക് യാഥാര്‍ത്ഥ്യമായിക്കൂടേ? അവര്‍ക്ക് സാധാരണ മനുഷ്യരായിക്കൂടേ? അങ്ങനെ കറപ്പിനും വെളുപ്പിനുമിടയിലുള്ള ഒരു കഥാപാത്രം വെച്ചാണ് ഞാന്‍ തുടങ്ങിയത്. പക്ഷെ നിങ്ങള്‍ വിശ്വസിക്കില്ല, ആ ഇമേജില്‍ ഞാന്‍ എന്നെന്നേയ്ക്കും കുടുങ്ങിപ്പോയി. അതില്‍ നിന്ന് എനിക്കിതുവരെ പുറത്തുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഞാനിപ്പഴും അവിടെ കുടുങ്ങിക്കിടപ്പാണ്. കാരണം ഇപ്പഴും ആള്‍ക്കാര്‍ എന്നെ സമീപിക്കാറുണ്ട്, ഇതൊരു ‘ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ റോള്‍’ ആണ് എന്ന് പറഞ്ഞ്. ഞാനിപ്പഴും അവിടെ കുടുങ്ങിക്കിടപ്പാണ്. അതില്‍ നിന്ന് പുറത്ത് കടന്ന് ലോകം നോക്കിക്കാണാനുള്ള ഒരവസരം എനിക്കിതുവരെ കിട്ടീട്ടില്ലാന്നന്നെ പറയാം.

ഒരു റോള് വരുമ്പൊ, ഒരു സിനിമയില്‍ ഒരു കഥാപാത്രം ചെയ്യണം എന്ന് പറയുമ്പോള്‍, ഇപ്പോള്‍ എനിക്ക് ഒരു സൈഡ്കിക്ക് ആവുന്നതിന് താത്പര്യമില്ല. കേവലം ഒരു വസ്തു ആവുന്നതിന് താത്പര്യമില്ല. ഒരു ഫ്രേമിന് കുറച്ച് നിറം പകരാനായി കുറെ കോസ്റ്റ്യൂമുകള്‍ മാറി മാറി ഇടുന്ന ഒരാളാവാന്‍ താത്പര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ നിലപാട്, ഒരു ഫെമിനിസ്റ്റ് നിലപാട് എന്നുതന്നെ പറയാം, അത് ഇന്നെനിക്ക് എടുക്കാന്‍ കഴിയുന്നുണ്ട്. ഇന്നെനിക്ക് എടുത്തേ മതിയാവൂ. അല്ലെങ്കില്‍ എനിക്ക് രാത്രി ഉറക്കം കിട്ടും എന്നെനിക്ക് തോന്നുന്നില്ല. ആയിരത്തിച്ചില്വാനം അവസരങ്ങളുണ്ടാവും ആള്‍ക്കാരെന്നോട് ഇങ്ങനെ ചോദിക്കുന്നത്: എന്തിനാണ് ഇതില്‍ ഇടപെടുന്നത്? എന്താ ആവശ്യം നിങ്ങക്ക് പോയി അഭിനയിച്ച് കാശ് വാങ്ങി വീട്ടിലിരുന്നാപ്പോരേ? അപ്പൊ ഞാനും വിചാരിക്കും, പോരേ? എനിക്കങ്ങനെ ചെയ്താപ്പോരേ? പക്ഷെ നമ്മള് ശക്തമായി വിശ്വസിക്കുന്ന ചില കാര്യങ്ങള്, അത് ശരിയല്ല, നമുക്ക് ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ നന്നായി ചെയ്യാന്‍ കഴിയും.

ഒരു കലാകാരി എന്ന നിലയില്‍ മാത്രമല്ല, ആദ്യം ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും പ്രതികരിക്കേണ്ടി വരും. ഞാന്‍ ചെറിയ ഒരു ഇത് ഷേര്‍ ചെയ്തതാണ്. അതൊരു പോസ്റ്ററാണ് ഇങ്ങനെ പറഞ്ഞുകൊണ്ട്: ആര്‍ത്തവത്തെ ഭയക്കുന്ന ഭഗവാന്‍ ആനപ്പിണ്ഡത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് എന്ന് പറഞ്ഞ് ഒരു പോസ്റ്ററാണ് ഞാന്‍ ഷേര്‍ ചെയ്തത്. അവര് പറഞ്ഞു അത് വൃത്തികെട്ട രാഷ്ട്രീയ പകപോക്കലാണെന്ന്. മതത്തിനുനേരെയുള്ള ആക്രമണമാണെന്ന് വരെ അവര്‍ പറഞ്ഞു. വളരെ വ്യക്തിപരമായി ചെറുപ്പം മുതലേ എന്റെ മനസ്സിലുള്ള ചോദ്യാണ് ആര്‍ത്തവ സമയത്ത് സ്ത്രീകളെ അമ്പലങ്ങളില്‍ പ്രവേശിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഒരു പന്ത്രണ്ട് വയസ്സുകാരിയുടെ മനസ്സിലേയ്ക്ക് വരുന്ന ചോദ്യത്തിന്റെ ഭാഗമായിട്ടാണ് അത് ഞാന്‍ ഇന്നും ചോദിക്കുന്നത്. കാരണം എനിക്കറിയാം കുറെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതേ ചോദ്യം മനസ്സിലുണ്ട് എന്ന്. എല്ലാ മതങ്ങളും സ്ത്രീകളെ മോശമായിട്ടാണ് സമീപിക്കുന്നത് എന്നാണ് എന്റെ അഭിപ്രായം. എനിക്കറിയാവുന്ന ചുറ്റുപാടുകളെ ഞാന്‍ ചോദ്യം ചെയ്യുന്നു. എനിക്കതേ ചെയ്യാന്‍ പറ്റുള്ളു.

സംസാരിക്കാന്‍ ഇടമുള്ള ഒരു കലാകാരി എന്ന നിലയില്‍ ആ ഇടം ഉപയോഗിക്കാതിരുന്നാല്‍ അത് വലിയ സ്വാര്‍ത്ഥതയായിപ്പോകും. എന്റെ അഭിപ്രായം പറഞ്ഞ് ഒരു സംവാദത്തിന് തുടക്കമിടാനെങ്കിലും, അവര് പറയുന്നത് പുറത്തൊക്കെ സ്വേച്ഛാധിപത്യം ഉണ്ട്. നമുക്കൊക്കെ കാര്യങ്ങള്‍ പറയാനെങ്കിലുമുള്ള ഒരു സ്പേസില്ലേ. എന്നുവെച്ചട്ട്? അത് ഇല്ലാതാവുകയാണ് എന്ന് കാണുമ്പോള്‍ ഒരു സമൂഹം, കൂട്ടായ്മ എന്ന നിലയില്‍ അതിനെതിരായി നില്‍ക്കുള്ള ഉത്തരവാദിത്തം നമുക്കില്ലേ. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ വരെ കാത്തിരിക്കുകയല്ലോ നമുക്ക് വേണ്ടത്. വളരെ ശക്തമായിട്ടുള്ള അഭിപ്രായങ്ങളെയും വളരെ തുറന്ന, സ്വതന്ത്ര ചിന്താഗതിയും ഉള്ള എഴുത്തുകാരെയും ചിന്തകരെയും കലാകാരെയും ഒറ്റപ്പെടുത്തി ആക്രമിക്കുന്നുണ്ട് എന്ന് വളരെ കൃത്യമായി നമുക്ക് മനസ്സിലാവുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നില്ല എന്ന് വിശ്വസിക്കുന്നത് മണ്ടത്തരമാണ്. JNU വിലായാലും കുറെ ചെറുപ്പക്കാര്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ഭയക്കുന്ന സര്‍വ്വകലാശാലകളും ചെറുപ്പക്കാരും ഇതിനെ പ്രതിരോധിക്കുകയാണ്. ഇപ്പോള്‍ ഇങ്ങനെയൊരു സമരത്തിന്റെ ആവശ്യമണ്ട്. എല്ലാവരും ഈ മൂവ്മെന്റിന്റെ ഭാഗമാകണം എന്നാണ് എനിക്ക് തോന്നുന്നത്. നടികള്‍ടെ അടുത്ത് എല്ലാവരും ചോദിക്കുന്ന ചോദ്യം, കുക്ക് ചെയ്യോ എന്നാണ്. അതിന്റെ പ്രസക്തി എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ശരിക്കും. ഇത് നടന്മാരുടെ അടുത്ത് ചോദിക്കില്ല. നടിമാരുടെ അടുത്ത് മാത്രമേ ചോദിക്കുള്ളൂ. ഞാന്‍ നിങ്ങള്‍ക്ക് വിനോദം പകരുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ എന്റെ വീട്ടില് കുക്ക് ചെയ്യുന്നുണ്ടോ…

ഞാന്‍ പല രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യുമ്പോള്‍ അവിടുന്ന് പുസ്തകങ്ങള്‍ വാങ്ങും. ഉഗാണ്ടയില്‍ പോയപ്പോള്‍ ഞാന്‍ ആഫ്രിക്കയെപ്പറ്റി ഒരു പുസ്തകം വാങ്ങി. ഈയടുത്ത് ഞാന്‍ ശ്രീലങ്കയില്‍ പോയി. ഒരു പുസ്തകം വാങ്ങി. അമിതവ് ഘോഷിന്റെ സീ ഓഫ് പോപ്പീസാണ് ഇപ്പോള്‍ വായിക്കുന്നത്. എക്കാലത്തെയും മികച്ച കഥാകാരനാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് ഫിക്ഷനെക്കാളും നോണ്‍ ഫിക്ഷന്‍ വായിക്കാനാണ് ഇഷ്ടം. പക്ഷെ അമിതവ് ഘോഷിനെ വായിക്കുമ്പോള്‍ അതിന്റെ സൌന്ദര്യം എന്താണെന്നുവെച്ചാല്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഒരു അസാധ്യ കഥ അനാവരണം ചെയ്യുപ്പെടുകയാണ്. അതിന്റെ പിറകിലാകട്ടെ അതിമനോഹരമായ ചരിത്രവും.

പുസ്തകത്തിന്റെ പേര് മറന്നുപോയി. വളരെ ആസ്വദിച്ച് വായിച്ച പുസ്തകമാണത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുള്ള ഒരു ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ പുസ്തകമാണത്. വിവിധ രാജ്യങ്ങള് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്ന വിധത്തിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചിരുന്നത്. ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകയ്ക്ക് പല രാജ്യങ്ങളിലും ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച്, ബുദ്ധിമുട്ടുമാകാം എളുപ്പവുമാകാം, അതിനെക്കുറിച്ചാണ്. രാഷ്ട്രീയമാണ് അവരുടെ മേഖല. അവരെ ആരും സ്വാഗതം ചെയ്യുന്നില്ല. എപ്പോഴും എല്ലാവരും രാഷ്ട്രീയം കവര്‍ ചെയ്യുന്ന സ്ത്രീയെക്കാണുമ്പോള്‍ അത്ഭുതപ്പെടുന്നതിനെക്കുറിച്ചും പറയുന്നു. അതിന്റെ എല്ലാ മേഖലകളെയും അവര്‍ എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചൊക്കെയാണ്. പൃഥ്വിരാജിനെയും സുപ്രിയയെയും ഞാന്‍ വളരെ ബഹുമാനിക്കുന്നു. അവരുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാത്തിനെയും നേരിട്ട് വിജയിച്ച് പുറത്തുവന്നതിന്. ആവശ്യമില്ലാതെ ടാര്‍ഗെറ്റ് ചെയ്യപ്പെട്ട മറ്റൊരു വ്യക്തിയാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും. സുപ്രിയ എന്റെ അടുത്ത സുഹൃത്താണ്.

എനിക്കൊരു പി ആര്‍ നെറ്റ്വര്‍ക്ക് ഇല്ല. ഞാന്‍ സോഷ്യലൈസ് ചെയ്യാറില്ല. ഞാന്‍ ഒരു ഇന്റ്രൊവേര്‍ട്ടാണ്. ചെറിയ കാര്യങ്ങളെ ആലോചിച്ച് ഞാന്‍ വല്ലാതെ വിഷമിക്കും. ആര്‍ക്കും മനസ്സിലാകില്ല എന്തിനാണ് വിഷമിക്കുന്നതെന്ന്. ഒരു അന്യഗ്രഹജീവി എന്നോണമാണ് ആളുകള്‍ എന്നെ നോക്കുന്നത്. എന്റെ ജീവിതാവസാനം വരെ ഞാനിങ്ങനെയൊക്കെത്തന്നെയായിരിക്കും എന്ന വസ്തുതയോട് പൊരുത്തപ്പെടുകയായിരുന്നു എന്റെ അച്ഛനും അമ്മയും.

ഞാന്‍ ഒരു ചീത്ത വില്‍പ്പനക്കാരിയാണ്. എന്നെത്തന്നെ എങ്ങനെ പരസ്യം ചെയ്യണമെന്ന് എനിക്കറിയില്ല. “ഞാന്‍ കുറച്ചൊക്കെ നന്നായി അഭിനയിക്കും” എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

മാറ്റം വന്ന് തുടങ്ങീട്ടിണ്ട്. ശക്തമായ വ്യത്യസ്തമായ ആശയങ്ങളും വീക്ഷണകോണുകളും നിലപാടുകളും ഉള്ള ആളുകളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം. സാധാരണ ഒരു സംവിധാക(നു)യും നിര്‍മ്മാതാവും എഴുത്തുകാരി(രനും)യും ഒരുമിച്ചിരുന്നാല്‍ ആദ്യം നടനെയാണ് തീരുമാനിക്കുക. നടന് ആവശ്യമെന്ന് തോന്നിയാല്‍ കഥാപാത്രത്തിനോടൊപ്പം, തിരക്കഥയോടൊപ്പം, കഥയുടെ പുരോഗതിയില്‍ ഒക്കെ സമയം ചിലവഴിക്കുക സാധ്യമാണ്. ഈ പ്രക്രിയയുടെ ഒരു മാസം കഴിഞ്ഞ് ചിലപ്പോള്‍ ഷൂട്ടിങ്ങ് തുടങ്ങും. പക്ഷെ മിക്കവാറും നടിമാര് ചെലപ്പൊ ഷൂട്ടിന്റെ തലേന്നായിരിക്കും തീരുമാനിക്കുക. സ്ത്രീ കേന്ദ്രീകൃത സിനിമകളൊക്കെ വരുമ്പഴാണ് ഒരു നടിയെ തേടിപ്പോകണം എന്ന് തോന്നുന്നത് പോലും. കഴിഞ്ഞ വര്‍ഷം ഏകദേശം 300 പുതുമുഖങ്ങള്‍ വന്നിട്ടുണ്ട് മലയാള സിനിമാ വ്യവസായത്തില്‍. കാരണം എല്ലാ മലയാള സിനിമയിലും പുതിയ നായികയാണ്. കാരണം അവര്‍ക്കത് പ്രധാനമല്ല. പതിനെട്ടിനും – ആ പരസ്യം കണ്ടാത്തന്നെ നമുക്കറിയാല്ലോ. നടിമാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങളേ അങ്ങനെയാണ്. പന്ത്രണ്ടിനും ഇരുപത്തഞ്ചിനും ഇടയ്ക്കായിരിക്കണം എന്ന് മാത്രമാണ് ഇന്ന് മലയാളത്തിലുള്ള ആക്ട്രസ്സിന്റെ, അവര്‍ക്ക് വേണ്ട ഒരു. ഇത് സങ്കടകരമാണ്, നടന്മാര്‍ക്ക് കിട്ടുന്നുണ്ട്, നടിമാരെക്കാളും കൂടുതല്‍. നമ്മളെല്ലാവരും ഒരു ടീനിന്റെ കൂടെയിരുന്നു ഒരു കഥാപാത്രത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യുന്നത് പോലും വളരെ വിരളമായിട്ടാണ്. 22 ഫീമേല്‍ കോട്ടയത്തില്‍ ഞാനത് ചെയ്തു. അത് സിനിമയില്‍ കാണാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനത് റാണി പത്മിനിയില്‍ ചെയ്തു. അത് സിനിമയില്‍ കാണാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് എന്റെ ടീമിനോടൊപ്പമിരുന്ന് മറ്റ് കലാകാരോട് സംസാരിക്കാന്‍ പറ്റുന്ന, എന്റെ തിരക്കഥാകൃത്തിനോട് എന്റെ കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ അവരുടെ മനസ്സില്‍ എന്തായിരുന്നു എന്ന് ചോദിക്കാന്‍ പറ്റുന്ന കാമറയ്ക്ക് മുമ്പില്‍ സംവിധായകര്‍ വിചാരിക്കുന്നത്, എന്റെ അഭിനയം മെച്ചമാക്കാന്‍ ഛായാഗ്രാഹകര്‍ എന്ത് ചെയ്യണം എന്നാണ് വിചാരിക്കുന്നത് എന്നോക്കെ അറിയാന്‍ പറ്റുന്ന ഇടങ്ങളുണ്ടാകണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. അങ്ങനെയൊരു അംഗീകാരം നിടമാര്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പല യുവ നടന്മാരും തങ്ങളെത്തന്നെ മുമ്പിലേയ്ക്കെത്തിക്കുന്നത്, കൂടുതല്‍ ദൃശ്യമാകുന്നത്, അവരൊക്കെ പ്രശംസ ഏറ്റുവാങ്ങുന്നു, എമ്പിഷ്യസ് എന്ന്. ഗോ ഗെറ്റര്‍ എന്ന്. ഒരു നടി അതേ കാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ഡെസ്പറെറ്റ് ആകുന്നു. വിചിത്രമായ ഇടങ്ങളിലേയ്ക്ക് എത്തിച്ചേരാറുണ്ട്. അവിടെത്തന്നെത്തുടങ്ങുകയാണ് ലിംഗവൈരുദ്ധ്യം മരിക്കുന്നതിന് മുമ്പ് ഇത് എത്ര പ്രാവശ്യം പറഞ്ഞോണ്ടിരിക്കണം എന്നെനിക്കറിയില്ല പക്ഷെ ഞാനത് ചെയ്തിരിക്കും.