സ്ത്രീ സഞ്ചാരങ്ങള്‍

സ്ത്രീകളുടെ വ്യക്തിജീവിതത്തില്‍, സ്വകാര്യഭാഷയില്‍, അവരുടെ കാഴ്ചപ്പാടില്‍ ഒക്കെത്തന്നെ, സഞ്ചാരത്തിന് വിപ്ലവം എന്നുതന്നെ അര്‍ത്ഥമുണ്ട്. നിലനില്‍ക്കുന്ന വ്യവസ്ഥയില്‍നിന്നും തങ്ങള്‍ക്കനുയോജ്യമായ മറ്റൊരു വ്യവസ്ഥിതി ഉണ്ടാക്കുക എന്ന സഞ്ചാരം; അടുക്കളയിലും വീടിനകത്തുമായി തളച്ചിട്ടിരിക്കുന്ന തണുപ്പില്‍നിന്നും പുറത്തേക്കു കടക്കുക എന്ന സഞ്ചാരം… അങ്ങനെ സ്ത്രീജീവിതങ്ങളുമായി സഞ്ചാരത്തിന്റെ വിപ്ലവ സാധ്യതയ്ക്കുള്ള ബന്ധം ഏറെയാണ്‌. ജീവിതം മുന്നോട്ടു പോവേണ്ട ഒന്നാണെങ്കില്‍, അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ആളായി സ്ത്രീയെ, അവള്‍ തന്നെയോ സമൂഹമോ കാണുന്നില്ല. കായികമായ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഉപമകള്‍ സ്ത്രീകളുടെ എഴുത്തില്‍ തന്നെ കുറവ്. “മാറ്റി ചവിട്ടൂ”, “ആ പോട്ടെ”, “വിട്ടോഡാ” തുടങ്ങിയ പ്രയോഗങ്ങള്‍ സ്ത്രീകളുടെ ഭാഷയില്‍ കടന്നു വരാറുണ്ടെങ്കില്‍ത്തന്നെ എത്രത്തോളം സന്തോഷത്തോടെയും സ്വാഭാവികതയോടും അവ ഉപയോഗിക്കാറുണ്ട് എന്നത് സംശയകരം. സ്ത്രീകള്‍ക്ക് വാഹനങ്ങളുമായുള്ള ബന്ധം; ആ ബന്ധം അവരുടെ പൊതുവിജ്ഞാനത്തിന്റെ ഭാഗമാകുന്നതെങ്ങിനെ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ ആലോചിക്കുന്നത്. പൊതുവാഹനത്തില്‍, കുട്ടികളുടെ സ്കൂളിലേക്കോ, ജോലി സ്ഥാപനത്തിലേക്കോ ഉള്ള സ്ഥിര യാത്രയെക്കുറിച്ചു മാത്രമല്ലത്. മറിച്ച്, അറിഞ്ഞോ അറിയാതെയോ അവര്‍ തങ്ങള്‍ക്ക് വേണ്ടി നടത്തുന്ന യാത്രകള്‍, അല്ലെങ്കില്‍ പല ജോലികളില്‍ നിന്നും മാറി സഞ്ചരിക്കുന്നതിനിടയില്‍ അവര്‍ സ്വയം കണ്ടെത്തുന്ന നിമിഷങ്ങള്‍. യാത്രകള്‍ പല സ്ത്രീകള്‍ക്കും കാര്യങ്ങള്‍ എളുപ്പത്തില്‍ നടത്തിക്കിട്ടുക എന്നതിനപ്പുറം ആത്മവിശ്വാസത്തിലേക്കുള്ള കുതിപ്പ് കൂടിയാണ്.

ഇവിടെ ജോലിയില്‍ നിന്നും ജോലിയിലേക്കുള്ള യാത്രകളില്‍ സ്വയം അന്വേഷണങ്ങള്‍ നടക്കുക വിരളമാണ്. അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ ത്തന്നെ അത് ആത്മാഭിമാനം തരുന്ന ഏതെങ്കിലും പ്രവൃത്തികളിലൂടെയാകണം. വാഹനങ്ങളുമായി ഉള്ള ബന്ധം അവര്‍ക്ക് അത്തരത്തിലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ടോ എന്നതായിരുന്നു ആ പഠനത്തിന്റെ സാധ്യതകളില്‍ ഒന്ന്

കേരളത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആയുള്ള സ്ത്രീകള്‍ നടത്തിയിട്ടുള്ള ഒറ്റപ്പെട്ടതും കൂട്ടായുള്ളതുമായ സമരങ്ങളെക്കുറിച്ച് നാമെല്ലാം അറിവുള്ളവരാണ്. വാഹനമോടിച്ചു തുടങ്ങുമ്പോള്‍ തങ്ങള്‍ക്കു സംഭവിക്കുന്നതെന്ത് എന്നതിനെക്കുറിച്ച് പല സ്ത്രീകളും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാറുണ്ട്‌.  കണ്ണൂരില്‍ ഓട്ടോ ഡ്രൈവറായും, പിന്നീട് ഒറ്റയ്ക്ക് മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത ആളുമായ ജസീറ ഇതിനെക്കുറിച്ച് പറഞ്ഞത് രസകരമായ ഒരു അറിവാണ്. കണ്ണൂര്‍ ജില്ലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന കാലത്ത് പുരുഷന് റോഡിന്മേലുള്ള അവകാശം, വഴികളുടെ മേലുള്ള സമ്പൂര്‍ണ നിയന്ത്രണം അവര്‍ക്ക് മനസ്സിലായി എന്നാണ് അവര്‍ പറയുന്നത്. ജീവിതോപാധി എന്നതിലുപരി, പൊതുസമൂഹത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഉപായമായിരുന്നു അവര്‍ക്ക് ഓട്ടോറിക്ഷ ഡ്രൈവിംഗ്.

അതുപോലെ സ്ത്രീയെന്ന രീതിയില്‍ സമൂഹത്തിന്റെ മുന്നില്‍ സ്വന്തം ജീവിതത്തിന്റെ ചക്രം തിരിക്കാനുള്ള അവകാശം മുച്ചക്രവാഹനത്തിന്റെ ചക്രങ്ങളിലൂടെ നേടിയെടുത്ത മറ്റൊരു വ്യക്തിയാണ് ചിത്രലേഖ. പുരുഷന്മാരുടെ ഈ ലോകം കൈയോടിച്ചു പിടിക്കുന്നതിനായി അവര്‍ നടത്തിയ സമരങ്ങള്‍ കേരളത്തിലെ സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. പുരുഷന്മാരായ ഡ്രൈവര്‍മാരില്‍ നിന്നും മര്‍ദ്ദനം തന്നെ ഏല്‍ക്കേണ്ടി വന്നിട്ടും അവര്‍ ഈ മേഖലയില്‍ നിന്നും പിന്മാറിയിട്ടില്ല.

യാത്രയിലെ രസവും അധികാരവും ഒരു ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള സാധാരണ ജീവിതത്തിന്റെ മടുപ്പ് കുറയ്ക്കാന്‍ സ്ത്രീകളെ സഹായിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ പലത് നടന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ്, തമിഴ്നാട്ടിലെ പുതുക്കോട്ടൈ എന്ന ഗ്രാമത്തെക്കുറിച്ച് നടന്ന പഠനം. ഇവിടെ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സൈക്കിള്‍പരിചയവും പരിശീലനവും ലഭ്യമാക്കുന്ന ഒരു സംരംഭം ജില്ലാതലത്തില്‍ നടപ്പിലാക്കിയിരുന്നു. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇവിടത്തെ സ്ത്രീകളുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട്‌ ആസ്പദമാക്കി Cycling into the future എന്ന പേരില്‍ നിത്യ റാവു ഒരു പഠനക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിരവധി പേരുടെ നിത്യേനയുള്ള ജീവിതത്തില്‍ സൈക്കിള്‍ വന്നതോടെ ഉണ്ടായ മാറ്റത്തെക്കുറിച്ച് ഈ പഠനത്തില്‍ ലേഖിക അന്വേഷിക്കുന്നു. അഭിമുഖത്തിനായി തെരഞ്ഞെടുത്ത നാല്‍പ്പത്തിയൊമ്പത് സ്ത്രീകളില്‍ മിക്കവരും കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ജീവിക്കുന്നവരാണ്. ഇവര്‍ക്ക് പുറത്തും ജോലിയുണ്ട്. സാധാരണ പുരുഷന്മാര്‍ ആറും എട്ടും മണിക്കൂര്‍ ജോലി ചെയ്തു വീട്ടുകാര്യങ്ങള്‍ക്കായി രണ്ടോ മൂന്നോ മണിക്കൂര്‍ ചെലവഴിക്കുമ്പോള്‍, സ്ത്രീകള്‍ ആറും എട്ടും മണിക്കൂര്‍ പുറം ജോലിക്ക് ശേഷം വീട്ടില്‍ വന്നു ആറോ എട്ടോ മണിക്കൂര്‍ വീണ്ടും ജോലികളില്‍ വ്യാപൃതരാവുന്ന അവസ്ഥയാണ്. ഇവിടെ ജോലിയില്‍ നിന്നും ജോലിയിലേക്കുള്ള യാത്രകളില്‍ സ്വയം അന്വേഷണങ്ങള്‍ നടക്കുക വിരളമാണ്. അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ ത്തന്നെ അത് ആത്മാഭിമാനം തരുന്ന ഏതെങ്കിലും പ്രവൃത്തികളിലൂടെയാകണം. വാഹനങ്ങളുമായി ഉള്ള ബന്ധം അവര്‍ക്ക് അത്തരത്തിലുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ടോ എന്നതായിരുന്നു ആ പഠനത്തിന്റെ സാധ്യതകളില്‍ ഒന്ന്. പുരുഷന്മാരും കുട്ടികളും, ജോലിസ്ഥാപനത്തിലെ പലതരം ആളുകളും ഉള്‍പ്പെട്ട ജീവിതത്തിലെ ചൂഷണങ്ങളില്‍ നിന്നും രക്ഷപ്പെട്ടുള്ള അവരുടെ യാത്രകള്‍, അത്തരത്തില്‍ ചിലതാണ് വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് കൊടുക്കുന്നത് എന്നതാണ് മേല്‍പറഞ്ഞ പഠനത്തില്‍ നിന്നും വ്യക്തമാവുന്നത്.

അഭിമുഖത്തിനു തയ്യാറായവരില്‍ മൂന്നുപേരൊഴികെ ബാക്കി എല്ലാവരും നന്നായി സൈക്കിള്‍ ചവിട്ടാന്‍ അറിയാവുന്നവരാണ്. അവരില്‍ത്തന്നെ പിന്നോക്ക ജാതിയില്‍പ്പെട്ടവരും ധാരാളം. ചിലര്‍ വിദ്യാഭ്യാസം നേടിയവരാണ്; മറ്റുള്ളവര്‍ കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്നവരാണ്. പല ഗ്രാമങ്ങളില്‍ നിന്നുള്ള ഇവര്‍ക്ക് സൈക്കിള്‍ വന്നതിലൂടെ ജോലിഭാരം കുറഞ്ഞതിലുള്ള സന്തോഷം. ചിലര്‍ക്കെങ്കിലും തങ്ങള്‍ സമൂഹത്തിന്റെ ഒരു അവശ്യ ഘടകം ആയി അനുഭവപ്പെടാന്‍ തുടങ്ങിയത് സൈക്കിള്‍ വന്നതോടെയാണ്. ഒറ്റക്ക് പലയിടങ്ങളില്‍ എത്തിപ്പെടാനും രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും വീട്ടുകാരെ സഹായിക്കാനും കഴിയുന്നതിലൂടെ അവരില്‍ ആത്മവിശ്വാസം നാമ്പിടുന്നു. മറ്റുള്ളവര്‍ക്ക് തങ്ങളെക്കൊണ്ട് ആവശ്യമുണ്ട് എന്നതോന്നലില്‍നിന്നു തന്നെയാണ് ഇത്തരം ആത്മവിശ്വാസം ഉടലെടുക്കുന്നത്. സ്വയംപര്യാപ്തത എന്നതിന് ഇവിടെ വളരെ ചെറിയ അര്‍ത്ഥവും വ്യാപ്തിയുമാണ് ഉള്ളത് എങ്കിലും, സ്വയം തിരിച്ചറിയലിലേക്കുള്ള ഒരു ഘട്ടമായിത്തന്നെ ഇതിനെ കാണാവുന്നതാണ്.

ശമ്പളമില്ലാ പണികള്‍

തങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് സ്ത്രീകളെ സ്വയം ബോധ്യപ്പെടുത്താന്‍ സൈക്കിളിന്‍റെ വരവ് സഹായിച്ചിരിക്കണം. മേല്‍പ്പറഞ്ഞ അഭിമുഖം നല്‍കിയവരില്‍ പലരും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വീട്ടമ്മമാരായിരുന്നു. വീട്ടുജോലിക്കു ശേഷം പുറം ജോലിക്കായി ദൂരെയുള്ള സ്ഥലങ്ങളില്‍ പോയി കഷ്ടപ്പെടുമ്പോഴും അവിടങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട്, വീടുകളിലോ ജോലി ചെയ്യുന്നിടത്തോ വിഷയമാകുന്നില്ല. കുറേ ദൂരം പോവാനുള്ളത് കൊണ്ട് ശമ്പളം കൂട്ടിക്കിട്ടുന്നില്ല. വീട്ടിലുള്ളവര്‍ ജോലിയില്‍ സഹായവുമായി എത്തുന്നുമില്ല. അങ്ങനെയുള്ള ഇടങ്ങളിലാണ് വാഹനങ്ങള്‍ ഇവരുടെ തുണക്കെത്തുന്നത്. സൈക്കിള്‍യാത്ര ഇവര്‍ക്ക് സമയലാഭവും ഒപ്പം കാര്യപ്രാപ്തിയുടെ ചെറു പുഞ്ചിരിയും ഒക്കെയാണ്.

സാമ്പത്തിക വശം

സ്ത്രീകള്‍ക്ക് സൈക്കിള്‍ ലഭ്യമാകുക എന്നതാണ് വലിയൊരു പ്രശ്നം. പലര്‍ക്കും സ്വന്തമായി സൈക്കിളേ ഇല്ല. ചിലയിടങ്ങളില്‍ വാടകയ്ക്ക് സൈക്കിള്‍ കിട്ടുമെങ്കിലും അതൊക്കെ ഒരുപാട് ദൂരെയാകാനാണ് സാധ്യത. അത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെയോ മറ്റുള്ളവരുടെയോ സൈക്കിള്‍ ഉപയോഗിക്കുക എന്നതാണ് സ്ത്രീകള്‍ക്ക് ചെയ്യാനുള്ളത്. അവരുടെ കാര്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിക്കൊണ്ട് അത്തരം സന്ദര്‍ഭങ്ങളെ ഇവര്‍ അതിജീവിക്കുന്നു. അങ്ങനെ സ്ത്രീകള്‍ സൈക്കിളില്‍ സഞ്ചരിക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. സ്ത്രീകളുടെ ജോലികള്‍ ഉപയോഗപ്പെടുത്തി അവര്‍ക്ക് തുച്ഛമായ സാമ്പത്തിക വൈകാരിക വേതനം നല്‍കുന്ന ഒരു സമൂഹത്തില്‍ വേഗതയെ കൂട്ടുപിടിച്ച് സ്ത്രീകള്‍ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ചുറ്റിലും മാറ്റങ്ങള്‍ പ്രകടമാണ്. പുതുക്കോട്ടൈയില്‍ മുക്കിനു മുക്കില്‍ സൈക്കിള്‍ കടകള്‍ പ്രത്യക്ഷപ്പെട്ടു .അവ ഉടന്‍തന്നെ ഗ്രാമത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായി മാറി.

അപ്പോഴും ആണുങ്ങള്‍ തന്നെയാണ് സൈക്കിളിന്‍റെ ഉടമകള്‍. ലോണ്‍ വഴിയോ അല്ലാതെയോ ലഭ്യമായ സൈക്കിളുകളും സ്ത്രീകളുടെ ആവശ്യത്തിനു കിട്ടണമെങ്കില്‍ അത് അവയുടെ യഥാര്‍ത്ഥ അവകാശികളായ പുരുഷന്മാരുടെ സമയത്തിനെ അടിസ്ഥാനപ്പെടുത്തിത്തന്നെ വേണം, അവര്‍ക്ക് നേരത്തെ എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ സ്ത്രീകള്‍ അതിലും നേരത്തെ എഴുന്നേറ്റ് പണികളെല്ലാം തീര്‍ത്തുവച്ച് അവസരങ്ങള്‍ക്കായി കാത്തു നില്‍ക്കുകയും വേണം.

തുല്യത

സൈക്കിള്‍ ലഭ്യമാക്കുക എന്നതുപോലെതന്നെ ശ്രമകരമായ പരിപാടിയാണ് ഇവരുടെ വീട്ടിലെ പുരുഷന്മാരില്‍ നിന്ന് അനുമതി വാങ്ങുക എന്നത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ആണുങ്ങള്‍ ആയതിനാല്‍ സ്ത്രീകള്‍ അവരുടെ അനുമതിക്ക് വേണ്ടി കാത്തു നില്‍ക്കുകയും അങ്ങനെ പല കാര്യങ്ങളിലും വൈകുകയും ചെയ്യുന്നു. ചില പുരുഷന്മാര്‍ ഒരു പ്രശ്നമായി പറയുന്നത് സൈക്കിളില്‍നിന്നു വീണ് അവര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയുണ്ട് എന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴികെ പൊതുവെ ഗ്രാമങ്ങളില്‍ പുരുഷന്മാര്‍ തര്‍ക്കമില്ലാതെ അംഗീകരിച്ച ഒരു കാര്യമാണ്‌ സ്ത്രീകളുടെ സൈക്കിള്‍ പഠനം. പല ഗ്രാമങ്ങളിലും ആണ്‍കുട്ടികളോടൊപ്പം തന്നെ ഇപ്പോള്‍ പെണ്‍കുട്ടികളും പരിശീലനം നേടുന്നു.

സ്ത്രീകള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അവര്‍ക്ക് അനുയോജ്യമായ വിധത്തില്‍ ഡിസൈന്‍ ചെയ്യുക എന്നത് പല മേഖലയിലും ഇന്നും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരു ആവശ്യമാണ്. ഇവിടെ സ്ത്രീകള്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ള സൈക്കിളുകള്‍ ഉണ്ടായിരുന്നിട്ടും മിക്ക സ്ത്രീകളും ഉപയോഗിക്കുന്നത് പുരുഷന്മാരുടെ  സൈക്കിള്‍ തന്നെയാണ്. ഗ്രാമങ്ങളിലെ സൈക്കിള്‍ കടകളില്‍ അവ ലഭ്യമല്ല എന്നതാണ് അവര്‍ ഇതിനു കാരണമായി പറയുന്നത്.

സ്ത്രീകളുടെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും അതുപോലെ തന്നെ ഒരു സമൂഹത്തിന്റെ ഭാഗമെന്ന രീതിയില്‍ അവരുടെ ആത്മബോധത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സൈക്കിളിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍, കൂടെയുള്ളവരുടെ ഉപകാരത്തിനു വേണ്ടിയുള്ള സൌകര്യപ്രദമായ ഉപകരണമായി കണ്ടെങ്കിലും സ്ത്രീകള്‍ സ്വയം കണ്ടെത്തലിന്‍റെ പടികള്‍ കയറിപ്പോവാന്‍ അവരെ ഏറെ സഹായിച്ചിട്ടുള്ള ഒരു ഘടകം തന്നെയാണ് യാത്രയിലുള്ള അവരുടെ സ്വയംപര്യാപ്തത.


Sreejitha PVSreejitha PV |ശ്രീജിത പി വി
What we have lost from the unnamed, in our attempts to name things. Reclaiming feelings. Recovering madness:)


Cover Image Copyrights – Bernard Gagnon

Leave a Comment